| Friday, 4th September 2026, 2:41 pm

ഉസ്താദുമാരെ, ഇനി ആണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയട്ടെ

താഹ മാടായി

എഴുപതുകളുടെ തുടക്കത്തിലാണ് ഈ സംഭവം നടക്കുന്നത്. നാട്ടിലെ ഒരു പള്ളിയില്‍ നടക്കുന്ന വഅള് (മതപ്രഭാഷണം) കേള്‍ക്കാന്‍ ഞങ്ങള്‍, അയല്‍ക്കാര്‍ കുറേ കൂട്ടുകാര്‍ ഒന്നിച്ചു പോയി.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യരായി, കുറെ തമാശകള്‍ ഒക്കെ പറഞ്ഞ്, ഓത്തുപ്പള്ളിപ്പാട്ടില്‍ പറഞ്ഞ നെല്ലിക്കയും പച്ചമാങ്ങയും ഒക്കെയും ഉപ്പും മുളകും കൂട്ടി വായിലിട്ട് കണ്ണിലും നാവിലും ഖല്‍ബിലും കോരിത്തരിപ്പിക്കുന്ന രസം നുകര്‍ന്ന്, ആ യാത്ര പള്ളീലെത്തും വരെ ഒന്നൊന്നര ആമോദത്തിലായിരുന്നു.

വഅള് നടക്കുന്ന പള്ളിയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമിടയില്‍ ആ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഗള്‍ഫ് സില്‍ക്ക് സാരി കൊണ്ട് ഒരു മറയുണ്ടാക്കിയിരുന്നു. എന്നോടൊപ്പം വന്ന ജമീലയും കുഞ്ഞാമിയും റംലത്തും കുഞ്ഞായിശുവും ഫായിസയുമൊക്കെ തിരശ്ശീലക്കപ്പുറം.

Photo: ChatGPT

വഅളിന് ഒടുവില്‍ നരകഭയത്തെക്കുറിച്ചുള്ള വിങ്ങിപ്പൊട്ടുന്ന ദുആക്ക് ശേഷം, ഞങ്ങള്‍, പൊതു റോഡിലൂടെ തുല്യരായി അവരവരുടെ പുരകളിലേക്ക് മടങ്ങി.

അപ്പോള്‍ കുഞ്ഞായിശു പറഞ്ഞു:

‘ഈ റോഡിലെപ്പോലെ എല്ലാര്‍ക്കും എളുപ്പം നടക്കാന്‍ കഴിയുന്ന ഒന്നായിരുന്നെങ്കില്‍ മതിയായിരുന്നു, സിറാത്തുല്‍ മുസ്തഖീം എന്ന പാലം’

അന്ന് ഞങ്ങളോടൊപ്പം വഅള് കേള്‍ക്കാന്‍ വന്ന അല്‍പം പ്രായക്കൂടുതല്‍ ഉള്ള ഹാജീറത്ത അതുകേട്ട പറഞ്ഞു: ‘ഇത് സര്‍ക്കാറിന്റെ റോഡല്ലേ, മക്കളേ. അത് പടച്ചോന്റെ പാലവും!’

കലീമാജിക്കാന്റെ ചായപ്പീടികയില്‍ ആണുങ്ങളും പെണ്ണുങ്ങളും ഒന്നിച്ച് ചായ കുടിക്കാന്‍ വരും. ബാലേട്ടന്‍ കൂട്ടിയ ചായ ഹാജറത്തായും കുടിക്കും, പള്ളിയിലെ ഖത്തീബും കുടിക്കും.

ഖത്തീബ് ചായ കുടിക്കാന്‍ വരുമ്പോള്‍ അല്‍പം അദബോടെ (ആദരവോടെ) ഹാജറത്ത തട്ടമൊന്ന് ഒരുമ്മത്തിയാക്കിയിടും എന്നല്ലാതെ, ഇരുന്നേടത്ത് നിന്ന് മാറി ഇരിക്കുകയൊന്നും ചെയ്യില്ല.

Photo: ChatGPT

ആണുങ്ങള്‍ക്ക് വേറെ സീറ്റ്, പെണ്ണുങ്ങള്‍ക്ക് വേറെ സീറ്റ്, ഇടയിലൊരു കര്‍ട്ടന്‍ അമ്മാതിരി വിഭജനരേഖകള്‍ ചായപ്പീടികയില്‍ ഇല്ല.

ഹാജറത്ത അന്ന് പറഞ്ഞ സര്‍ക്കാറിന്റെ റോഡ് / പടച്ചോന്റെ പാലം ഇത് വലിയൊരു ദൃഷ്ടാന്തമായി കുറേക്കാലം മനസ്സില്‍ നിന്നു.

