| Sunday, 23rd November 2025, 3:12 pm

Interview: ഇടതുപക്ഷ സർക്കാരിനുള്ള അംഗീകാരം ആയിരിക്കും എന്റെ വിജയം: സയ്യിദ് മുഹമ്മദ്‌ സാദിഖ്

ഫഹീം ബറാമി

ഫഹീം ബറാമി: വാര്‍ഡ് വിഭജനത്തിന് ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ എത്രത്തോളം പ്രതീക്ഷകളാണ് ഇടതുപക്ഷത്തിനുള്ളത്?

സയ്യിദ് മുഹമ്മദ് സാദിഖ്: കഴിഞ്ഞ കാലയളവില്‍ മടവൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്റെയും കട്ടിപ്പാറ ജില്ലാ പഞ്ചായത്ത് ഡിവിഷന്റെയും ഭാഗമായിരുന്ന പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് താമരശ്ശേരി പുതിയ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ നിലവില്‍ വന്നിട്ടുള്ളത്. ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വന്‍ വിജയ പ്രതീക്ഷയോടുകൂടിയാണ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി ബാലസംഘം രംഗത്തും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചുമതലയിലും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന ആള്‍ എന്ന നിലയില്‍ താമരശ്ശേരിയിലെ ജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തനം ഗുണകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ ഭരണനേട്ടവും താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെ ഈ ഡിവിഷനില്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെ വികസന മുരടിപ്പിനെതിരായ ജനങ്ങളുടെ പ്രതിഷേധവും വോട്ടായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഫഹീം ബറാമി: ക്യാമ്പസ് രാഷ്ട്രീയത്തില്‍ സജീവമായി പങ്കെടുത്ത ആളാണ് താങ്കള്‍. ക്യാമ്പസില്‍ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് തോന്നുന്നത്?

സയ്യിദ് മുഹമ്മദ് സാദിഖ്: സ്‌കൂള്‍ കാലഘട്ടം മുതല്‍ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. എസ്.എഫ്.ഐയുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാല അക്കാഡമിക് കൗണ്‍സില്‍ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ ക്യാമ്പസില്‍ നിന്ന് വേറിട്ട അന്തരീക്ഷമാണെങ്കിലും, ക്യാമ്പസുകള്‍ സമൂഹത്തിന്റെ ഒരു മിനിയേച്ചര്‍ എന്ന നിലക്ക് ക്യാമ്പസില്‍ നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളേക്കാള്‍ സങ്കീര്‍ണമായ അനേകം പ്രശ്‌നങ്ങള്‍ ജനകീയമായി അഭിമുഖീകരിക്കേണ്ടതുണ്ട്.

അത്തരം പ്രശ്‌നങ്ങള്‍ മനസിലാക്കുക, ജനങ്ങളുടെ പക്ഷത്ത് നിന്ന് നിലപാടുകള്‍ സ്വീകരിക്കുക എന്നുള്ളത് വലിയ ഉത്തരവാദിത്തമായാണ് വരുന്നത്. ആ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും സാധാരണക്കാരായ ജനങ്ങള്‍ ജീവിക്കുന്ന മലയോര മേഖല എന്നുള്ള നിലക്ക് ഇവിടുത്തെ ജനങ്ങള്‍ നേരിടുന്ന വികസനപരമായ പ്രശ്‌നങ്ങള്‍ പ്രധാനമായും ചര്‍ച്ചയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാനും ജില്ലാ പഞ്ചായത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് ഭാവിയില്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും.

ഫഹീം ബറാമി: ഏറ്റവും പുതിയ തലമുറ എങ്ങനെയാണ് രാഷ്ട്രീയത്തെ നോക്കി കാണുന്നത്. തെരഞ്ഞെടുപ്പിനെ വലിയ പ്രതീക്ഷയോടെയും ആഘോഷത്തോടെയുമാണോ അവര്‍ വരവേല്‍ക്കുന്നത്?

സയ്യിദ് മുഹമ്മദ് സാദിഖ്: ഇതൊരു ജെന്‍സി കാലഘട്ടമാണ്. പുതിയ തലമുറ അരാഷ്ട്രീയമായ കാഴ്ചപ്പാടുകളോടെയാണ് പൊതുരാഷ്ട്രീയ മണ്ഡലത്തെ നോക്കിക്കാണുന്നത് എന്നുള്ള വിമര്‍ശനങ്ങളെല്ലാം നിലനില്‍ക്കുന്നുണ്ട്. എങ്കിലും പുതിയ തലമുറക്ക് ജനപ്രതിനിധികളെ സംബന്ധിച്ചും ഭരണസംവിധാനങ്ങളെ സംബന്ധിച്ചും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്.

