| Wednesday, 11th February 2026, 9:41 pm

രാഹുലിനൊപ്പം ടെന്‍ഡുല്‍ക്കര്‍; ചിത്രം നീക്കം ചെയ്യാന്‍ 'രാജാവിന്റെ' സമ്മര്‍ദം; മോദിയുടെ അരക്ഷിതാവസ്ഥയെ കുറിച്ച് കോണ്‍ഗ്രസ്

അനിത സി

ന്യൂദല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രം ഡിലീറ്റ് ചെയ്യാന്‍ മുന്‍ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് മേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മര്‍ദം ചെലുത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്.

ചൊവ്വാഴ്ച രാത്രിയില്‍ പോസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്യാനും ആരും ശ്രദ്ധിക്കാത്ത സമയത്ത് വീണ്ടും പോസ്റ്റ് ചെയ്യാനും രാജാവിന്റെ ആളുകള്‍ (പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടീം) ആവശ്യപ്പെട്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മകന്‍ അര്‍ജുന്റെ വിവാഹം ക്ഷണിക്കുന്നതിനായി വിവിധ രാഷ്ട്രീയ നേതാക്കളെ സന്ദര്‍ശിച്ചതിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാഷ്ട്രപതി ദ്രൗപദി മുര്‍മു തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം കുടുംബസമേതം നില്‍ക്കുന്ന ചിത്രമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്.

മോദിക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിനേക്കാള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന സച്ചിന്റെ ചിത്രത്തിന് സോഷ്യല്‍മീഡിയയുടെ ശ്രദ്ധ ലഭിച്ചിരുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ 627000 വ്യൂസ് ആണ് ഈ ചിത്രത്തിന് ലഭിച്ചതെന്നും ഇത് പ്രധാനമന്ത്രിക്ക് ഇഷ്ടമായില്ലെന്നും എക്‌സ് പോസ്റ്റിലൂടെ കോണ്‍ഗ്രസ് കേരള ഘടകം ആരോപിച്ചു.

‘സച്ചിന്‍ വൈകുന്നേരം 7.13ന് മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു. രാത്രി 8.18ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പവും, രാത്രി 8.48ന് രാഷ്ട്രപതിക്കൊപ്പവും 9.22ന് രാഹുല്‍ ഗാന്ധിക്കൊപ്പവുമുള്ള ചിത്രം പങ്കിട്ടു. ഈ ചിത്രങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധിയുമായുള്ള ചിത്രമാണ് വൈറലായത്,’ കോണ്‍ഗ്രസ് പറയുന്നു.

എന്നാല്‍, തന്റെ ചിത്രത്തിന് പ്രതീക്ഷിച്ച രീതിയില്‍ ശ്രദ്ധ ലഭിച്ചേക്കില്ലെന്ന അരക്ഷിത ബോധത്തെ തുടര്‍ന്ന് മോദി രാഹുലിനൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്യാനും എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയമായ 12.19 AM ന് വലിയ ഒച്ചപ്പാടില്ലാതെ പോസ്റ്റ് ചെയ്യാനും സച്ചിന് മേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നുവെന്ന് പോസ്റ്റില്‍ ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ പേരെടുത്ത് പറയാതെയാണ് കോണ്‍ഗ്രസിന്റെ ആരോപണം.

എന്നാല്‍ നീക്കം ചെയ്യുന്നതിന് മുമ്പ് തന്നെ ചിത്രം വലിയരീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നെന്ന് പോസ്റ്റില്‍ വിശദീകരിക്കുന്നു.

രാജ്യത്തെ ഏറ്റവും ഉന്നത പദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് ഇത്തരം സോഷ്യല്‍മീഡിയ കാഴ്ചകളില്‍ അരക്ഷിതാവസ്ഥ തോന്നുന്നുണ്ടെങ്കില്‍, അത് കരുത്തല്ല, അത് അധികാരത്തിന്റെ വേഷമണിഞ്ഞ ആഴത്തിലുള്ള അരക്ഷിതാവസ്ഥയാണെന്നും കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.

സച്ചിന്‍ പങ്കിട്ട ചിത്രം ഷെയര്‍ ചെയ്തുകൊണ്ടാണ് പോസ്റ്റ്. എക്‌സ് അക്കൗണ്ടില്‍ ഇപ്പോഴും ഈ ചിത്രം കാണാനാവും.

Content Highlight:  Tendulkar with Rahul; Pressure from ‘King’s team’ to remove picture; Congress on Modi’s insecurity

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more