| Monday, 12th January 2026, 10:09 pm

രജിനി മുതല്‍ ധോണിക്ക് വരെ പക്കാ മാച്ച്, സോഷ്യല്‍ മീഡിയക്ക് തീയിട്ട് 19കാരന്‍ ഒരുക്കിയ ഗാനം

അമര്‍നാഥ് എം.

ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, എക്‌സ് തുടങ്ങി സകല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഒരു ചെറിയ ഗാനശകലമാണ്. പല മാസ് വീഡിയോയിലും ചേര്‍ത്തിരിക്കുന്നത് ഒരൊറ്റ പാട്ടാണ്. ‘തലൈവര്‍ കലവരം’ എന്ന ഗാനമാണ് ഇപ്പോള്‍ വൈറലായി മാറിയത്. രജിനികാന്തിനെ നായകനാക്കി കമല്‍ ഹാസന്‍ നിര്‍മിക്കുന്ന തലൈവര്‍ 173യുടെ അനൗണ്‍സ്‌മെന്റ് വീഡിയോയിലാണ് ഈ ഗാനമുള്ളത്.

സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ഈ പ്രൊജക്ടിന്റെ അനൗണ്‍സ്‌മെന്റ് സോങ് പലരും ഏറ്റെടുത്തു. രജിനികാന്ത്, സൂര്യ, വിജയ് തുടങ്ങി എം.എസ്. ധോണിക്ക് വരെ ഈ പാട്ട് മിക്‌സ് ചെയ്തുകൊണ്ടുള്ള വീഡിയോകള്‍ വൈറലായി മാറി. പലരും വിചാരിച്ചത് ഈ ഗാനത്തിന് ഈണമിട്ടത് അനിരുദ്ധാണെന്നായിരുന്നു.

തലൈവര്‍ 173 Photo: Reddit

എന്നാല്‍ അത് കമ്പോസ് ചെയ്തത് അനിരുദ്ധല്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 19 കാരനായ തേജസ് കൃഷ്ണയാണ് ഈ പാട്ട് കമ്പോസ് ചെയ്തിരിക്കുന്നത്. സന്തോഷ് നാരായണന്‍, അനിരുദ്ധ് എന്നിവരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച തേജസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. സൂര്യ നായകനായ റെട്രോയില്‍ താരത്തിന്റെ ഇന്‍ട്രോ ബി.ജി.എം ഒരുക്കിയത് തേജസായിരുന്നു.

19 വയസിനുള്ളില്‍ ഇത്രയും വലിയ റീച്ച് നേടിയ തേജസ് കൃഷ്ണ ഇന്‍ഡസ്ട്രിയെ ഇനിയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്. അനിരുദ്ധ്, സായ് അഭ്യങ്കര്‍ എന്നിവരെപ്പോലെ ചെറിയ പ്രായത്തില്‍ തന്നെ വലിയ റീച്ച് തേജസ് കൃഷ്ണ നേടിയെടുക്കുമെന്നാണ് കരുതുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വീഡിയോയില്‍ ധോണിക്ക് ഈ പാട്ട് നല്‍കിയ റീല്‍ വൈറലായിരിക്കുകയാണ്.

തേജസ് കൃഷ്ണ Photo: Filmy Enthusiast/ Facebook

ഡോണിന് ശേഷം സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവര്‍ 173. രജിനികാന്തിന്റെ ഇതുവരെ കാണാത്ത ഗംഭീര കഥാപാത്രമാകും ഇതെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ കാണിച്ച കത്രികകള്‍ സൂചിപ്പിക്കുന്നത് ഹോളിവുഡ് ചിത്രമായ ഔട്ട്ഫിറ്റിന്റെ റീമേക്കാകും തലൈവര്‍ 173 എന്നാണ്.

അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. തുടര്‍ച്ചയായി നാലാം വട്ടമാണ് രജിനി- അനിരുദ്ധ് കോമ്പോ ഒന്നിക്കുന്നത്. നിര്‍മാണത്തിന് പുറമെ കമല്‍ ഹാസനും ഈ പ്രൊജക്ടില്‍ അഭിനയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നും 2027 പൊങ്കലിന് തലൈവര്‍ 173 തിയേറ്ററിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

Content Highlight: Thalaivar 173 announcement song viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more