| Saturday, 9th August 2025, 5:47 pm

'പട്ടാള'ത്തിലേക്ക് വിളിച്ചപ്പോള്‍ അമ്മ അധികം പിന്തുണച്ചില്ല: ടെസ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പട്ടാളം എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ടെസ ജോസഫ്. ചിത്രത്തില്‍ വിമല എന്ന കഥാപാത്രമായിട്ടാണ് ടെസ അഭിനയിച്ചത്. നടിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു പട്ടാളം. എന്നാല്‍ ഈ ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് ടെസ ഒരു വലിയ ഇടവേളയെടുത്തിരുന്നു. 2015ല്‍ ബാലചന്ദ്രമേനോന്റെ ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന സിനിമയിലൂടെയാണ് അവര്‍ വീണ്ടും സിനിമയിലേക്ക് വന്നത്.

ഇപ്പോള്‍ പട്ടാളം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ തന്റെ അമ്മ അധികം പിന്തുണച്ചിരുന്നില്ലെന്ന് ടെസ പറയുന്നു.

‘സിനിമാലോകത്തെക്കുറിച്ച് വലിയ അറിവില്ലാത്തതുകൊണ്ടുള്ള തെറ്റിദ്ധാരണകള്‍ ഒരുപാടായിരുന്നു. പെട്ടെന്ന് കല്യാണംകഴിപ്പിക്കണം എന്നായിരുന്നു അമ്മയ്ക്ക്. സിനിമയിലെത്തിയാല്‍ നല്ല ആലോചനകള്‍ വരില്ല, കല്യാണം നടക്കില്ല എന്നൊക്കെ ആശങ്കപ്പെട്ടിരുന്നു. അതുകൊണ്ട് തേടിയെത്തിയ അവസരങ്ങള്‍ വേണ്ടന്നുവച്ചു. ഉടനെ വിവാഹവും നടന്നു. ഭര്‍ത്താവ് അനില്‍ ജോസഫ്. പിന്നീട് കുടുംബത്തിനായി സമയം മാറ്റിവെച്ചു,’ ടെസ പറയുന്നു.

വിവാഹശേഷം താന്‍ ഒരു വര്‍ഷം ദല്‍ഹിയിലായിരുന്നുവെന്നും മകന്റെ ജനനശേഷം അബുദാബിയിലേക്ക് പോയെന്നും അവര്‍ പറയുന്നു. ഭര്‍ത്താവ് അവിടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണെന്നും കുടുംബത്തെ വിട്ട് ഇവിടെവന്ന് സിനിമയില്‍ അഭിനയിക്കുക അന്ന് ബുദ്ധിമുട്ടായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

പട്ടാളം

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, ബിജു മേനോന്‍, ജ്യോതിര്‍മയി, ടെസ്സ, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു പട്ടാളം. മൂവീക്ഷേത്രയുടെ ബാനറില്‍ സുബൈര്‍, സുധീഷ് എന്നിവര്‍ നിര്‍മിച്ച ഈ ചിത്രം വിതരണം ചെയ്തത് കലാസംഗം കാസ്, വര്‍ണ്ണചിത്ര റിലീസ് എന്നിവരാണ്.

content Highlight: Tessa Joseph My mother wasn’t very supportive when I was called up to the movie pattalam  Tessa Joseph

We use cookies to give you the best possible experience. Learn more