ന്യൂയോര്‍ക്ക്: ടെക്സാസിലെ മിന്നല്‍പ്രളയത്തില്‍ മരണം 50 ആയി ഉയര്‍ന്നു. കെര്‍ കൗണ്ടിയില്‍ 43 പേരും ബര്‍നെറ്റ് കൗണ്ടിയില്‍ മൂന്ന് പേരും ട്രാവിസ് കൗണ്ടിയില്‍ നാല് പേരുമാണ് മരണപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. ഇവരില്‍ 15 കുട്ടികളും ഉള്‍പ്പെടുന്നു.
മിന്നല്‍പ്രളയത്തെ തുടര്‍ന്ന് കെര്‍ കൗണ്ടിയില്‍ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. ഇതിനുപുറമെ മണിക്കൂറുകള്‍ പിന്നിട്ടിട്ടും സമ്മര്‍ ക്യാമ്പില്‍ നിന്ന് കാണാതായ 27 പെണ്‍കുട്ടികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാണാതായ 27 കുട്ടികളും 12 വയസിന് താഴെയുള്ളവരാണെന്ന് ടെക്‌സസ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡാന്‍ പാട്രിക് പറഞ്ഞു.
ഇവര്‍ക്ക് പുറമെ അമേരിക്കയുടെ സ്വാതന്ത്ര്യദിന വാരാന്ത്യത്തില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ നിരവധി ആളുകളെയും കാണാതായിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ടെക്സാസില്‍ നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകരെയാണ് വിന്യസിച്ചിരിക്കുന്നത്. ഏകദേശം 850ഓളം ആളുകളെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി.
ടെക്സാസില്‍ ഇപ്പോഴും വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലവിലുണ്ട്. കൂടാതെ രണ്ട് മുതല്‍ അഞ്ച് ഇഞ്ച് (5cm മുതല്‍ 12cm വരെ) മഴ ലഭിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ചില ദിവസങ്ങളില്‍ ഒരു മാസം പെയ്യേണ്ട മഴ ഒറ്റയടിക്ക് പെയ്തതായും അധികൃതര്‍ പറയുന്നു.
അതേസമയം ആദ്യഘട്ടത്തില്‍ മുന്നറിയിപ്പ് കൃത്യമായി നൽകാതിരുന്നതാണ് ഇത്രയും ആളുകളുടെ മരണത്തിന് കാരണമായതെന്ന് വിമര്‍ശനമുണ്ട്.
പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നുവെന്ന് പ്രാദേശിക ഭരണകൂടം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. ദുരന്തത്തെ തുടര്‍ന്ന് ടെക്സസിലെ സ്വാതന്ത്രദിന ആഘോഷപരിപാടി റദ്ദാക്കിയിരുന്നു.
വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് കരകയറാന്‍ ഫെഡറല്‍ സര്‍ക്കാര്‍ സംസ്ഥാന, തദ്ദേശ ഉദ്യോഗസ്ഥരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.
സാന്‍ അന്റോണിയോയില്‍ നിന്ന് ഏകദേശം 137 കിലോമീറ്റര്‍, വടക്കുപടിഞ്ഞാറായി ഗ്വാഡലൂപ്പ് നദിക്ക് ചുറ്റുമുള്ള പ്രദേശത്ത് വെള്ളം താഴ്ന്നതാണ് മിന്നല്‍ പ്രളയത്തിന് കാരണമായത്.
Content Highlight: Texas flash floods: Death toll rises to 50