| Sunday, 29th November 2009, 8:26 am

നസീറിനെ ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ ത്വയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറെന്ന് കരുതുന്ന തടിയന്റവിടെ നസീറടക്കം രണ്ട് പേരെ ബംഗ്ലാദേശ് ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്. ഇവരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്യുകയാണെന്നാണ് സൂചന. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ നസീറിനെ കോമില്ലിയിലെ ബിബിര്‍ ബസാര്‍ കടക്കാന്‍ ശ്രമിക്കവെയാണ് അതിര്‍ത്തി സേന അറസ്റ്റുചെയ്തത്. നസീറിനൊപ്പം ഭാര്യാസഹോദരിയുടെ ഭര്‍ത്താവ് കണ്ണൂര്‍ തയ്യില്‍ ഷഫാസും അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം.

കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലു മലയാളികളെ റിക്രൂട്ട് ചെയ്തു പാക്കിസ്ഥാനിലേക്കു കടത്താന്‍ ശ്രമിച്ചതിനു ചുക്കാന്‍പിടിച്ചത് നസീറായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ബംഗ്ലദേശ് സുരക്ഷാവിഭാഗം അറസ്റ്റ് ചെയ്തിരുന്ന പ്രതികളെ അതിര്‍ത്തിയില്‍ എത്തിച്ച് ഇന്ത്യയിലേക്കു തള്ളിവിടുകയായിരുന്നുവെന്നും ഈ സമയത്തു ബി എസ് എഫ് ഇവരെ അറസ്റ്റ് ചെയ്ത് ഐ ബിക്കു കൈമാറിയെന്നും പറയുന്നുണ്ട്.. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയും ബംഗ്ലദേശും തമ്മില്‍ കരാറില്ലാത്തതിനാലാണ് ഇത്.

ബാംഗ്ലൂര്‍, ഹൈദരാബാദ് സ്‌ഫോടന കേസുകളിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന തടിയന്റവിട നസീര്‍ കളമശേരി ബസ് കത്തിക്കല്‍ കേസില്‍ ഒന്നാം പ്രതിയാണ്. ബാംഗ്ലൂര്‍ സ്‌ഫോടനത്തിലും എടക്കാട് പൊലീസ് റജിസ്റ്റര്‍ ചെയ്ത തീവ്രവാദ കേസിലും പ്രതിയായ ഷഫാസ്, നസീറിന്റെ സഹോദരീ ഭര്‍ത്താവാണ്.

Latest Stories

We use cookies to give you the best possible experience. Learn more