അത് യുവത്വത്തിന്റെ പ്രസരിപ്പുള്ള അഴിമതി രഹിതമായ മതനിരപേക്ഷ പക്ഷത്ത് നിലയുറപ്പിക്കുന്ന ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെടണം എന്നുള്ളതാണ്. ആ പ്രതീക്ഷ ഏറ്റവും മികച്ച നിലയില്‍ നിറവേറ്റാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ട്.

ഫഹീം ബറാമി: 2010 മുതല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഇടതുപക്ഷമാണ് ഭരിക്കുന്നത്. അതില്‍ കഴിഞ്ഞ വര്‍ഷം കൂടുതല്‍ ഭൂരിപക്ഷം നേടാനും ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ട്. എത്രത്തോളം പ്രതീക്ഷയോടെയാണ് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്? നിയമസഭയ്ക്ക് മുന്നേയുള്ള സെമിഫൈനലായി ഈ തെരഞ്ഞെടുപ്പിനെ കാണാന്‍ പറ്റുമോ

സയ്യിദ് മുഹമ്മദ് സാദിഖ്: കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമിതിക്ക് നേതൃത്വം നല്‍കുന്നത്. ഇത്തവണയും വമ്പിച്ച ഭൂരിപക്ഷത്തോട് കൂടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരു സെമിഫൈനല്‍ ആണ്. ആ പോരാട്ടത്തില്‍ കേരളത്തിലുടനീളം ഇടതുപക്ഷ ജനാധിപത്യമുന്നണി നേരിടുന്ന ഗംഭീരമായ വിജയത്തില്‍ ആഹ്ലാദകരമായ ഒരു റിസള്‍ട്ട് കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫഹീം ബറാമി: വന്യജീവി ശല്യം വലിയ രീതിയില്‍ ബാധിക്കുന്ന പ്രദേശമാണ് താമരശ്ശേരി. ഒരു ജനപ്രതിനിധിയായാല്‍ ഇതിനെ എങ്ങനെ നേരിടണം എന്നാണ് താങ്കള്‍ കരുതുന്നത്?

സയ്യിദ് മുഹമ്മദ് സാദിഖ്: താമരശ്ശേരി ഡിവിഷന്‍ പരിധി ഉള്‍പ്പെടുന്ന കട്ടിപ്പാറ പഞ്ചായത്തിലെയും ഓമശ്ശേരി പഞ്ചായത്തിലെയും ചില ഭാഗങ്ങള്‍ വന്യജീവി ശല്യം നേരിടുന്ന മേഖലയാണ്. ഇത്തരം മേഖലകളില്‍ സോളാര്‍ ഫെന്‍സിങ്, ജൈവവേലി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് വന്യജീവികളെ കാട്ടില്‍ തന്നെ ജീവിക്കാന്‍ സാധ്യമാകുന്ന അന്തരീക്ഷം ഒരുക്കുകയും സാമൂഹ്യ ജീവിതത്തില്‍ സുരക്ഷിതമായ ഒരു ആവാസ വ്യവസ്ഥ ലഭ്യമാക്കുന്ന രൂപത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.

ഫഹീം ബറാമി: ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ചര്‍ച്ച ചെയ്യേണ്ട കാര്യം എന്താണെന്നാണ് കരുതുന്നത്?

സയ്യിദ് മുഹമ്മദ് സാദിഖ്: ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും പ്രധാനമായും ചര്‍ച്ചാവിഷയമായി മാറും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വികസനം, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകും.

അതോടൊപ്പം തന്നെ മുന്‍കാലങ്ങളില്‍ കട്ടിപ്പാറ ഡിവിഷനിലും മടവൂര്‍ ഡിവിഷനിലും ജനപ്രതിനിധികള്‍ ആയിരുന്ന യു.ഡി.എഫ് മെമ്പര്‍മാര്‍ ഈ പ്രദേശത്തോട് കാണിച്ച അവഗണനയും താമരശ്ശേരി ഓമശ്ശേരി കട്ടിപ്പാറ കിഴക്കോത്ത് പഞ്ചായത്തുകളിലെ യു.ഡി.എഫ് ഭരണസമിതിയുടെ വികസന മുരടിപ്പും ഇത്തവണ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാനാണ് ഉദ്ദേശിക്കുന്നത്.

Content Highlight: Thamarassery divison LDF Candidate Syed Muhammed Sadik talks about election

ഫഹീം ബറാമി

ഡൂള്‍ന്യൂസില്‍ വീഡിയോ ജേണലിസ്റ്റ്, ജാമിയ മില്ലിയ ഇസ് ലാമിയ യൂണിവേഴ്‌സ്റ്റിയില്‍ നിന്നും ജേണലിസത്തില്‍ പി.ജി.

We use cookies to give you the best possible experience. Learn more