| Saturday, 29th November 2025, 12:52 pm

ഭാഷയൊരു പ്രശ്‌നമേയല്ല, ബോളിവുഡിലും ആദ്യദിനം 10 കോടിക്കുമുകളില്‍ കളക്ഷന്‍ നേടി ധനുഷ്, രജിനിക്ക് പോലുമില്ല ഈ നേട്ടം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് ഇന്‍ഡസ്ട്രിയുടെ സ്വന്തം പാന്‍ വേള്‍ഡ് താരമാണ് ധനുഷ്. കരിയറിന്റെ തുടക്കത്തില്‍ കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങളെ കാറ്റില്‍പറത്തിക്കൊണ്ട് കഴിവും കഠിനാധ്വാനവും കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ സ്വയം അടയാളപ്പെടുത്താന്‍ ധനുഷിന് സാധിച്ചു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തേരേ ഇഷ്‌ക് മേം കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തി.

മൂന്ന് വര്‍ഷത്തിന് ശേഷം ബോളിവുഡിലേക്ക് തിരിച്ചെത്തിയ ധനുഷിന് വന്‍ വരവേല്പാണ് ലഭിക്കുന്നത്. ആദ്യദിനം ചിത്രം ബോക്‌സ് ഓഫീസില്‍ ഗംഭീര മുന്നേറ്റമാണ് നടത്തിയത്. 16 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ധനുഷിന്റെ കരിയറിലെ ഏറ്റവുമുയര്‍ന്ന കളക്ഷനുകളിലൊന്നാണ് തേരേ ഇഷ്‌ക് മേം ആദ്യദിനം സ്വന്തമാക്കിയത്.

Tere Ishk Mein/ T Series X page

ഈ വര്‍ഷം മൂന്നാം തവണയാണ് ധനുഷ് ബോക്‌സ് ഓഫീസില്‍ 10 കോടിക്കുമുകളില്‍ ഫസ്റ്റ് ഡേ കളക്ഷന്‍ സ്വന്തമാക്കുന്നത്. മൂന്നും വെവ്വേറെ ഭാഷകളിലാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. തെലുങ്ക് ചിത്രം കുബേര (27 കോടി), തമിഴ് ചിത്രം ഇഡ്‌ലി കടൈ (14 കോടി) എന്നിവക്ക് ശേഷം തേരേ ഇഷ്‌ക് മേമിലൂടെ മൂന്നാമതും താരം ആദ്യദിന കളക്ഷനില്‍ ഡബിള്‍ ഡിജിറ്റ് തൊട്ടിരിക്കുകയാണ്.

തമിഴില്‍ മറ്റൊരു താരത്തിനും ഇതുവരെ ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കാനായില്ലെന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട കാര്യമാണ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒരുപോലെ ബോക്‌സ് ഓഫീസ് നേട്ടം കൊയ്യാന്‍ തനിക്ക് സാധിക്കുമെന്ന് ധനുഷ് തെളിയിച്ചിരിക്കുകയാണ്. 11 വര്‍ഷത്തിന് ശേഷമാണ് ധനുഷിന്റെ ഹിന്ദി ചിത്രം തിയേറ്ററുകളിലെത്തുന്നത് എന്ന കാര്യവും താരത്തിന്റെ റേഞ്ച് വ്യക്തമാക്കുന്നുണ്ട്.

രാഞ്ചന, അത്‌രംഗീ രേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ്- ആനന്ദ് എല്‍. റായ്- എ.ആര്‍. റഹ്‌മാന്‍ കൂട്ടുകെട്ട് ഒന്നിച്ച ചിത്രമാണ് തേരേ ഇഷ്‌ക് മേം. ബോളിവുഡ് താരം കൃതി സനോന്‍ നായികയായ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചെന്നാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ബോളിവുഡിലെ ടോപ് ടെന്‍ ഫസ്റ്റ് ഡേ കളക്ഷനില്‍ എട്ടാം സ്ഥാനത്താണ് തേരേ ഇഷ്‌ക് മേം.

ഛാവാ, വാര്‍ 2, സിക്കന്ദര്‍, തമ്മാ, പൗസ്ഫുള്‍ 5, സൈയാര, റെയ്ഡ് 2 എന്നീ സിനിമകള്‍ക്ക് പിന്നിലാണ് തേരേ ഇഷ്‌ക് മേമിന്റെ സ്ഥാനം. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന പ്രണയകഥയാണ ചിത്രത്തിന്റേത്. ഏറെക്കാലത്തിന് ശേഷം കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ ധനുഷ് പ്രത്യക്ഷപ്പെടുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

Content Highlight: Tere Ishk mein collected 15 crores on first day

We use cookies to give you the best possible experience. Learn more