| Friday, 15th August 2025, 10:36 pm

ബം​ഗാളിൽ ട്രക്കിൽ ബസ് ഇടിച്ചുകയറി പത്ത് തീർത്ഥാടകർ മരിച്ചു, 35 പേർക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബർദ്വാനിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ബസ് ഇടിച്ചുകയറി പത്ത് തീർത്ഥാടകർ മരിച്ചു. 35 പേർക്ക് പരിക്ക്.

എട്ട് പുരുഷൻമാരും രണ്ട് സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പരിക്കേറ്റവരെ ചികിത്സക്കായി കൊൽക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിലേക്ക് അയച്ചെന്നും സാധ്യമായ എല്ലാ സഹായവും ഭരണകൂടം നൽകുന്നുണ്ടെന്നും പുർബ ബർധമാൻ ജില്ലാ മജിസ്‌ട്രേറ്റ് ആയിഷ റാണി എ പറഞ്ഞു.

ബർദ്വാനിൽ നിന്ന് ദുർഗാപൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബീഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലെ മോത്തിഹാരിയിൽ നിന്നുള്ള തീർത്ഥാടകരാണ് മരണപ്പെട്ടവരെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഗംഗാസാഗർ സന്ദർശിച്ച് മടങ്ങുന്നതിനിടെ പുർബ ബർധമാൻ ജില്ലയിലെ ഫഗുയ്പൂരിന് സമീപം എൻ.എച്ച് -19ൽ വെച്ചാണ് അപകടം നടന്നത്.

ഓഗസ്റ്റ് എട്ടിന് മോത്തിഹാരിയിൽ നിന്നാണ് തീർത്ഥാടകർ യാത്ര ആരംഭിച്ചതെന്നും അവർ ആദ്യം ദിയോഘർ സന്ദർശിച്ചുവെന്നും ശേഷം ഗംഗാസാഗറിലേക്ക് പോകുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ കിഴക്കൻ ചമ്പാരനിലെ അവരുടെ ജന്മനാട്ടിൽ എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപകടത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

Content Highlight: Ten pilgrims killed, 35 injured after bus hits truck in Bengal

We use cookies to give you the best possible experience. Learn more