| Thursday, 5th June 2025, 9:09 am

താമരശ്ശേരി ഷഹബാസ് വധക്കേസ്; റിമാന്റിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം നല്‍കരുതെന്ന് യൂത്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസില്‍ റിമാന്റിലിരിക്കുന്ന വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ പ്രവേശിക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ്. പ്ലസ് വണ്‍ പ്രവേശനത്തിന് സൗകര്യമൊരുക്കണമെന്നും പ്രവേശനം നേടണമെന്നടക്കമുള്ള ഹൈക്കോടതി നിര്‍ദേശം വന്നതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ നടപടി.

വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കരുതെന്നാവശ്യപ്പെട്ട് താമരശ്ശേരി ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സപ്പലിന് യൂത്ത് കോണ്‍ഗ്രസ് കത്ത് നല്‍കിയതായാണ് വിവരം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ പേരിലാണ് കത്ത് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം നല്‍കുന്നത് സല്‍പേരിന് കളങ്കമുണ്ടാക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയാലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദിത്തം പ്രിന്‍സിപ്പലിനായിരിക്കുമെന്നും വിദ്യാര്‍ത്ഥികളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് അവര്‍ ചെയ്ത കൊലപാതകവുമായി ബന്ധപ്പെട്ടതാണെന്നും കത്തില്‍ പറയുന്നുണ്ട്.

ഇന്നലെയാണ് ഹൈക്കോടതി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം നല്‍കണമെന്ന് ഉത്തരവിട്ടത്.
കോഴിക്കോട് ഒബ്സര്‍വേഷന്‍ ഹോം സൂപ്രണ്ടിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ജുവനൈല്‍ ഹോമിലായതിനാല്‍ സ്‌കൂള്‍ പ്രവേശനത്തിനോ മറ്റ് നടപടികള്‍ സ്വീകരിക്കുന്നതിനോ കഴിയുന്നില്ലെന്ന് കാണിച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹരജിയിലാണ് കോടതി നിരീക്ഷിച്ചത്.

അലോട്ടമെന്റ് നടപടികള്‍ സ്വീകരിക്കണമെന്നും പ്രവേശന നടപടികള്‍ക്ക് കുട്ടികള്‍ സ്‌കൂളില്‍ പോവണമെങ്കില്‍ അതില്‍ സംരക്ഷണമൊരുക്കണമെന്നും ജുവനൈല്‍ ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

നേരത്തെ വിദ്യാര്‍ത്ഥികളുടെ റിസള്‍ട്ട് പുറത്ത് വിടുന്നതിനുള്‍പ്പെടെ വിമര്‍ശനമുണ്ടായിരുന്നു. പിന്നാലെ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടാണ് റിസള്‍ട്ട് പ്രഖ്യാപിച്ചത്. ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി ഫലം മെയ് 18ന് മുമ്പ് പ്രഖ്യാപിക്കണമെന്നാണ് ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്.

താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് വിദ്യാര്‍ത്ഥി മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥി താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. എളേറ്റില്‍ വട്ടോളി എം. ജെ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. പിന്നാലെ ആറ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Content Highlight: Thamarassery Shahabas murder case; Youth Congress says students on remand should not be given admission to Plus One

We use cookies to give you the best possible experience. Learn more