| Thursday, 4th September 2025, 12:33 pm

ദുല്‍ഖര്‍ കാരണം ഞങ്ങളെപ്പോലുള്ള തെലുങ്ക് നിര്‍മാതാക്കള്‍ ആവശ്യമില്ലാതെ ചീത്ത കേള്‍ക്കേണ്ടി വരികയാണ്: നാഗവംശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിലെന്നതുപോലെ ആന്ധ്ര/ തെലങ്കാന എന്നിവിടങ്ങളിലും മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കൊത്ത ലോക (പുതിയ ലോകം) എന്ന പേരിലാണ് തെലുങ്ക് വേര്‍ഷന്‍ പ്രദര്‍ശനത്തിനെത്തിയത്. തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളായ സിതാ എന്റര്‍ടൈന്മെന്റ്‌സാണ് ലോകഃയെ തെലുങ്കിലെത്തിച്ചത്.

ആദ്യ ഷോ അവസാനിച്ചതിന് പിന്നാലെ ലോകഃയെ തെലുങ്ക് പ്രേക്ഷകരും ഏറ്റെടുത്തു. പ്രേമലുവിന് ശേഷം തെലുങ്കിലെത്തിയ നസ്‌ലെനും ഹലോക്ക് ശേഷം കല്യാണി പ്രിയദര്‍ശന്റെ ചിത്രം കണ്ടതും സിനിമാപ്രേമികള്‍ ആഘോഷമാക്കി. ഇത്രയും ഗംഭീരമായ സിനിമ വെറും 30 കോടിക്കാണ് ഒരുങ്ങിയതെന്ന കാര്യം പലര്‍ക്കും വിശ്വസിക്കാനായില്ല.

മിനിമം 200 കോടി ബജറ്റില്‍ പല പാന്‍ ഇന്ത്യന്‍ സിനിമകളും പുറത്തിറങ്ങുന്ന തെലുങ്ക് ഇന്‍ഡസ്ട്രിയിലെ സിനിമാപ്രേമികള്‍ക്ക് ലോകഃയുടെ ബജറ്റ് വിശ്വസിക്കാനാകാത്തതായിരുന്നു. മോളിവുഡിനെ കണ്ടുപഠിക്കാന്‍ തെലുങ്കിലെ പല വമ്പന്‍ താരങ്ങളോടും ആരാധകര്‍ ആവശ്യപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ലോകഃയെക്കുറിച്ച് സിതാര എന്റര്‍ടൈന്മെന്റ്‌സ് സി.ഇ.ഓ നാഗവംശി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

‘ദുല്‍ഖര്‍ കാരണം ഞങ്ങളെപ്പോലുള്ള തെലുങ്ക് നിര്‍മാതാക്കള്‍ ആവശ്യമില്ലാതെ ചീത്ത കേള്‍ക്കുകയാണ്. ഇന്റര്‍നെറ്റില്‍ ഞങ്ങളെ എല്ലാവരും ഒരുപോലെ വിമര്‍ശിക്കുകയാണ്. 30 കോടി ചെലവാക്കി ഇന്റര്‍നാഷണല്‍ ക്വാളിറ്റിയുള്ള ഇത്തരം സിനിമകള്‍ ചെയ്ത് 100 കോടിയൊക്കെ പുഷ്പം പോലെ നേടുകയാണ്. തെലുങ്കില്‍ പലപ്പോഴും അനാവശ്യമായി ബജറ്റ് കൂട്ടുന്നു എന്നാണ് ഞങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം.

നിമിഷ്, ദുല്‍ഖര്‍, വെങ്കി എല്ലാവരും ഇപ്പോള്‍ ഇവിടെയുണ്ട്. ലക്കി ഭാസ്‌കര്‍ നിര്‍മിക്കാന്‍ എത്ര ചെലവായി എന്ന് ചുമ്മാ ഒന്ന് അന്വേഷിച്ചാല്‍ മതിയാകും. ആ സിനിമയില്‍ ബാങ്കിന്റെ സെറ്റ് ഇടാന്‍ എത്ര ചെലവായെന്ന് ഞങ്ങള്‍ക്കേ അറിയുള്ളൂ. നിങ്ങളെങ്ങനെയാണ് 30 കോടിക്ക് ഇത്രയും ക്വാളിറ്റിയുള്ള പടങ്ങള്‍ ചെയ്യുന്നത്? വെങ്കിയായാലും നാഗ് അശ്വിനായാലും തെലുങ്കിലെ വിലപിടിപ്പുള്ള സംവിധായകരാണ്. ഓരോ സിനിമയും നിര്‍മിക്കാനുള്ള പാട് അവര്‍ക്ക് അറിയാം,’ നാഗവംശി പറഞ്ഞു.

ഓണം റിലീസായെത്തിയ ലോകഃ ചാപ്റ്റര്‍ വണ്‍ ഇതിനോടകം 100 കോടി കളക്ഷന്‍ സ്വന്തമാക്കിക്കഴിഞ്ഞു. സൗത്ത് ഇന്ത്യയില്‍ ഒരു ഫീമെയില്‍ ഓറിയന്റഡ് സിനിമക്ക് ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന കളക്ഷനാണ് ലോകഃ സ്വന്തമാക്കിയത്. കേരളത്തിലെ ഓണാവധിയും ജി.സി.സി രാജ്യങ്ങളിലെ നബിദിനാവധിയും കളക്ഷന് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. എല്ലാമൊത്തു വന്നാല്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ 200 കോടി ചിത്രമായി ലോകഃ മാറും.

Content Highlight: Telugu Producer Nagavamsi’s comment about Lokah movie budget going viral

We use cookies to give you the best possible experience. Learn more