| Tuesday, 2nd December 2025, 12:40 pm

കാലം മാറിയത് അറിയാത്ത ബോളിവുഡ്, ടോക്‌സിക് നായകന്റെ കരളലിയിപ്പിക്കുന്ന പ്രണയകഥയെന്ന് തേരേ ഇഷ്‌ക് മേമിന് ആക്ഷേപം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കലിപ്പനായ നായകനും അയാള്‍ പറയുന്നത് അനുസരിച്ച് ജീവിക്കുന്ന നായികയും എന്ന പഴഞ്ചന്‍ ഫോര്‍മുലയെ സിനിമാപ്രേമികള്‍ പുറങ്കാലുകൊണ്ട് ചവിട്ടിയെറിഞ്ഞിട്ട് കുറച്ചുകാലമായി. എന്നാലും കാലം മാറിയത് അറിയാതെ ഇതേ ഫോര്‍മുലയില്‍ ഇപ്പോഴും സിനിമകള്‍ പുറത്തിറങ്ങുന്നുണ്ട്. ആ ലിസ്റ്റിലെ അവസാന എന്‍ട്രിയാണ് ബോളിവുഡ് ചിത്രം തേരേ ഇഷ്‌ക് മേം എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.

ധനുഷിനെ നായകനാക്കി ആനന്ദ് എല്‍. റായ് സംവിധാനം ചെയ്ത ചിത്രം ടോക്‌സിക് റിലേഷന്‍ഷിപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നതാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. 2025ലും ഇത്തരമൊരു കഥയുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയ സംവിധായകന്റെ ധൈര്യത്തെക്കുറിച്ചും പലരും സംസാരിക്കുന്നു. ഈയടുത്ത് കണ്ട ഏറ്റവും മോശം കഥയെന്നാണ് ചിത്രത്തിന് നേരെയുള്ള പ്രധാന വിമര്‍ശനം.

വയലന്റായിട്ടുള്ള ഒരാളെ സ്‌നേഹത്തിലൂടെ നന്നാക്കാം എന്ന പ്രൊജക്ടിന്റെ ഭാഗമായി നായകനെ പരിചയപ്പെടുന്ന മുക്തി എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ദേഷ്യം അടക്കാനാകാത്ത ശേഖര്‍ എന്ന നായകകഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. സ്ത്രീകളുമായി ഇടപഴകാത്ത ശേഖറിന് മുക്തിയോട് പ്രണയം തോന്നുന്നതും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്.

‘നോ’ അക്‌സപ്റ്റ് ചെയ്യാനാകാത്ത കലിപ്പന്‍ നായകന്‍ നായികയുടെ കല്യാണം മുടക്കുന്നതെല്ലാം എങ്ങനെ ചിത്രീകരിക്കാന്‍ തോന്നിയെന്ന് പല ചോദ്യങ്ങളും ഉയരുന്നുണ്ട്. ധനുഷ്- ആനന്ദ് എല്‍. റായ് കോമ്പോയിലെ മുന്‍ ചിത്രം രാഞ്ചന സ്‌റ്റോക്കിങ്ങിനെ വെളുപ്പിക്കുകയാണെന്ന് ഈയിടെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

Tere Ishk Mein Photo: X.com

ഈയടുത്ത് കണ്ട ഏറ്റവും മോശം ക്യാരക്ടര്‍ പ്രസന്റേഷനാണ് തേരേ ഇഷ്‌ക് മേമിലേതെന്നും വിമര്‍ശനങ്ങളുണ്ട്. റിഗ്രസ്സീവായ കഥയാണെങ്കിലും മേക്കിങ് ഗംഭീരമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഛായാഗ്രഹണം, എഡിറ്റിങ്, സൗണ്ട് ഡിസൈന്‍ എന്നീ ടെക്‌നിക്കല്‍ മേഖലകളില്‍ ചിത്രം മുന്നിട്ടുനില്ക്കുന്നുണ്ടെന്നും അഭിപ്രായങ്ങളുണ്ട്.

എ.ആര്‍ റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങളാണ് സിനിമയെ കണ്ടിരിക്കാവുന്ന നിലയിലെത്തിച്ചതെന്നും അല്ലാത്ത പക്ഷം പരാജയമായേനെയെന്നുമാണ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കിടയിലും ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടിയിലധികം നേടിയെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

Content Highlight: Tere Ishk Mein getting criticism for glorifying Toxic masculinity

We use cookies to give you the best possible experience. Learn more