ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് തെംബ ബാവുമയുടെ സൗത്ത് ആഫ്രിക്ക കിരീടമണിഞ്ഞിരുന്നു. ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്ന കിരീടമാണ് ലോര്‍ഡ്സില്‍ പ്രോട്ടിയാസ് ശിരസിലണിഞ്ഞത്.
കിരീടത്തിനരികിലേക്ക് ഓടിയെത്തി, കപ്പിനും ചുണ്ടിനും ഇടയില്‍ വിജയം നഷ്ടപ്പെടുത്തുന്ന ചോക്കേഴ്സ് എന്ന പരിഹാസങ്ങള്‍ക്കും സൗത്ത് ആഫ്രിക്ക അന്ത്യം കുറിച്ചിരുന്നു.
ശരീരത്തിന്റെയും നിറത്തിന്റെയും പേരില്‍ ഏറെ പരിഹാസങ്ങളേറ്റുവാങ്ങിയ തെംബ ബാവുമയെന്ന ക്യാപ്റ്റന് കീഴില്‍ ഈ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കുക എന്നത് കാലം കാത്തുവെച്ച മറ്റൊരു കാവ്യനീതിയായിരുന്നു.
ഈ വിജയത്തോടെ ഇതിഹാസ താരങ്ങളായ ക്ലൈവ് ലോയ്ഡിനും അര്‍ജുന രണതുംഗയ്ക്കുമൊപ്പം തന്റെ പേരെഴുതിച്ചേര്‍ക്കാനും ബാവുമയ്ക്ക് സാധിച്ചു. ഒരു ഐ.സി.സി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കുന്ന ക്യാപ്റ്റന്‍മാര്‍ക്കൊപ്പമാണ് ബാവുമ എത്തിച്ചേര്‍ന്നത്.
ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് ലോകകപ്പിലാണ് ക്ലൈവ് ലോയ്ഡിന്റെ ചെകുത്താന്‍മാര്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി കിരീടമുയര്‍ത്തിയത്. ലോര്‍ഡ്‌സില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ 17 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ വിജയം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 60 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 291ലെത്തി. സെഞ്ച്വറിയുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്റെയും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ആര്‍. കന്‍ഹായിയുടെയും കരുത്തിലാണ് വിന്‍ഡീസ് മികച്ച സ്‌കോറിലെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കള്‍ 58.4 ഓവറില്‍ 274ന് പുറത്തായി. 62 റണ്‍സ് നേടിയ ഇയാന്‍ ചാപ്പലാണ് ടോപ് സ്‌കോറര്‍. വിന്‍ഡീസിനായി കീത്ത് ബോയ്‌സ് നാലും ലോയ്ഡ് ഒരു വിക്കറ്റും നേടി. ശേഷിച്ച അഞ്ച് താരങ്ങളും റണ്‍ ഔട്ടായാണ് മടങ്ങിയത്.
ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവര്‍ സംയുക്തമായി ആതിഥേയത്വം വഹിച്ച 1996 ലോകകപ്പിലാണ് കങ്കാരുക്കള്‍ രണ്ടാം തവണ ഫൈനലില്‍ പരാജയപ്പെട്ടത്. ഇത്തവണ അര്‍ജുന രണതുംഗയുടെ ലങ്കന്‍ സിംഹങ്ങളാണ് കങ്കാരുക്കളെ കടിച്ചുകീറിയത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ മൈറ്റി ഓസീസിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ലങ്ക ക്രിക്കറ്റിന്റെ വിശ്വകിരീടം ശിരസിലണിഞ്ഞു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241ലെത്തി. ക്യാപ്റ്റന്‍ മാര്‍ക് ടെയ്‌ലര്‍ (83 പന്തില്‍ 74), റിക്കി പോണ്ടിങ് (73 പന്തില്‍ 45), മൈക്കല്‍ ബെവന്‍ (49 പന്തില്‍ 36) എന്നിവരുടെ കരുത്തിലാണ് ഓസീസ് ലങ്കയ്ക്ക് മുമ്പില്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് സനത് ജയസൂര്യയെയും റൊമേഷ് കലുവിതരാണയെയും ഒറ്റയക്കത്തിന് നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ അസാങ്ക ഗുരുസിന്‍ഹയും അരവിന്ദ ഡി സില്‍വയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ട് ലങ്കന്‍ ടോട്ടലിന് അടിത്തറയൊരുക്കി. ഗുരുസിന്‍ഹ പുറത്തായെങ്കിലും പിന്നാലെയെത്തിയ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയെ ഒപ്പം കൂട്ടി അരവിന്ദ ഡി സില്‍വ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
അരവിന്ദ ഡി സില്‍വ
ഡി സില്‍വ 124 പന്തില്‍ പുറത്താകാതെ 107 റണ്‍സ് നേടിയപ്പോള്‍ ഗുരുസിന്‍ഹ 99 പന്തില്‍ 65 റണ്‍സും രണതുംഗ 37 പന്തില്‍ പുറത്താകാതെ 47 റണ്‍സും അടിച്ചെടുത്തു.
ശേഷം കാല്‍നൂറ്റാണ്ടിനിപ്പുറം ഓസ്‌ട്രേലിയ ഒരിക്കല്‍ക്കൂടി ഫൈനലില്‍ കണ്ണീരണിഞ്ഞു. കളിച്ച 14ാം ഫൈനലില്‍ ഇത് മൂന്നാം തവണയാണ് ഓസീസ് പരാജയം രുചിച്ചത്.
ഓസ്‌ട്രേലിയ ഫൈനല്‍ പരാജയപ്പെട്ടപ്പോഴെല്ലാം തന്നെ എതിരാളികളുടെ ഇന്നിങ്‌സില്‍ ഒരു സെഞ്ച്വറി നേട്ടം പിറവിയെടുത്തിരുന്നു എന്നതും ശ്രദ്ധേയമാണ്.
Content Highlight: Temba Bavuma becomes the 3rd captain to defeat Australia in ICC tournament final