| Monday, 4th August 2025, 7:24 am

ഓസ്ട്രേലിയയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്തത് പതിനായിരങ്ങൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിഡ്‌നി: ഗസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനും ക്ഷാമത്തിനുമെതിരെ പ്രതിക്ഷേധിച്ച് നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്തത് പതിനായിരങ്ങൾ. ഇന്നലെ (ഞായറാഴ്ച) യായിരുന്നു ‘മാർച്ച് ഫോർ ഹ്യൂമാനിറ്റി’ എന്ന പേരിൽ മാർച്ച് നടന്നത്. സിഡ്‌നിയിലെ സിഡ്‌നി ഹാർബർ പാലത്തിലൂടെയായിരുന്നു പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

ഞായറാഴ്ച നടന്ന മാർച്ചിൽ വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെ, എം.പി എഡ് ഹ്യൂസിക്, ന്യൂ സൗത്ത് വെയ്ൽസ് മുൻ പ്രധാനമന്ത്രി ബോബ് കാർ തുടങ്ങിയ പ്രമുഖരടക്കമാണ് സ്വതന്ത്ര ഫലസ്തീൻ മുദ്രാവാക്യമുയർത്തി പ്രകടനത്തിൽ അണിചേർന്നത്. സംഘാടകർ ഇതിനെ വിശേഷിപ്പിച്ചത് ‘ചരിത്രപരമായ തീരുമാനം’ എന്നാണ്. സുപ്രീംകോടതിയുടെ അനുമതിയോടെയായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായാണ് പലരും പ്രതിഷേധത്തിൽ പങ്കെടുത്തത്. ‘ഉടൻ വെടിനിർത്തൽ നടപ്പാക്കുക’, ‘ഇസ്രഈലിനെ സഹായിക്കുന്ന അമേരിക്കൻ നടപടി ലജ്ജാകരം’ എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളും ഏന്തിയായിരുന്നു മാർച്ച്. ഗസയിലെ കുഞ്ഞുങ്ങളെ വരെ ഇസ്രഈൽ കൊലപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് കുട്ടികളുമായി നിരവധി കുടുംബങ്ങൾ പങ്കുചേർന്നു.

മാർച്ചിൽ 90,000 പേർ പങ്കെടുത്തുവെന്നാണ് പൊലീസ് കണക്ക്. പ്രതിഷേധത്തിന് മുന്നോടിയായി സിഡ്‌നിയിലെ റോഡ്, പൊതുഗതാഗത ശൃംഖലയിൽ തടസമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ന്യൂ സൗത്ത് വെയിൽസിൽ ഗതാഗതത്തിന് വേണ്ടി നഗരം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

2023 ൽ നടന്ന ഒരു പൊതുസമ്മേളനത്തിനായി സിഡ്‌നി ഹാർബർ പാലം അവസാനമായി അടച്ചിട്ടിരുന്നു. 50,000 പേരോളം അന്ന് പ്രൈഡ് റാലിക്കായി അണിചേർന്നിരുന്നു.

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ വെച്ച് ഫലസ്‌തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കാനഡ പറഞ്ഞിരുന്നു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഗസയിലെ ഇസ്രഈൽ അതിക്രമങ്ങൾ വർധിക്കുന്നതിനിടെ ഈ പ്രഖ്യാപനം നടത്തിയത്. ചർച്ചകളിലൂടെയും സമാധാനപ്രക്രിയകളിലൂടേയും ദ്വിരാഷ്ട്ര പരിഹാരം കാണാൻ സാധിക്കുമെന്നാണ് കാനഡ ഇത്രയും കാലം കരുതിയിരുന്നതെന്നും മാർക്ക് കാർണി പറഞ്ഞിരുന്നു.

ബ്രിട്ടനും ഫലസ്‌തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇസ്രഈൽ ഗസക്കെതിരായ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ഫലസ്‌തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പറഞ്ഞത്.

തടവിലുള്ള മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കണം, വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കണം, ഗസ സർക്കാരിൽ പങ്കുണ്ടാവില്ലെന്ന് നിലപാടെടുക്കണം, നിരായുധീകരണം ഉണ്ടാകണം എന്നീ ആവശ്യങ്ങൾ ഹമാസ് അംഗീകരിക്കണമെന്നാണ് ഹമാസിനോട് സ്റ്റാർമാർ ആവശ്യപ്പെട്ടത്.

Content Highlight: Tens of thousands participated in the ‘March for Humanity’ in support of Palestine

Latest Stories

We use cookies to give you the best possible experience. Learn more