| Sunday, 27th July 2025, 8:47 am

തായ്‌ലന്റും കംബോഡിയായും വെടിനിർത്തൽ ചർച്ചകൾക്ക് തയാറെന്ന് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: തുടർച്ചയായ മൂന്നാം ദിവസവും തുടരുന്ന സംഘർഷത്തിനിടെയും വെടിനിർത്തൽ ചർച്ചകൾക്ക് തായ്‌ലന്റും കംബോഡിയയും തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റുമായും തായ്‌ലന്റിന്റെ ആക്ടിങ് പ്രധാനമന്ത്രി ഫുംതം വെച്ചായചായിയുമായും താൻ സംസാരിച്ചെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയയായ ട്രൗത്ത് സോഷ്യലിൽ കുറിച്ച്. ഇരു രാജ്യങ്ങളും സംഘർഷം തുടർന്നാൽ യു.എസുമായുള്ള വ്യാപാര കരാറുകൾക്കുള്ള സാധ്യതകൾ മങ്ങുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

‘ഇരു കക്ഷികളും ഉടനടി വെടിനിർത്തലും സമാധാനവും തേടുകയാണ്. അവർ ഉടൻ തന്നെ കൂടിക്കാഴ്ച നടത്താനും വേഗത്തിൽ വെടിനിർത്തൽ നടപ്പിലാക്കാനും ഒടുവിൽ സമാധാനം സ്ഥാപിക്കാനും സമ്മതിച്ചു. തായ്‌ലന്റിന്റെ ആക്ടിങ് പ്രധാനമന്ത്രിയുമായി ഞാൻ സംസാരിച്ചു, അത് വളരെ നല്ല സംഭാഷണമായിരുന്നു. കംബോഡിയയെപ്പോലെ തായ്‌ലന്റും ഉടനടി വെടിനിർത്തലും സമാധാനവും ആഗ്രഹിക്കുന്നു. ഞാൻ എനിക്ക് ലഭിച്ച ആ സന്ദേശം കംബോഡിയ പ്രധാനമന്ത്രിയെ അറിയിക്കാൻ പോവുകയാണ്,’ ട്രംപ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായി അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈ 24 ന് അതിർത്തിയിൽ ഒരു കുഴിബോംബ് സ്ഫോടനമുണ്ടാകുകയും അഞ്ച് തായ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ വീണ്ടും പൊട്ടിപ്പുറപ്പെടുകയായിരുന്നു.

പിന്നാലെ സംഘർഷം തീവ്രമായ ആക്രമണങ്ങളിലേക്ക് നീങ്ങുകയും കനത്ത പീരങ്കി, വ്യോമാക്രമണങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇതോടെ വെടിനിർത്തലിനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങൾ വർധിച്ചുവരികയാണ്.

ഇന്നലെ കംബോഡിയയുടെ അംബാസഡർ ഛിയ കിയോ ഐക്യരാഷ്ട്ര സഭയിൽ തന്റെ രാജ്യം ഒരു വെടിനിർത്തൽ ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞിരുന്നു. തർക്കത്തിന് തങ്ങൾ സമാധാനപരമായ പരിഹാരം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തായ്‌ലന്റ്-കംബോഡിയ സംഘർഷത്തിൽ ഇതുവരെ 32 പേർ കൊല്ലപ്പെട്ടു. തായ്‌ലാന്റുമായുള്ള സംഘർഷത്തിൽ 12 പേർ കൊല്ലപ്പെട്ടതായി കംബോഡിയൻ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തെ ആക്രമണങ്ങളിലായായി കുട്ടികൾ ഉൾപ്പെടെ 14 സാധാരണക്കാരും ആറ് സൈനികരും കൊല്ലപ്പെട്ടതായി തായ്‌ലന്റും റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് മരണ സംഖ്യ 32 ആയി ഉയർന്നത്.

തങ്ങളുടെ ഏഴ് സിവിലിയന്മാരും അഞ്ച് സൈനികരും മരിച്ചതായി കംബോഡിയൻ ദേശീയ പ്രതിരോധ മന്ത്രാലയ വക്താവ് മാലി സോച്ചീറ്റ സ്ഥിരീകരിച്ചു. കമ്പോഡിയൻ ആക്രമണങ്ങളിൽ 29 തായ് സൈനികർക്കും 30 സാധാരണക്കാർക്കും പരിക്കേറ്റു.

ഏകദേശം 20,000 ആളുകളെ ഒഴിപ്പിച്ചതായി കംബോഡിയയിലെ പ്രീ വിഹാർ പ്രവിശ്യയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കംബോഡിയൻ പത്രമായ ദി ഖെമർ ടൈംസ് പറഞ്ഞു. തായ്ലാന്റിന്റെ അതിർത്തി പ്രദേശങ്ങളിൽ നിന്ന് 1,38,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഒഴിപ്പിച്ചവർക്ക് താമസിക്കാൻ ഏകദേശം 300 കേന്ദ്രങ്ങൾ തുറന്നതായി തായ് ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച, കംബോഡിയയുടെ അതിർത്തിയിലുള്ള എട്ട് ജില്ലകളിൽ തായ്‌ലന്റ് പട്ടാള നിയമം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Content Highlight: Thailand, Cambodia have agreed to hold immediate ceasefire talks: Trump

We use cookies to give you the best possible experience. Learn more