| Wednesday, 28th January 2026, 9:50 pm

പി.എച്ച്.ഡിയെക്കുറിച്ച് വലിയ അറിവില്ലാത്തവര്‍ സിനിമയെടുക്കരുത്, ഒ.ടി.ടി റിലീസിന് പിന്നാലെ എയറിലായി ധനുഷിന്റെ തേരേ ഇഷ്‌ക് മേം

അമര്‍നാഥ് എം.

കഴിഞ്ഞവര്‍ഷം ബോളിവുഡിലെ വലിയ ഹിറ്റുകളിലൊന്നായിരുന്നു ധനുഷ് നായകനായ തേരേ ഇഷ്‌ക് മേം. ബോളിവുഡില്‍ ധനുഷിനെ പരിചയപ്പെടുത്തിയ ആനന്ദ് എല്‍. റായാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് തേരേ ഇഷ്‌ക് മേം. ബോക്‌സ് ഓഫീസില്‍ 150 കോടിയിലേറെ നേടിയ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു.

നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ടോക്‌സിക് കാമുകന്റെയും അയാളെ ന്യായീകരിക്കുന്ന കഥയുമാണ് ചിത്രത്തിന്റേതെന്ന് പലരും വിമര്‍ശിക്കുന്നുണ്ട്. 2025ലും ഇത്തരം കഥയുമായി വരാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് എങ്ങനെ സാധിക്കുന്നു എന്നാണ് ചോദ്യം.

അതിനെക്കാളേറെ ചര്‍ച്ചയായിരിക്കുന്നത് ചിത്രത്തിലെ ഒരു സ്‌ക്രീന്‍ഷോട്ടാണ്. കൃതി സനോന്‍ അവതരിപ്പിച്ച മുക്തി എന്ന കഥാപാത്രം തന്റെ പി.എച്ച്.ഡി തീസീസിനെക്കുറിച്ച് സംസാരിക്കുന്ന രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ് വൈറലായത്. 2200 പേജുള്ള തീസീസാണ് താന്‍ അവതരിപ്പിക്കുന്നത് എന്നാണ് മുക്തി പറയുന്നത്. ഈ ഡയലോഗിന്റെ സ്‌ക്രീന്‍ഷോട്ടിനെ കീറിമുറിക്കുകയാണ് സോഷ്യല്‍ മീഡിയ.

പി.എച്ച്.ഡിയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവര്‍ എഴുതിയ സ്‌ക്രിപ്റ്റാണ് ഈ ചിത്രത്തിന്റേതെന്നാണ് വിമര്‍ശനം. സാധാരണയായി 200 പേജ് മാത്രമാണ് തീസീസുണ്ടാവുകയെന്നും ഈ സീനില്‍ യാതൊരു ലോജിക്കുമില്ലെന്നും പലരും ചൂണ്ടിക്കാണിക്കുന്നു. ഇത്രയും അബദ്ധമുള്ള ഒരു സീന്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

ധനുഷിന്റെയും കൃതിയുടെയും കഥാപാത്രങ്ങള്‍ അങ്ങേയറ്റം ടോക്‌സിക്കാണെന്നും ഇരുവരെയും ന്യായീകരിച്ചുകൊണ്ടുള്ള രംഗങ്ങള്‍ അസഹനീയമാണെന്നും റിലീസ് സമയത്ത് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. 2025ലും ഇത്തരമൊരു കഥയെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ സംവിധായകന്‍ കാണിച്ച ധൈര്യത്തെയും ട്രോളുന്നുണ്ട്.

‘നോ’ അക്സപ്റ്റ് ചെയ്യാനാകാത്ത കലിപ്പന്‍ നായകന്‍ നായികയുടെ കല്യാണം മുടക്കുന്നതെല്ലാം എങ്ങനെ ചിത്രീകരിക്കാന്‍ തോന്നിയെന്ന് പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ധനുഷ്- ആനന്ദ് എല്‍. റായ് കോമ്പോയിലെ മുന്‍ ചിത്രം രാഞ്ചന സ്റ്റോക്കിങ്ങിനെ വെളുപ്പിക്കുകയാണെന്ന് ഈയിടെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ചിത്രത്തിലെ ഏറ്റവും വലിയ പോസിറ്റീവ് എ.ആര്‍. റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങളാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. കലിപ്പന്‍- കാന്താരി പ്രണയത്തിന് ഇപ്പോഴും ഡിമാന്‍ഡുണ്ടെന്ന ചിന്ത ഇനിയെങ്കിലും സംവിധായകന്‍ മാറ്റണമെന്നും കമന്റുകളുണ്ട്.

Content Highlight: Tere Ishk Mein movie getting trolls after OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more