| Wednesday, 7th May 2025, 3:04 pm

തീവ്രവാദികൾ ഞങ്ങളുടെ സിന്ദൂരം തുടച്ചുമാറ്റി, ഇന്ന് ഇന്ത്യൻ സൈന്യം അവരുടെ താവളം തകർത്തു: പ്രതികരിച്ച് പഹൽഗാം ഇരകൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ പ്രതികരിച്ച് പഹൽഗാം ഭീകരാക്രമണ ഇരകൾ. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് ഇന്ത്യ നടത്തിയ ആക്രമണത്തിൽ ഒമ്പത് ഭീകര കേന്ദ്രങ്ങൾ സൈന്യം തകർത്തിരുന്നു.

സംഭവത്തിൽ പ്രതികരിക്കുകയാണ് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ ഒരാളായ സന്തോഷ് ജഗ്ദലെയുടെ ഭാര്യ. മെയ് ഏഴിന് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ കൊല്ലപ്പെട്ടവർക്ക് സമർപ്പിക്കുന്ന ആദരാഞ്ജലിയാണെന്ന് അവർ പറഞ്ഞു.

‘ഓപ്പറേഷൻ സിന്ദൂരിലൂടെ, പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ കഴിഞ്ഞു. ഓപ്പറേഷൻ സിന്ദൂർ നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാൻ നന്ദിയുള്ളവളാണ്. ഞങ്ങളുടെ വികാരങ്ങൾ മനസിലാക്കിയതിൽ ഞാൻ നന്ദിയുള്ളവളാണ്. തീവ്രവാദികൾ ഞങ്ങളുടെ സിന്ദൂരം തുടച്ചുനീക്കി, പക്ഷേ ഇന്ന് ഓപ്പറേഷൻ സിന്ദൂരിന്റെ കീഴിൽ നമ്മുടെ സായുധ സേന പാകിസ്ഥാനിലെ തീവ്രവാദികളുടെ താവളങ്ങൾ നശിപ്പിച്ചതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു,’ അവർ പറഞ്ഞു.

പഹൽഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യ പ്രതികാരം ചെയ്യുമെന്ന് തങ്ങൾക്കറിയാമായിരുന്നെന്നും അവർ പറഞ്ഞു. ഭീകരാക്രമണം നടന്ന് 15 ദിവസത്തിനുള്ളിൽ ഇന്ത്യ പ്രതികരിച്ചുവെന്ന് ദമ്പതികളുടെ മകൾ അസാവരി ജഗ്ദലെ പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ പ്രതികാരം ചെയ്തതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റൊരു പൂനെ സ്വദേശിയായ കൗസ്തുഭ് ഗൺബോട്ടിന്റെ ഭാര്യ സംഗീത ഗൺബോട്ട് പറഞ്ഞു.

‘ഭീകരാക്രമണത്തിന് ഇന്ത്യ എപ്പോൾ പ്രതികാരം ചെയ്യുന്നത് കാണാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയായിരുന്നു. ഇന്ന്, ഓപ്പറേഷൻ സിന്ദൂരിലൂടെ പഹൽഗാമിലെ ഭീരുത്വം നിറഞ്ഞ ആക്രമണത്തിന് ഇന്ത്യൻ സായുധ സേന ഉചിതമായ മറുപടി നൽകി,’ അവർ പറഞ്ഞു.

പഹൽഗാം ആക്രമണത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട ഒഡീഷയിൽ നിന്നുള്ള പ്രിയദർശിനി ആചാര്യ പാകിസ്ഥാൻ ഭീകരർക്കെതിരെയുള്ള തിരിച്ചടിയിൽ സർക്കാരിന് നന്ദി പറഞ്ഞു. തീവ്രവാദികൾ ഇപ്പോൾ ഒരു മനുഷ്യജീവന്റെ മൂല്യം മിസൈലാക്കിയിട്ടുണ്ടാകുമെന്ന് പ്രിയദർശിനി പറഞ്ഞു.

‘ഇത്രയും ധീരമായ നടപടി സ്വീകരിച്ചതിന് ഞാൻ ആഹ്ലാദിക്കുന്നു. സർക്കാരിനോട് ഞാൻ നന്ദി പറയുന്നു. എന്റെ ഭർത്താവിന്റെ മൃതദേഹത്തിന് സമീപം വെച്ച് നടപടിയെടുക്കുമെന്ന് സൈനിക ഉദ്യോഗസ്ഥർ എനിക്ക് ഉറപ്പ് നൽകിയിരുന്നു. ഇന്ന് അത് സംഭവിച്ചു. ഒരു മനുഷ്യജീവന്റെ മൂല്യവും അത് എത്ര വിലപ്പെട്ടതാണെന്നും തീവ്രവാദികൾ ഇപ്പോൾ മനസിലാക്കിയിട്ടുണ്ടാകും,’ ബാലസോർ ജില്ലയിലെ ഇഷാനി ഗ്രാമത്തിലുള്ള തന്റെ വീട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പ്രിയദർശിനി പറഞ്ഞു.

ഒമ്പത് ഇടങ്ങളിലായി നടത്തിയ ആക്രമണത്തിൽ ഇന്ത്യ ലക്ഷ്യം വെച്ചത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ മാത്രമാണ്. വിവിധ സേനകളുടെ സംയുക്ത ഓപ്പറേഷനിലൂടെ കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ ഓപ്പറേഷൻ സിന്ദൂരിലൂടെയാണ് ഇന്ത്യ പാകിസ്ഥാന് മറുപടി നൽകിയത്.

ജെയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ ത്വയ്ബ ഭീകരകേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുമ്പുതന്നെ ശേഖരിച്ചിരുന്നു.

Content Highlight: Terrorists wiped out our sindoor; airstrikes fitting tribute to victims’

We use cookies to give you the best possible experience. Learn more