സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരവും വിജയിച്ച് സന്ദര്‍ശകര്‍ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടിലും വിജയിച്ചാണ് തെംബ ബാവുമയും സംഘവും പരമ്പര ക്ലീന്‍ സ്വീപ് ചെയ്തിരിക്കുന്നത്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 549 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ വെറും 140ന് പുറത്തായി.
സ്‌കോര്‍
സൗത്ത് ആഫ്രിക്ക: 489 & 260/5d
ഇന്ത്യ: 201 & 140 (T:549)
ഇന്ത്യയ്‌ക്കെതിരെ 25 വര്‍ഷത്തിന് ശേഷം സൗത്ത് ആഫ്രിക്കയെ പരമ്പര വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ തെംബ ബാവുമ വീണ്ടും തന്റെ അപരാജിത കുതിപ്പ് തുടരുകയാണ്. ക്യാപ്റ്റന്‍സിയേറ്റെടുത്ത ഒറ്റ ടെസ്റ്റില്‍ പോലും പ്രോട്ടിയാസിനെ തോല്‍ക്കാന്‍ അനുവദിക്കാതെയാണ് ക്യാപ്റ്റന്‍ തിളങ്ങുന്നത്.
ഓസ്‌ട്രേലിയക്കെതിരെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ 12 മത്സരത്തില്‍ ഇതുവരെ സൗത്ത് ആഫ്രിക്കയെ നയിച്ചു. 11ലും ജയം. ഒരു സമനില. വിജയശതമാനം 91.66!
ആദ്യ ടെസ്റ്റില്‍ പരിക്കേറ്റ ശുഭ്മന്‍ ഗില്ലിന് പകരം രണ്ടാം ടെസ്റ്റില്‍ റിഷബ് പന്ത് ക്യാപ്റ്റന്‍സിയേറ്റെടുത്തതോടെ ബാവുമയുടെ ഈ റെക്കോഡിന് അന്ത്യം കുറിക്കുമെന്ന് ചില ആരാധകരെങ്കിലും കരുതിയെങ്കിലും അതുണ്ടായില്ല.
ഇതിനൊപ്പം മറ്റൊരു നേട്ടവും ബാവുമ തന്റെ പേരിലെഴുതിച്ചേര്‍ത്തു. ക്യാപ്റ്റനായി 12 ടെസ്റ്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഏറ്റവുമധികം വിജയമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
(താരം – ടീം – വിജയം എന്നീ ക്രമത്തില്‍)
തെംബ ബാവുമ – സൗത്ത് ആഫ്രിക്ക – 11*
ബെന്‍ സ്റ്റോക്‌സ് – ഇംഗ്ലണ്ട് – 10
ലിന്‍ഡ്‌സെ ഹാസെറ്റ് – ഓസ്‌ട്രേലിയ – 10
ഡീന്‍ എല്‍ഹഗര്‍ – സൗത്ത് ആഫ്രിക്ക – 9
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 9
പേഴ്‌സി ചാപ്മാന്‍ – ഇംഗ്ലണ്ട് – 9
ഇന്ത്യയ്‌ക്കെതിരായ പരമ്പര വിജയത്തിന് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും പ്രോട്ടിയാസിന് സാധിച്ചു. നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഒരു തോല്‍വിയുമായി 75.00 പി.സി.ടിയോടെയാണ് സൗത്ത് ആഫ്രിക്ക രണ്ടാം സ്ഥാനത്തെത്തിയത്.
അതേസമയം, ഒമ്പത് ടെസ്റ്റില്‍ നാല് തോല്‍വിയും നാല് ജയവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് വീണു.
Content Highlight: Temba Bavuma never lost a Test as captain