| Wednesday, 1st July 2026, 10:33 am

ഉമര്‍ ഖാലിദിന്റെ തടവ് ജനാധിപത്യത്തിനേറ്റ കളങ്കം; ആരോപണങ്ങള്‍ ശരിയെങ്കില്‍ കോടതിയില്‍ തെളിയിക്കാത്തത് എന്തുകൊണ്ടെന്ന് ശശി തരൂര്‍

സിജൊ

ന്യൂദല്‍ഹി: ഉമര്‍ ഖാലിദിന്റെ തടവ് നമ്മുടെ ജനാധിപത്യത്തിന് മേലുള്ള കളങ്കമാണെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. വിചാരണ ലഭ്യമാക്കാതെ ഉമര്‍ ഖാലിദിനെ വര്‍ഷങ്ങളായി തടവിലിട്ടത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന നടപടിയാണെന്നും ശശി തരൂര്‍ പറഞ്ഞു. സമൂഹമാധ്യമമായ എക്‌സിലായിരുന്നു തരൂരിന്റെ പ്രതികരണം.

ഉമര്‍ ഖാലിദിനെതിരെ ചുമത്തിയ കുറ്റം ശരിയാണെങ്കില്‍ എന്തുകൊണ്ടാണ് അത് കോടതിയില്‍ തെളിയിക്കാത്തതെന്നും തരൂര്‍ ചോദിച്ചു. ന്യായമായ വിചാരണക്കുള്ള അവകാശം പോലും ഉമര്‍ ഖാലിദിന് നിഷേധിക്കുകയാണ്. എന്തുകൊണ്ടാണ് ഇത്തരം സാഹചര്യങ്ങളുണ്ടാവുന്നതെന്ന് അറിയാന്‍ ജനത്തിന് അവകാശമുണ്ടെന്നും തരൂര്‍ കുറിച്ചു.

‘തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദിനെ കുറിച്ചുള്ള ഈ ലേഖനം ഒരു ലളിതമായ ചോദ്യം ഉന്നയിക്കുന്നു. അദ്ദേഹം ഭീകരവാദത്തെ ശരിക്കും പ്രോത്സാഹിപ്പിച്ചിട്ടുണ്ടെങ്കില്‍ അതെന്താണ് കോടതിയില്‍ തെളിയിക്കാത്തത്. കുറ്റാരോപിതരായ ഏത് ഇന്ത്യക്കാര്‍ക്കും ലഭിക്കേണ്ടതായ അടിസ്ഥാന അവകാശമായ, ന്യായമായ വിചാരണക്കുള്ള അവകാശം പോലും അദ്ദേഹത്തിന് നിഷേധിക്കുന്നത് എന്തുകൊണ്ടാണ്,’ തരൂര്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

‘നിയമപരമായി തന്നെ പ്രതിരോധിക്കാന്‍ പോലും പറ്റാതെ ആറ് വര്‍ഷങ്ങള്‍ അഴിക്കുള്ളിലകപ്പെട്ട് ജീവിതം നശിക്കുന്നു. ഇത് നിയമ വ്യവസ്ഥയെ പരിഹസിക്കുന്ന അവസ്ഥയും നമ്മുടെ ജനാധിപത്യത്തിനേറ്റ കളങ്കവുമാണ്. ഇത് എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് അറിയാന്‍ ഇന്ത്യയിലെ ജനത്തിന് അവകാശമുണ്ട്,’ എക്‌സ് പോസ്റ്റില്‍ പറയുന്നു.

ഉമര്‍ ഖാലിദിനോട് അഭിമുഖം നടത്തി ദ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച അഭിമുഖവും ഈ പോസ്റ്റിനൊപ്പം ശശി തരൂര്‍ പങ്കുവച്ചിട്ടുണ്ട്. ഏഴ് വര്‍ഷത്തിലധികമായി തുടരുന്ന വിചാരണ തടവിനിടയിലെ ഉമര്‍ ഖാലിദിന്റെ ആദ്യ അഭിമുഖമാണിത്. ഗാര്‍ഡിയന്റെ ദക്ഷിണേഷ്യന്‍ കറസ്പോണ്ടന്റായ ഹന്ന എലിസ് പീറ്റേഴ്സനാണ് ദല്‍ഹി തിഹാര്‍ ജയിലിലെത്തി ഉമര്‍ ഖാലിദുമായി അഭിമുഖം നടത്തിയത്.

പൗരത്വ സമര സമയത്തെ കേസുകളില്‍ 2020 മുതല്‍ തടവില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്. മനുഷ്യപദവി ഒരു പ്രിവിലേജ് ആണെന്നും അത് തന്നെപ്പോലെയുള്ള മനുഷ്യര്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഉമര്‍ ഖാലിദ് അഭിമുഖത്തില്‍ പറയുന്നു.

‘ജയിലില്‍ നിങ്ങളുടെ ഒപ്പം ഭക്ഷണം കഴിക്കുന്ന സഹ തടവുകാരില്‍ നിന്ന് തന്നെ നിങ്ങളെക്കുറിച്ചുള്ള പിറുപിറുക്കലുകള്‍ കേള്‍ക്കാനാവും. നിങ്ങളെ പിറകില്‍ നിന്ന് ഭീകരവാദിയെന്ന് വിളിക്കും. പ്രൊപ്പഗണ്ടകള്‍ കാരണം ജനങ്ങളുടെ കണ്ണുകളില്‍ എന്നെ മനുഷ്യനല്ലാതെ (ഡി ഹ്യൂമനൈസ്ഡ്) കാണാന്‍ തുടങ്ങി. മനുഷ്യപദവി ഒരു പ്രിവിലേജ് ആണ്. അത് എന്നെപ്പോലെയുള്ള മനുഷ്യര്‍ക്ക് നല്‍കിയിട്ടില്ല.’ ഉമര്‍ ഖാലിദിന്റെ അഭിമുഖത്തില്‍ പറയുന്നു.

Content Highlight: Tharoor says Umar Khalid’s six years in jail without trial ‘a blot in democracy and  travesty of justice’, shares his interview

സിജൊ

We use cookies to give you the best possible experience. Learn more