| Sunday, 16th November 2025, 5:21 pm

ബീഹാർ നിയമസഭയിലേക്ക് എത്തുന്നത് പത്ത് മുസ്‌ലിം എം.എൽ.എമാർ; 1990 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്ന: മുൻ നിയമസഭയെ അപേക്ഷിച്ച് ബീഹാറിലെ നിയമസഭയിൽ മുസ്‌ലിം എം.എൽ.എമാരുടെ പ്രതിനിധ്യത്തിൽ ഇത്തവണ വൻ കുറവ്. ചരിത്രത്തിലെ ഏറ്റവും കുറവ് മുസ്‌ലിം പ്രതിനിധ്യമാണ് ഇത്തവണയുണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ.

വെള്ളിയാഴ്ച നടന്ന ബീഹാർ തെരഞ്ഞെടുപ്പിൽ 10 മുസ്‌ലിം എം.എൽ.എമാരാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1990 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അംഗസംഖ്യയാണിതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

2022 ലെ സർവേ പ്രകാരം ബീഹാറിലെ 13.07 കോടി ജനസംഖ്യയിൽ 17.7 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ.

2020 നെ അപേക്ഷിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ എൻ.ഡി.എയും മഹാഗദ്‌ബന്ധനും പരിമിതമായ സീറ്റുകൾ മാത്രമാണ് മുസ്‌ലിങ്ങൾക്ക് നൽകിയത്. ഇത് മുസ്‌ലിം പ്രാതിനിധ്യം കുറയുന്നതിനും കാരണമായി.

മത്സരിച്ച 25 സീറ്റുകളിൽ അഞ്ച് സീറ്റുകൾ അസദുദീൻ ഉവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എം പാർട്ടി നേടി. പാർട്ടിയിൽ നിന്നും വിജയിച്ചവരെല്ലാം മുസ്‌ലിങ്ങളാണ്.

ജെ.ഡി.യു നാല് മുസ്‌ലിങ്ങളെ മത്സരിപ്പിച്ചപ്പോൾ ഒരാൾ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആർ.ജെ.ഡിയിൽ നിന്നും മത്സരിച്ച മുസ്‌ലിം സ്ഥാനാർത്ഥികളിൽ രണ്ട് പേർ മാത്രമാണ് വിജയിച്ചതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ബീഹാറിൽ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ 243 സീറ്റുകളിൽ 202 സീറ്റുകൾ നേടിയാണ് എൻ.ഡി.എ വിജയിച്ചത്.

2010ൽ സംസ്ഥാന നിയമസഭയിലെ മുസ്‌ലിം പ്രാതിനിധ്യം 7.81% ആയിരുന്നു. 19 നിയമസഭാംഗങ്ങൾ മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

2015 ൽ ഇത് 24 ആയി ഉയർന്നിരുന്നു. അവരിൽ 12 പേർ ആർ.ജെ.ഡിയിൽ നിന്നും, ആറ് പേർ കോൺഗ്രസിൽ നിന്നും, അഞ്ച് പേർ ജെ.ഡി.യുവിൽ നിന്നും, ഒരു സി.പി.ഐ (എംഎൽ) ലിബറേഷനിൽ നിന്നുമായിരുന്നു.

2020ൽ മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യം 19 എം.എൽ.എമാരായി ചുരുങ്ങിയിരുന്നു. അതിൽ എട്ട് പേർ ആർ.ജെ.ഡിയിൽ നിന്നുള്ളവരായിരുന്നു, തുടർന്ന് എ.ഐ.എം.ഐ.എമ്മിന്റെ അഞ്ച് പേരും, കോൺഗ്രസിന്റെ നാല് പേരും, ബി.എസ്.പിയിൽ നിന്നും സി.പി.ഐ (എംഎൽ) ലിബറേഷനിൽ നിന്നും ഒരാൾ വീതവുമായിരുന്നു മത്സരിച്ചത്.

Content Highlight: Ten Muslim MLAs enter Bihar Assembly; lowest number since 1990

We use cookies to give you the best possible experience. Learn more