| Monday, 17th November 2025, 9:34 am

സുന്ദര്‍ സിയ്ക്ക് പകരം ധനുഷോ ? 'തലൈവര്‍ 173' ധനുഷ് സംവിധാനം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘തലൈവര്‍ 173’ ധനുഷ് സംവിധാനം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സിനിമയിലെ അതികായരായ രജിനികാന്തും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രം സുന്ദര്‍ സി സംവിധാനം ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അനൗണ്‍സ് ചെയ്ത് നാല് ദിവസം പിന്നിട്ടപ്പോള്‍ അദ്ദേഹം പ്രൊജക്ടില്‍ നിന്ന് പിന്മാറുകയായിരുന്നു.

ഒഴിവാക്കാനാകാത്തതും അപ്രതീക്ഷിതവുമായ സാഹചര്യങ്ങള്‍ കാരണം തലൈവര്‍ 173ല്‍ നിന്ന് താന്‍ പിന്മാറുന്നു എന്നായിരുന്നു സുന്ദര്‍ സി അറിയിച്ചത്. ഔദ്യോഗിക ലെറ്റര്‍പാഡിലൂടെയാണ് സുന്ദര്‍ സി. ഈ വിവരം പുറത്തുവിട്ടത്. ഇതിന് പിന്നാലെ നടനും സിനിമയുടെ നിര്‍മാതാവുമായ കമല്‍ ഹാസന്‍ ചിത്രത്തിനായി മറ്റ് സംവിധായകരെ അന്വേഷിക്കുകയാണെന്ന് അറിയിച്ചിരുന്നു.

ഇപ്പോഴിതാ സിനിമ ധനുഷ് സംവിധാനം ചെയ്‌തേക്കുമെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ധനുഷ് സംവിധാനം ചെയ്‌തേക്കുമെന്ന വിവരം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കാല എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് രണ്ട് സ്‌ക്രിപ്റ്റുകള്‍ രജിനി ധനുഷിനോട് പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് നടക്കാതെ പോയി. ധനുഷ് ഒരു രജിനി ആരാധകന്‍ ആയതുകൊണ്ട് തന്നെ ഈ പ്രൊജക്ട് അദ്ദേഹത്തിന് നന്നായി ചെയ്യാന്‍ കഴിമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

അനൗണ്‍സ്മന്റെിന് ശേഷം പല സംവിധായകരുടെയും പേര് രജിനി- കമല്‍ പ്രൊജക്ടില്‍ ഉയര്‍ന്നു കേട്ടിരുന്നു. ലോകേഷ് കനകരാജിന്റെ പേരായിരുന്നു ഇതില്‍ മുന്‍പന്തിയില്‍. എന്നാല്‍ കൂലി പ്രതീക്ഷക്കൊത്ത് ഉയരാത്തത് തിരിച്ചടിയായി മാറി. നെല്‍സണ്‍, കാര്‍ത്തിക് സുബ്ബരാജ് എന്നിവരുടെ പേരും പ്രചരിച്ചെങ്കിലും ഏറ്റവുമൊടുവില്‍ സുന്ദര്‍ സിയ്ക്ക് നറുക്ക് വീഴുകയായിരുന്നു.

Content highlight: Thalaivar 173 may be directed by Dhanush, reports say

We use cookies to give you the best possible experience. Learn more