| Wednesday, 11th June 2025, 10:36 am

താമരശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: താമരശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. ഹൈക്കോടതിയാണ് ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചത്.

ഉപാധികളോടെയാണ് ഹൈക്കോടതിയുടെ ജാമ്യം. വിദ്യാര്‍ത്ഥികള്‍ നൂറ് ദിവസമായി ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതോടെ ആറ് വിദ്യാര്‍ത്ഥികളേയും ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്ന് വിട്ടയക്കും.

അന്വേഷണവുമായി സഹകരിക്കുമെന്ന് രക്ഷകര്‍ത്താക്കള്‍ സത്യവാങ്മൂലം നല്‍കണം, അമ്പതിനായിരം രൂപയുടെ ബോണ്ട് ഓരോ വിദ്യാര്‍ത്ഥികളും സമര്‍പ്പിക്കണം, സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, കേസുമായി ബന്ധപ്പെട്ട സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിങ്ങനെയുള്ള ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചത്.

ഇതിന് മുമ്പും വിദ്യാര്‍ത്ഥികള്‍ ജാമ്യാപേക്ഷയുമായി കോടതി സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ക്രമസമാധാന പ്രശ്‌നവും ജീവന് ഭീഷണിയാണെന്ന കാരണവും ചൂണ്ടിക്കാട്ടി കോടതി ജാമ്യ ഹരജി നിരസിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ ഷഹബാസിനെ മൃഗീയമായാണ് അക്രമിച്ചതെന്നും പൊതുസ്ഥലത്ത് അക്രമമുണ്ടാക്കിയെന്ന പ്രൊസിക്യൂഷന്റെ വാദവും ശരിവെച്ചാണ് കോടതി ജാമ്യ ഹരജി നിരസിച്ചത്.

പത്താം ക്ലാസ് ഫലം തടഞ്ഞ് വെച്ചതിനെതിരേയും പ്ലസ് വണ്‍ പ്രവേശനത്തിനായും കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന് ഇവരുടെ പരീക്ഷ ഫലം പ്രസിദ്ധീകരിക്കാന്‍ കോടതി ഉത്തരവിടുകയും പ്ലസ് വണ്‍ പ്രവേശനത്തിനായി സ്‌കൂളുകളില്‍ എത്തിച്ചേരുന്നതിനുള്ള സുരക്ഷ ഉറപ്പ് നല്‍കാനും പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

Content Highlight: Thamarassery Shahabas murder case; Accused students granted bail

Latest Stories

We use cookies to give you the best possible experience. Learn more