| Saturday, 17th May 2025, 1:54 pm

താമരശ്ശേരി ഷഹബാസ് വധക്കേസ്; റിമാന്റിലിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിക്കണം: ബാലാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥി മര്‍ദനത്തിനിരയായി മരണപ്പെട്ട കേസില്‍ റിമാന്റിലിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി ഫലം പുറത്തുവിടണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്.

കേസുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്ന ആറ് വിദ്യാര്‍ത്ഥികളുടെയും ഫലം തടഞ്ഞ് വച്ചതിന് പിന്നാലെയാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി ഫലം മെയ് 18ന് മുമ്പ് പ്രഖ്യാപിക്കണമെന്നാണ് ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നത്.

ഫലം പ്രഖ്യാപിക്കുന്നത് കേസിനെ ബാധിക്കാത്തതിനാലും പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികളെ സമ്മതിച്ചനാലും ആ വിദ്യാര്‍ത്ഥികളുടെ ഫലം പ്രഖ്യാപിക്കണമെന്നാണ് കമ്മീഷന്‍ ചെയര്‍മാന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞത്.

ഇത്തരത്തില്‍ സി.സി.എല്‍ ആയിട്ടുള്ള നിരവധി കുട്ടികള്‍ സംസ്ഥാനത്തെ വിവിധ ജുവനൈല്‍ ഹോമുകളിലായി ഉണ്ടെന്നും അവരുടെയെല്ലാം റിസള്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ ഈ കുട്ടികളുടേത് മാത്രം പ്രഖ്യാപിക്കാതിരിക്കുന്നത് ശരിയായ രീതിയല്ലെന്നും കമ്മീഷന്‍ പറയുന്നു.

താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് വിദ്യാര്‍ത്ഥി മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥി താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. എളേറ്റില്‍ വട്ടോളി എം. ജെ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. പിന്നാലെ ആറ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Content Highlight: Thamarassery Shahabas murder case; SSLC results of students on remand should be declared: Child Rights Commission

We use cookies to give you the best possible experience. Learn more