മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വലിയ പ്രതിസന്ധിക്കാണ് തമിഴ് സിനിമ നിലവില്‍ സാക്ഷ്യം വഹിക്കുന്നത്. വിജയ്‌യുടെ അവസാന ചിത്രം ജനനായകന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ചതോടെ നൂറ് കോടിയില്‍ നിന്നും കളക്ഷന്‍ എണ്ണിതുടങ്ങേണ്ട ചിത്രമായിരുന്നു തമിഴകത്തിന് നഷ്ടപ്പെട്ടത്. മള്‍ട്ടിസ്റ്റാര്‍ കാസ്റ്റിങ്ങില്‍ ശിവകാര്‍ത്തികേയന്‍ കേന്ദ്രകഥാപാത്രമായ സുധാ കൊങ്കരയുടെ പരാശക്തി തിയേറ്ററുകളിലെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന് സാധിച്ചിരുന്നില്ല.
തായ്കിഴവി. Photo: The Hindu
തമിഴക തമ്പി തലൈമയില്‍, വിത്ത് ലൗ, തായ് കിഴവി, യൂത്ത് തുടങ്ങിയ ചിത്രങ്ങളാണ് തമിഴ്‌നാട് ബോക്‌സ് ഓഫീസിനെ പൂര്‍ണമായും കൈവിടാതെ അല്പമെങ്കിലും താങ്ങിനിര്‍ത്തിയിരുന്നത്. ഇതില്‍ തമിഴ്‌നാട്ടില്‍ നിന്നും 2026 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി രാധികയുടെ തായ്കിഴവിയും വേള്‍ഡ് ബോക്‌സ് ഓഫീസില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി ശിവകാര്‍ത്തികേയന്‍ നായകനായ പരാശക്തിയും മാരിയിരുന്നു. ഇരുചിത്രങ്ങളിലെയും ശിവകാര്‍ത്തികേയന്റെ സാന്നിധ്യമാണ് പ്രേക്ഷകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. പരാശക്തിയില്‍ നായകനായെത്തിയപ്പോള്‍ തായ്കിഴവിയുടെ നിര്‍മതാവായാണ് ശിവകാര്‍ത്തികേയന്‍ പ്രത്യക്ഷപ്പെട്ടത്.
ശിവകുമാര്‍ മുരുകേശന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത തായ്കിഴവി യാതൊരു ഹൈപ്പുമില്ലാതെയാണ് തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റിയിലൂടെ 75 കോടിയോളമാണ് തായ്കിഴവി ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ഹാസ്യത്തിനൊപ്പം സാമൂഹിക പ്രസക്തിയുള്ള ചിത്രം നിര്‍മിച്ചത് ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലായിരുന്നു.
പരാശക്തി. Photo: NDTV
ജനനായകന്‍ മാറ്റിവെച്ചിട്ടും ബോക്‌സ് ഓഫീസിലെ സാഹചര്യം മുതലാക്കാന്‍ സാധിക്കാതെ പോയ പരാശക്തി 84 കോടിയോളമായിരുന്നു തിയേറ്ററുകൡ നിന്നും സ്വന്തമാക്കിയിരുന്നത്. ഇതില്‍ 22 കോടിയും ചിത്രം വിദേശ മാര്‍ക്കറ്റില്‍ നിന്നും നേടിയതാണ്. പിരിയോഡിക് ഡ്രാമാ വിഭാഗത്തില്‍ പെടുന്ന ചിത്രം 1950 കളില്‍ തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥി നേതാവ് രാജേന്ദ്രന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ വിജയ് യുടെ ജനനായകന്‍ അടുത്തെങ്ങും റിലീസ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം പ്രദീപ് രംഗനാഥന്‍ നായകനാകുന്ന ലൗ ഇന്‍ഷുറന്‍സ് കമ്പനിയും സൂര്യയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കറുപ്പും ശിവകാര്‍ത്തികേയന്റെ റെക്കോഡിന് ഭീഷണിയുമായി രംഗത്തുണ്ട്.
Content Highlight: thai kizhavi and parasakthi become highest grosser in respective category