| Sunday, 15th June 2025, 4:33 pm

ഒരു കറുത്ത വര്‍ഗക്കാരനായ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റര്‍ എന്നതിനേക്കാള്‍ ഉപരി അങ്ങനെ അറിയപ്പെടണമെന്ന് ഞാന്‍ ആഗ്രഹിച്ചു; വിജയത്തിന് പിന്നാലെ ബാവുമ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് തെംബ ബാവുമയുടെ സൗത്ത് ആഫ്രിക്ക കിരീടമണിഞ്ഞിരുന്നു. ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്ന കിരീടമാണ് ലോര്‍ഡ്‌സില്‍ പ്രോട്ടിയാസ് ശിരസിലണിഞ്ഞത്.

കിരീടത്തിനരികിലേക്ക് ഓടിയെത്തി, കപ്പിനും ചുണ്ടിനും ഇടയില്‍ വിജയം നഷ്ടപ്പെടുത്തുന്ന ചോക്കേഴ്‌സ് എന്ന പരിഹാസങ്ങള്‍ക്കും സൗത്ത് ആഫ്രിക്ക അന്ത്യം കുറിച്ചിരുന്നു.

സെഞ്ച്വറി പ്രകടനവുമായി ക്രീസില്‍ ഉറച്ച് നിന്ന ഏയ്ഡന്‍ മര്‍ക്രമിന്റെയും ക്യാപ്റ്റന്‍ ബാവുമയുടെയും കരുത്തിലാണ് പ്രോട്ടിയാസ് തങ്ങളുടെ സ്വപ്നം സഫലീകരിച്ചത്. നീണ്ട വര്‍ഷങ്ങളുടെ കിരീട വരള്‍ച്ചയ്ക്ക് പ്രോട്ടിയാസ് വിരാമമിട്ടത് ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സിലാണെന്നത് ചരിത്രനിയോഗമാണ്.

ശരീരത്തിന്റെയും നിറത്തിന്റെയും പേരില്‍ ഏറെ പരിഹാസങ്ങളേറ്റുവാങ്ങിയ തെംബ ബാവുമയെന്ന ക്യാപ്റ്റന് കീഴില്‍ ഈ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കുക എന്നത് കാലം കാത്തുവെച്ച മറ്റൊരു കാവ്യനീതിയായിരുന്നു.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയത്തിന് പിന്നാലെ പ്രതികരിക്കുകയാണ് ക്യാപ്റ്റന്‍ തെംബ ബാവുമ. ഒരു ബ്ലാക്ക് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റര്‍ എന്നതിനേക്കാളുപരി ടീമിന് വേണ്ടി എന്തെങ്കിലും ചെയ്ത ഒരാള്‍ എന്ന ലേബലില്‍ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നാണ് ബാവുമ പറയുന്നത്. തങ്ങളുടെ ഈ നേട്ടം രാജ്യത്തിന് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്നെ സംബന്ധിച്ച് കറുത്തവര്‍ഗക്കാരനായ ഒരു സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റര്‍ എന്നതിനേക്കാള്‍ ഉപരി, രാജ്യത്തിനായി എന്തെങ്കിലും ചെയ്ത, രാജ്യം അത്രത്തോളം കാത്തിരുന്ന ഒന്ന് ചെയ്ത് പൂര്‍ത്തിയാക്കിയ ആള്‍ എന്ന നിലയില്‍ ഓര്‍മിക്കപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഏറെ അഭിമാനത്തോടെ എനിക്ക് അത് പറയാന്‍ സാധിക്കും. ഞങ്ങളുടെ ഈ നേട്ടം രാജ്യത്തിന് പ്രചോദനമാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ബാവുമ പറഞ്ഞു.

തന്റെ ക്യാപ്റ്റന്‍സി കരിയറില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ബാവുമ പ്രോട്ടിയാസിനെ മുമ്പില്‍ നിന്നും നയിക്കുന്നത്. ക്യാപ്റ്റനായ പത്ത് മത്സരത്തില്‍ ഒമ്പതിലും വിജയിച്ചു. വിജയശതമാനം 90! ഒരു മത്സരം സമനിലയിലും അവസാനിച്ചു.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യമാരെന്ന ഖ്യാതിയോടെ സിംബാബ്വേക്കെതിരായാണ് സൗത്ത് ആഫ്രിക്ക അടുത്ത ടെസ്റ്റ് മത്സരങ്ങള്‍ക്കിറങ്ങുന്നത്. ജൂണ്‍ 28 മുതല്‍ രണ്ട് ടെസ്റ്റുകള്‍ പ്രോട്ടിയാസ് ഷെവ്‌റോണ്‍സിന്റെ തട്ടകത്തിലെത്തി കളിക്കും.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ പാകിസ്ഥാനാണ് ബാവുമയുടെയും സംഘത്തിന്റെയും ആദ്യ എതിരാളികള്‍. ഒക്ടോബറില്‍ രണ്ട് മത്സരങ്ങള്‍ക്കായി സൗത്ത് ആഫ്രിക്ക പാകിസ്ഥാനില്‍ പര്യടനം നടത്തും.

Content Highlight: Temba Bavuma about winning World Test Championship final

We use cookies to give you the best possible experience. Learn more