| Thursday, 6th November 2025, 7:03 am

സ്പിന്‍ തന്ത്രം കൊണ്ട് ഇന്ത്യയെ അവരുടെ മണ്ണില്‍ വീഴ്ത്തും; തെംബ ബാവുമ

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ നവംബര്‍ 14ന് ആരംഭിക്കും. ആദ്യ മത്സരം ഈഡന്‍ ഗാര്‍ഡന്‍സിലും രണ്ടാം മത്സരം ബര്‍സാപാര സ്റ്റേഡിയത്തിലുമാണ് നടക്കുക. മത്സരത്തിന് മുന്നോടിയായി സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബാവുമ സ്പിന്‍ തന്ത്രം കൊണ്ട് ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രോട്ടിയാസിന് മികച്ച സ്പിന്നര്‍മാരുണ്ടെന്നും ട്രിസ്റ്റന്‍ സ്റ്റബ്‌സിന് വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുമെന്നും ബാവുമ പറഞ്ഞു. 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കുന്ന ബൗളര്‍മാര്‍ തങ്ങള്‍ക്കുണ്ടെന്നും പിച്ചുകള്‍ സ്പിന്നിന് അനുകൂലമാണെങ്കില്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല വളരെക്കാലമായി ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര പോലും ജയിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇന്ത്യയില്‍ കളിക്കുന്നത് എളുപ്പമല്ലെന്നും ബാവുമ കൂട്ടിച്ചേര്‍ത്തു.

‘ബൗളിങ് എപ്പോഴും ഞങ്ങളുടെ ശക്തിയാണ്. ഞങ്ങള്‍ക്ക് നല്ല സ്പിന്നര്‍മാരുണ്ട്, ട്രിസ്റ്റന്‍ സ്റ്റബ്‌സ് കഴിവുള്ള ഒരു ഓഫ് സ്പിന്നറാണ്. അദ്ദേഹത്തിന് വ്യത്യസ്തമായ റിസള്‍ട്ട് നല്‍കാന്‍ കഴിയും. 20 വിക്കറ്റ് വീഴ്ത്താന്‍ കഴിയുന്ന ബൗളര്‍മാരെയാണ് നമുക്ക് ആവശ്യം. ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്, പിച്ചുകള്‍ സ്പിന്നിന് അനുകൂലമാണെമെങ്കില്‍, പന്തെറിയാന്‍ കഴിയുന്ന ബൗളര്‍മാര്‍ ഞങ്ങള്‍ക്കുണ്ട്.

വളരെക്കാലമായി ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര പോലും ജയിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഒരു സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നു, ഞങ്ങള്‍ക്ക് ഒരു വലിയ ലക്ഷ്യമുണ്ട്. ഇന്ത്യയില്‍ കളിക്കുന്നത് എളുപ്പമല്ല, അവര്‍ക്ക് കഴിവുണ്ട്. പുതിയ ആളുകള്‍ ടീമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു,’ ബാവുമ പറഞ്ഞു.

അതേസമയം സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്. സൂപ്പര്‍ താരം റിഷബ് പന്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി. പരമ്പരയില്‍ ഗില്ലിന്റെ ഡെപ്യൂട്ടി റിഷബ് പന്താണ്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ പരിക്കേറ്റ താരത്തിന് ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പര പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു.

ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്.

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

ഡെവാള്‍ഡ് ബ്രെവിസ്, തെംബ ബാവുമ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ്, സുബൈര്‍ ഹംസ, ഏയ്ഡന്‍ മര്‍ക്രം, കോര്‍ബിന്‍ ബോഷ്, മാര്‍കോ യാന്‍സെന്‍, എസ്. മുത്തുസ്വാമി, വിയാന്‍ മുള്‍ഡര്‍, കൈല്‍ വെരായ്നെ (വിക്കറ്റ് കീപ്പര്‍), റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), കഗീസോ റബാദ, കേശവ് മഹാരാജ്, സൈമണ്‍ ഹാര്‍മര്‍.

Content Highlight: Temba Bavuma Talking About Indian Test Series

We use cookies to give you the best possible experience. Learn more