ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ പ്രഖ്യാപനം മുതൽ തന്നെ വലിയ പ്രതീക്ഷകൾ സൃഷ്ടിച്ച ചിത്രമാണ്. ചിത്രത്തിന്റെ പോസ്റ്ററുകൾക്കും പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ ലഭിച്ചിരുന്നു. ഇതിനിടെ ‘ഐ ആം ഗെയിം’ ന്റെ പോസ്റ്റർ എ.ഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന തരത്തിലുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ പോസ്റ്റർ എ.ഐ അല്ലെന്നും സിനിമാ പോസ്റ്ററുകളെ കുറിച്ചും തുറന്ന് പറയുകയാണ് മാർകോ,ദൃശ്യം, കത്തനാർ, ടിക്കി ടാക്ക തുടങ്ങിയ ചിത്രങ്ങൾക്ക് പോസ്റ്റർ തയാറാക്കിയ ടെൻ പോയിന്റ് കോ-ഫൗണ്ടർ വിഷ്ണു.
‘മാർക്കോ’യുടെ വർക്ക് ഇഷ്ടപ്പെട്ടതിനെ തുടർന്നാണ് ‘ഐ ആം ഗെയിം’ന്റെ പോസ്റ്റർ വർക്കുമായി നഹാസ് ഹിദായത്ത് തന്നെ നേരിട്ട് സമീപിച്ചതെന്ന് വിഷ്ണു പറയുന്നു. ചിത്രത്തെക്കുറിച്ചുള്ള കൃത്യമായ ആശയം നഹാസ് തങ്ങളോട് പങ്കുവച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആശയങ്ങളും കോൺസെപ്റ്റുകളും തിരിച്ചറിഞ്ഞാണ് പോസ്റ്റർ വർക്കിലേക്ക് കടന്നതെന്നും വിഷ്ണു വ്യക്തമാക്കി.
I’m game/ Dulquer salmaan X page
‘ഐ ആം ഗെയിം ’ലേക്ക് നഹാസ് ഇക്ക നേരിട്ട് വിളിക്കുകയായിരുന്നു. ‘മാർക്കോ’യുടെ വർക്ക് പുള്ളിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു. അതുകണ്ടിട്ടാണ് നേരിട്ട് വിളിച്ച് നമ്മളെ ഏൽപ്പിച്ചത്. പടം എന്താണ് എന്നതിനെക്കുറിച്ച് പുള്ളി നമുക്ക് നല്ല രീതിയിൽ പറഞ്ഞുതന്നിരുന്നു. അതിനനുസരിച്ച് നമ്മൾ ഐഡിയകളും കോൺസെപ്റ്റുകളും കൊടുക്കാറുണ്ട്. അതുവച്ചിട്ടാണ് പിന്നെ വർക്കിലേക്ക് ഇരിക്കുന്നത്,’ വിഷ്ണു പറഞ്ഞു.
ദുൽഖർ സൽമാന്റെ തിരിച്ചുവരവ് എന്ന നിലയിൽ ‘ഐ ആം ഗെയിം ’ വലിയ പ്രാധാന്യമുള്ള ചിത്രമായതിനാൽ തന്നെ പോസ്റ്റർ വർക്കും വലിയ ചലഞ്ചായിരുന്നുവെന്നും വിഷ്ണു പറഞ്ഞു. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിലും ഏറ്റവും മികച്ചത് പ്രേക്ഷകരിലേക്ക് എത്തിക്കണമെന്ന നിർബന്ധം നഹാസിനുണ്ടായിരുന്നു.
‘ദുൽഖറിന്റെ ഒരു കം ബാക്ക് ആണല്ലോ ‘ഐ ആം ഗെയിം’. അതുകൊണ്ട് നഹാസ് ഇക്കയ്ക്ക് അത് ഭയങ്കര ചലഞ്ചിങ് ആയിരുന്നു. പോസ്റ്ററായാലും മറ്റെന്തായാലും പുള്ളി അതിൽ സമയം ഇൻവെസ്റ്റ് ചെയ്യുന്നുണ്ട്. നമ്മളോട് എന്ത് ചെയ്യുമ്പോഴും അത് ഏറ്റവും ബെസ്റ്റ് ആയിരിക്കണം എന്ന് പുള്ളി പറയാറുണ്ട്. നമ്മൾ ഓരോന്ന് ഇറക്കുമ്പോഴും അതിന്റെ ബെസ്റ്റ് മാത്രമേ പുള്ളി പുറത്തേക്ക് വിടാറുള്ളൂ. ചെയ്യുന്നതെല്ലാം ബെസ്റ്റ് ആകണം എന്നാണ് പറയാറുള്ളത്,’ വിഷ്ണു പറഞ്ഞു.
‘ഐ ആം ഗെയിം ’ ഒരു പാൻ ഇന്ത്യൻ ചിത്രമായതിനാൽ പോസ്റ്ററിന് കേരളത്തിന് പുറത്തുള്ള പ്രേക്ഷകരെയും കൂടി കണക്കിലെടുത്തുള്ള ഒരു വിഷ്വൽ ട്രീറ്റ്മെന്റാണ് വേണ്ടിയിരുന്നതെന്നും വിഷ്ണു വ്യക്തമാക്കി. പോസ്റ്ററിൽ തന്നെ ആക്ഷനും ആഘോഷവും മാസ് എലമെന്റും അനുഭവപ്പെടുന്ന തരത്തിലായിരിക്കണം ഡിസൈൻ എന്നാണ് നഹാസ് നിർദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
I’m game/ Dulquer salmaan X page
‘പോസ്റ്ററിൽ ആക്ഷൻ ഫീൽ ചെയ്യണം, സെലിബ്രേഷൻ ഫീൽ ചെയ്യണം. ഒരു മാസ് ഓഡിയൻസിലേക്ക് പോകുന്ന പോലെയാകണം. പാൻ ഇന്ത്യൻ പടമായതുകൊണ്ട് കേരളത്തിന് പുറത്തുള്ള ആളുകൾക്കും അത് സ്വീകരിക്കാൻ പറ്റണം. ആ രീതിയിലാണ് ഒരുക്കാൻ പറഞ്ഞിരുന്നത്. ‘ഐ ആം ഗെയിം’ന്റെ പോസ്റ്റർ എ.ഐ ആണെന്ന രീതിയിൽ വന്നിരുന്നു. എന്നാൽ അത് എ.ഐ അല്ല. അത് എങ്ങനെ പറഞ്ഞ് മനസിലാക്കണം എന്നറിയില്ല. എ.ഐ എന്നുള്ളത് ഇന്നത്തെ കാലത്ത് ഒരു മത്സരം തന്നെയാണ്,’ വിഷ്ണു പറഞ്ഞു.
Content Highlight: Ten Point co-founder Vishnu clarifies that the poster of ‘I Am Game’ is not AI-generated