ആ കാലത്ത് തന്നെ അമിതാഭ് ബച്ചന്റെ ഡോണ്‍ എന്ന സിനിമ പഴയങ്ങാടി പ്രതിഭാ ടാക്കീസില്‍ നിന്ന് മാറ്റിനി കണ്ട ഞാന്‍ അന്നു രാത്രി വഅളിന് പോകുമ്പോള്‍ കുഞ്ഞായിശയോട് സിനിമാക്കഥ മുഴുവന്‍ പറഞ്ഞു.

‘ആണായാ എന്താ രസം!’കുഞ്ഞായിശു ഇത്തിരി സങ്കടം കലര്‍ന്ന ശബ്ദത്തോടെ പറഞ്ഞു: ‘സിനിമയും കാണാം, വഅളും കേള്‍ക്കാം!’

പ്രതിഭാ ടാക്കീസില്‍ ക്യൂ നിന്ന് സിനിമാ ടിക്കറ്റ് എടുക്കണം, കുന്നത്തു പള്ളിയിലെ നീന്തല്‍ കുളത്തില്‍ ആണ്‍കുട്ടികളോടൊപ്പം നീന്തണം എന്നതൊക്കെ കുഞ്ഞായിശുവിന്റെ ആഗ്രഹമായിരുന്നു.

ആ കാലത്ത്, ഓലയമ്പാടിയില്‍ നിന്ന് വന്ന എന്റെ ബന്ധുക്കളായ രണ്ടു മൂന്ന് പെണ്‍കുട്ടികള്‍, അവര്‍ പുഴയില്‍ നിന്നാണ് കുളിക്കലും അലക്കലും എന്ന് പറഞ്ഞപ്പോ കുഞ്ഞായിശു നിഷ്‌കളങ്കമായി ചോദിച്ചു: ‘നിങ്ങള് ആണ്‍കുട്ടികളെപ്പോലെ നീന്തുമോ?’

നീന്തുമെന്ന് മാത്രമല്ല, കുളത്തില്‍ മലക്കം മറിച്ചില്‍ വരെ നടത്തും എന്ന് ആ മുസ്‌ലിം പെണ്‍കുട്ടികള്‍ പറഞ്ഞപ്പോള്‍, കുഞ്ഞായിശു അതേ നിഷ്‌കളങ്കതയോടെ ചോദിച്ചു: ‘അപ്പോ ആട പടച്ചോനില്ലേ?’

‘പടച്ചോനുണ്ടാക്കിയതല്ലേ പുഴ’ (പുയ എന്നല്ല പറഞ്ഞത്) ആ മുസ്‌ലിം പെണ്‍കുട്ടികള്‍ കുഞ്ഞായിശുവിനോട് പറയുകയും ചെയ്തു. അതിലുമുണ്ട് ഒരു ദൃഷ്ടാന്തം.

സത്യത്തില്‍, മലയാളികളുടെ ഇസ്‌ലാം എന്നു പറഞ്ഞാല്‍ തദ്ദേശീയമായ കലര്‍പ്പുകള്‍ കൂടി ചേര്‍ന്ന മനോഹരമായ ഇസ്‌ലാമാണ്.

എങ്ങനെയുള്ള ഇസ്‌ലാമാണ് അതെന്ന് പറയാന്‍ ചെറിയൊരു ഉദാഹരണം, സാഹിത്യത്തില്‍ നിന്നെടുക്കാം. വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആടില്‍, വീട്ടിനകത്തും പുറത്തും അലഞ്ഞു നടന്ന്, തന്റെ പുസ്തകങ്ങള്‍ പോലും തിന്നു തീര്‍ക്കുന്ന ആടിനെ കെട്ടിയിടണം എന്ന് ബഷീര്‍ പാത്തുമ്മയോട് പറയുന്നു.

Photo: Gemini

പാത്തുമ്മയുടെ മറുപടി ഇതാണ്: എന്റെ ആടുകളെ കെട്ടിയിടുന്നത് ആടുകള്‍ക്ക് ഇഷ്ടമല്ല, ഇക്കാ!

ആ മറുപടിയില്‍ ഒരു ദൃഷ്ടാന്തമുണ്ട്.

വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടവര്‍ സത്യത്തില്‍ ആണുങ്ങളാണ്. അതിലൊരു വിമോചന ആശയം ഉണ്ട്. രാവിലെ പാത്രം കഴുകുക, മുറ്റം അടിച്ചു വൃത്തിയാക്കുക, അലക്കാന്‍ സഹായിക്കുക ഇത്തരം കാര്യങ്ങള്‍ ആണുങ്ങള്‍ കൂടി ചെയ്യുമ്പോഴാണ് ജീവിതം കൂടുതല്‍ മനോഹരമാവുക.

