| Wednesday, 12th August 2026, 1:21 pm

ഇത് ജെയ്‌സണിന്റെ മാതാ ജെറ്റല്ലേ, ഇനി തണ്ണീര്‍ മത്തന്‍ യൂണിവേഴ്‌സാണോ? ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ഹിഡന്‍ ഡീറ്റെയില്‍ ചര്‍ച്ച

അമര്‍നാഥ് എം.

ഓണം റിലീസുകളില്‍ പലരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഏറെക്കാലത്തിന് ശേഷം റോം കോം ഴോണറിലേക്ക് നിവിന്‍ തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

അങ്കമാലിയിലെ സാധാരണ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ജസ്റ്റിന്‍ എന്ന കഥാപാത്രമായി നിവിന്‍ പോളിയെത്തുമ്പോള്‍ ആഷ്‌ലി എന്ന കഥാപാത്രത്തെയാണ് മമിത അവതരിപ്പിക്കുന്നത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനം കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

‘ഇല്ലേയില്ല’ എന്ന് പേരിട്ട ഗാനം ചിത്രത്തിലെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന ഒന്നായിരുന്നു. കഥാപാത്രങ്ങളെക്കുറിച്ച് ഏകദേശ ധാരണ നല്‍കാന്‍ ഈയൊരു ഗാനം സഹായിക്കുന്നുണ്ട്. കാറ്ററിങ് കമ്പനി നടത്തിപ്പുകാരനായിട്ടാണ് നിവിന്‍ പോളി ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ വേഷമിടുന്നത്. എന്നാല്‍ ഈ പാട്ടില്‍ അധികമാരും ശ്രദ്ധിക്കാത്ത ഒരു ഡീറ്റെയിലാണ് ഇപ്പോള്‍ ചര്‍ച്ചയായത്.

പാട്ടിലെ ഒരു സീനില്‍ മമിത സഞ്ചരിക്കുന്ന ബസ് ഒരു ഷോര്‍ട് ഫിലിം ഷൂട്ടിന് വേണ്ടി നിവിന്‍ പോളിയുടെ കഥാപാത്രം തടഞ്ഞുനിര്‍ത്തുന്ന ഷോട്ടുണ്ട്. ഈ ഷോട്ടില്‍ പലരും ശ്രദ്ധിച്ചത് ബസ്സിന്റെ പേരാണ്. മാതാ ജെറ്റ് എന്നാണ് ബസ്സിന്റെ പേര്. ഇതേ പേര് സംവിധായകന്‍ ഗിരീഷ് എ.ഡിയുടെ മറ്റൊരു സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്.

ഗിരീഷ് എ.ഡിയുടെ ആദ്യചിത്രമായ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ മാത്യു തോമസ് അവതരിപ്പിച്ച ജെയ്‌സണ്‍ എന്ന കഥാപാത്രം എപ്പോഴും ഹൈപ്പ് കൊടുക്കുന്ന ബസ്സാണ് മാതാ ജെറ്റ്. സിനിമയുടെ ക്ലൈമാക്‌സില്‍ പ്രധാന പങ്ക് വഹിക്കുന്നതും മാതാ ജെറ്റാണ്. ബെത്‌ലഹേം കുടുംബയൂണിറ്റില്‍ മാത്യു തോമസിന്റെ കാമിയോ ഉണ്ടാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

ഒരു സിനിമാറ്റിക് യൂണിവേഴ്‌സിന് ഗിരീഷ് എ.ഡി തുടക്കം കുറിക്കുകയാണോ എന്നും ചിലര്‍ ചോദിക്കുന്നു. ജൈസണല്ലെങ്കില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ വേറെ ഏതെങ്കിലും കഥാപാത്രം ഈ സിനിമയിലേക്ക് കടന്നുവരാന്‍ സാധ്യതയുണ്ടെന്നും പോസ്റ്റുകളുണ്ട്. ഈ ഓണത്തിന് എല്ലാവരുടെയും മനസ് നിറക്കാന്‍ ജസ്റ്റിനും കൂട്ടുകാര്‍ക്കും സാധിക്കുമെന്നാണ് പ്രതീക്ഷ.

Content Highlight: Thanneermathan Dinangal and Bethelehem Kudumba Unit movie similarities discussing in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more