ന്യൂദല്‍ഹി: രാഷ്ട്രപതി ഭവനില്‍ രാജാഗോപാലാചാരിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.
തന്റെ വിദ്യാര്‍ത്ഥി കാലത്ത് രാജഗോപാലാചാരിയുടെ സ്വതന്ത്ര പാര്‍ട്ടിയെ താന്‍ ശക്തമായി പിുന്തുണച്ചിരുന്നുവെന്നും തരൂര്‍ പറഞ്ഞു.
‘രാഷ്ട്രപതി ഭവനില്‍ ഒരു പ്രതിമ സ്ഥാപിച്ച് രാജാജിയെ ആദരിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറുന്നതിന് മുമ്പ്, ഇന്ത്യയുടെ ഏക ഗവര്‍ണര്‍ ജനറല്‍ എന്ന നിലയില്‍ അവിടെ താമസമാക്കിയ ആദ്യത്തെ ഇന്ത്യക്കാരന്‍ അദ്ദേഹമായിരുന്നു.
തന്റെ സ്ഥാനം അദ്ദേഹം പുതിയ പ്രസിഡന്റിന് വിട്ട് കൊടുക്കുകയായിരുന്നു,’ തരൂര്‍ പറഞ്ഞു. എക്‌സിലൂടെയായിരുന്നു പ്രതികരണം.
രാജാജിയുടെ ലിബറല്‍ സാമ്പത്തിക നയങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും താന്‍ എന്നും ആരാധിച്ചിരുന്നുവെന്നും തരൂര്‍ പറഞ്ഞു.
ഇന്ത്യന്‍ നാഗരികതയിലും മത വിശ്വാസത്തിലും ഉറച്ച് നിന്നപ്പോഴും വര്‍ഗീയതയില്ലാത്ത രാഷ്ട്രീയ നിലപാടുകളായിരുന്നു രാജാജിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ പിന്തുടരാന്‍ കുറച്ച് പേര്‍ മാത്രമേ അവശേഷിക്കുന്നുള്ളു എന്നത് ദുഖകരമാണെന്നും തരൂര്‍ പറഞ്ഞു.
തിങ്കളാഴ്ച്ച രാവിലെയാണ് രാഷ്ട്രപതി ഭവനിലെ വാസ്തു ശില്പിയായ എഡ്വിന്‍ ലൂട്ട്യന്‍സിന്റെ പ്രതിമക്ക് പകരം രാജഗോപാല്‍ ആചാരിയുടെ പ്രതിമ സ്ഥാപിച്ചത്. രാഷ്ട്രപതി ദൗര്‍പതി മുര്‍മുവാണ് അനാച്ഛാദനം നിര്‍വഹിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. ബ്രിട്ടീഷ് പ്രതിമകള്‍ മാറ്റി രാജ്യത്തെ മഹാന്മാരുടെ പ്രതിമകള്‍ സ്ഥാപിക്കുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം.
ല്യൂട്ടന്‍സിന്റെ പ്രതിമയ്ക്കു പകരം രാജാഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചത് മാനസികമായ കോളനിവത്കരണത്തില്‍ നിന്നുള്ള മോചനമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
‘ നമ്മുടെ രാജ്യത്തിന്റെ വിധി രൂപപ്പെടുത്തിയവരെ ആദരിക്കാനും കൊളോണിയല്‍ മാനസികാവസ്ഥയുടെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കാനുമുളള ഇന്ത്യയുടെ ദൃഢ നിശ്ചയത്തെ പ്രതിഫലിപ്പിക്കുന്ന ഒരു അഭിനന്ദനീയമായ ശ്രമം,’ പ്രധാനമന്ത്രി നരേന്ദ്ര മേദി പറഞ്ഞു.
Content Highlight: Tharoor again praises the Centre; reacts to the unveiling of Rajagopalachari’s statue at Rashtrapati Bhavan