| Monday, 8th September 2025, 5:20 pm

ജെറുസലേമില്‍ ഭീകരാക്രമണം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ജെറുസലേമിലെ ഭീകരാക്രമണത്തില്‍ ആറ് മരണം. ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ജെറുസലേമിലെ യിഗല്‍ യാദിന്‍ സ്ട്രീറ്റിലെ റാമോട്ട് ജങ്ഷനിലാണ് ആക്രമണം നടന്നത്. പ്രാദേശിക സമയം രാവിലെ 10:13 ഓടെയായിരുന്നു അതിക്രമം.

ബസ്സില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളില്‍ രണ്ട് പേരെ പൊലീസ് കൊലപ്പെടുത്തി. രണ്ട് പേര്‍ക്കും 20 വയസ് പ്രായം തോന്നിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം.

ജെറുസലേമില്‍ ഉടനീളമായി സര്‍വീസ് നടത്തുന്ന ലൈന്‍ 62 ബസിലാണ് ആക്രമണം നടന്നത്. 20ഓളം പേരാണ് ബസ്സിലുണ്ടായിരുന്നത്.

നിലവില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് മരണപ്പെട്ട നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. യാക്കോവ് പിന്റോ (25), റബ്ബി ലെവി യിത്സാക് പാഷ്, ഇസ്രായേല്‍ മെന്റ്‌സര്‍ (28), യോസെഫ് ഡേവിഡ് (43) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ 50 വയസ് പ്രായമുള്ള പുരുഷനാണ്. 50 വയസുള്ള ഒരു സ്ത്രീയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

ആക്രമണത്തിന് പിന്നാലെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറിനൊപ്പം സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. വേദനാജനകമായ അതിക്രമമാണ് ജെറുസലേമില്‍ നടന്നതെന്ന് ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പറഞ്ഞു.

2023 ജനുവരിയില്‍ ജെറുസലേമിലെ ഒരു സിനഗോഗിന് സമീപം നടന്ന ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷമുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് നടന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ആക്രമണത്തെ സ്വാഗതം ചെയ്ത് ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് പ്രതികരിച്ചു. ജെറുസലേമിലെ ആക്രമണത്തിന് പിന്നാലെ, ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യ ഉടന്‍ അവസാനിപ്പിക്കണമെന്നും പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്.

Content Highlight: Terrorist attack in Jerusalem; six dead

We use cookies to give you the best possible experience. Learn more