അപ്പത്തരങ്ങളെമ്പാടും ചുട്ട് പുരുഷന്മാരെ പോറ്റി, ഊരവേദന കൊണ്ട് പൊറുതി മുട്ടുന്ന സ്ത്രീകള്‍ പുരുഷന്മാരെ ആദ്യം പഠിപ്പിക്കേണ്ടത് അപ്പത്തരങ്ങള്‍ ചുടാനാണ്. മതത്തേക്കാള്‍ കണ്ണൂരിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് ആശ്വാസം നല്‍കുന്നത്, ബേക്കറികളിലും സിറ്റി തെരുവുകളിലും കിട്ടുന്ന അപ്പത്തരങ്ങള്‍ ആണ്.

Photo: Gemini

അപ്പത്തരങ്ങള്‍ക്ക് ഒരു വിപണി മൂല്യം കണ്ടെത്തി എന്നത് വലിയൊരു ആശ്വാസമാണ്. സ്ത്രീകള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി കഴിയേണ്ടവരാണ് എന്ന് പുരോഹിതന്മാര്‍ പറയുമ്പോള്‍, ആണുങ്ങളുടെ ആവിഷ്‌കാരങ്ങള്‍ക്ക് വേണ്ടി ദാസ്യപ്പണി ചെയ്യേണ്ടവര്‍ എന്നു മാത്രമാണ് അതിനര്‍ഥം.

കേരളത്തിലെ മുസ്‌ലിം ജീവിതത്തെ മനോഹരമായി പുതുക്കിയും ഹൃദ്യമാക്കിയും മുന്നോട്ടു കൊണ്ടു പോകുന്നത് ആരാണ്? സ്ത്രീകള്‍. പ്രിയപ്പെട്ടവരെ സ്ത്രീകള്‍!

ഒന്ന്: അവര്‍ മനോഹരമായി ഡ്രൈവ് ചെയ്യുന്നു. ഉമ്മാമാനെയും ഉപ്പാപ്പാനെയും ആശുപത്രികളില്‍ ചെക്കപ്പിന് കൊണ്ടു പോകുന്നു. ബീച്ചില്‍ കാറ്റു കൊള്ളാന്‍ കൊണ്ടു പോകുന്നു. ദൂരെ നിന്ന് ട്രെയിനിറങ്ങി വരുന്ന മക്കളെ പാതിരാക്കും റെയില്‍വേ സ്‌റ്റേഷനില്‍ പോയി ആത്മവിശ്വാസത്തോടെ കൂടെ കൂട്ടി വരുന്നു.

Photo: ChatGPT

രണ്ട്: കുടുംബത്തോടൊപ്പം വിനോദ യാത്ര നടത്തുന്നു. ലോകവും പ്രകൃതിയും എത്ര മനോഹരമാണെന്ന് മനസ്സിലാക്കുന്നു. ദൈവം എത്ര മനോഹരമായിട്ടാണ് എല്ലാം പടച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നു.

ബഷീര്‍ എഴുതിയത് പോലെ നമുക്ക് സ്ത്രീധനം കിട്ടിയത് പോലെ പ്രകൃതിയെ ദുരുപയോഗം ചെയ്യരുത് എന്ന് ഓരോ യാത്രയും അവരെ ബോധിപ്പിക്കുന്നു.

Photo: ChatGPT

മൂന്ന്: പുരുഷന്മാരാണ് ഇനി വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടവര്‍. എന്തുകൊണ്ടെന്നാല്‍, അറുപതുകള്‍ തൊട്ട് കള്ളലോഞ്ചില്‍ ഗള്‍ഫിലും പല മാര്‍ഗ്ഗങ്ങളില്‍ വിദേശ രാജ്യങ്ങളിലും പോയി വിയര്‍പ്പൂറ്റി വിയര്‍പ്പൂറ്റി ഉണ്ടാക്കിയതാണ് ഈ മോഡല്‍ കേരളം. പരശുരാമന്‍ മഴു എറിഞ്ഞുണ്ടായതല്ല. ഗള്‍ഫില്‍ നിന്ന് എണ്ണപ്പണമെറിഞ്ഞുണ്ടായതാണ്.

കടലില്‍ പോയി മീന്‍ പിടിച്ചും, മാര്‍ക്കറ്റില്‍ പോയി ചുമടെടുത്തും ബസ്സ് ഓടിച്ചും അങ്ങനെ നാനാവിധം ജോലികള്‍ ചെയ്ത് തളര്‍ന്ന പുരുഷന്മാരും അവരുടെ പിന്തുടര്‍ച്ചക്കാരും ഇനി വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയട്ടെ. സ്ത്രീകള്‍ കുടുംബം പോറ്റിയും വീടെടുത്തും മക്കളെ പഠിപ്പിച്ചും ലോകത്തെ കൂടുതല്‍ മനോഹരമാക്കട്ടെ.

Content Highlight: Thaha Madayi writes about social freedom and independence of Muslim women in Kerala

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more