| Friday, 5th December 2014, 9:13 am

കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: ഏഴ് പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കശ്മീരില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികരും രണ്ടു പോലീസുകാരും രണ്ടു തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഉറി സെക്ടറിലെ ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ 3.30നാണ് തീവ്രവാദികള്‍ അക്രമണം നടത്തിയിരുന്നത്. മൂന്ന് പേരടങ്ങുന്ന തീവ്രവാദി സംഘം നുഴഞ്ഞു കയറുകയും സൈനിക ക്യാമ്പിനു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ശക്തമായ തിരിച്ചടിയില്‍ രണ്ടു തീവ്രവാദികളെയും സൈന്യം വധിച്ചു. കൂടുതല്‍ പേര്‍ ക്യാമ്പില്‍ ഒളിച്ചിരിപ്പുണ്ടോ എന്നതും സൈന്യം അന്വേഷിക്കുന്നുണ്ട്.

വെടിയൊച്ച കേട്ട് സൈനിക ക്യാമ്പിലെത്തിയ രണ്ട് പോലീസുകാരും വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ക്യാമ്പില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ശക്തമായ വെടിവെപ്പുണ്ടായി.

ഡിസംബര്‍ എട്ടിനു പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കയാണ് ആക്രമണം. ജമ്മു കശ്മീരില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിര്‍ത്തിയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും ആക്രമണവും വര്‍ധിച്ചിട്ടുണ്ട്. തീവ്രവാദികളുടെ നീക്കങ്ങള്‍ പലതവണ സൈന്യം പരാജയപ്പെടുത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more