ദീപാവലി റിലീസുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് തമിഴ് ചിത്രം ബൈസണ്‍. വാഴൈക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ധ്രുവ് വിക്രമാണ് നായകന്‍. തമിഴ്‌നാട്ടിലെ സാധാരണ ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ കബഡി ടീമില്‍ എത്തിയ വാനതി കിട്ടന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. അര്‍ജുന അവാര്‍ഡ് ജേതാവ് മാനതി ഗണേശന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മാരി ബൈസണ്‍ ഒരുക്കിയത്.
സംവിധായകന്റെ മുന്‍ ചിത്രങ്ങളിലേത് പോലെ തമിഴ്‌നാട്ടിലെ ജാതി വിവേചനം ബൈസണിലും പ്രമേയമായിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് ഒരു തെലുങ്ക് റിവ്യൂ പേജ് പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ബൈസണ്‍ സിനിമ ബോറിങ്ങാണെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഉയര്‍ന്ന ജാതിയും അടിച്ചമര്‍ത്തപ്പെട്ട ജാതിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറയുന്ന സിനിമകള്‍ ചെയ്ത് ബോറടിക്കുന്നില്ലേ എന്നും പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.
മനോഹരമായി ഷൂട്ട് ചെയ്ത, ഗംഭീര പെര്‍ഫോമന്‍സുകളുള്ള ബോറിങ് സിനിമയാണ് ബൈസണ്‍ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. ആകാശവാണി എന്ന പേജാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. എന്നാല്‍ ഈ പോസ്റ്റിനെ വിമര്‍ശിച്ചുകൊണ്ടാണ് ഭൂരിഭാഗം കമന്റുകളും. സംഘപരിവാറിനെ സുഖിപ്പിക്കുന്ന ആര്‍.ആര്‍.ആര്‍, ഹനുമാന്‍ പോലുള്ള സിനിമകള്‍ ചെയ്ത് തെലുങ്ക് ഇന്‍ഡസ്ട്രിക്ക് മടുക്കുന്നില്ലേ എന്നാണ് പ്രധാനമായും പലരും ചോദിക്കുന്നത്.
‘പുഷ്പ പോലെ തരംതാണ കഥകളും ഐറ്റം ഡാന്‍സുമുള്ള സിനിമകള്‍ വലിയ ഹിറ്റാക്കുന്ന തെലുങ്ക് ഇന്‍ഡസ്ട്രിക്ക് ഒരു ജനതയുടെ കഷ്ടപ്പാട് കാണിക്കുമ്പോള്‍ ബോറിങ്ങായി തോന്നും’, ‘ആദിപുരുഷ് പോലൊരു ഭൂലോക ബോംബിനെ പൊക്കിയടിച്ച പേജ് തമിഴ് സിനിമയെ കുറ്റം പറയുന്നു’, ‘അര്‍ജുന്‍ റെഡ്ഡി, വീര സിംഹ റെഡ്ഡി പോലെ ഉയര്‍ന്ന ജാതിപ്പേരുള്ള സിനിമകള്‍ മാത്രമേ തെലുങ്കില്‍ ഉണ്ടാകുന്നുള്ളൂ’ എന്നിങ്ങനെയാണ് കമന്റുകള്‍.
അടുത്തിടെ ഭക്തി പ്രധാന പ്രമേയമായി വന്ന തെലുങ്ക് സിനിമകള്‍ക്ക് ഈ പേജ് നല്‍കിയ റിവ്യൂവിന്റെ സ്‌ക്രീന്‍ഷോട്ടും കമന്റ് ബോക്‌സില്‍ ചിലര്‍ പങ്കുവെച്ചു. ആദിപുരുഷ് രാമായണത്തിന്റെ മാസ് വേര്‍ഷനാണെന്ന് പഴയ പോസ്റ്റ് കുത്തിപ്പൊക്കിയിട്ടുണ്ട്. തെലുങ്കില്‍ ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായ മിറൈ എന്ന ചിത്രത്തിന് ഇവര്‍ നല്‍കിയ റിവ്യൂവിന്റെ സ്‌ക്രീന്‍ ഷോട്ടും കമന്റ് ബോക്‌സില്‍ കാണാന്‍ സാധിക്കും.
‘മിറൈയുടെ അവസാന 10 മിനിറ്റ് തിയേറ്ററില്‍ മുഴുവന്‍ ‘ജയ് ശ്രീ റാം’ വിളിയായിരുന്നു. ഭക്തിസാന്ദ്രമായ അനുഭവം’ ഒപ്പം ഒരുപാട് ജയ് ശ്രീ റാം വിളിയും ചേര്‍ത്താണ് മിറൈയുടെ റിവ്യൂ ഈ പേജ് പങ്കുവെച്ചത്. ഇതിനെയും പലരും വിമര്‍ശിക്കുന്നുണ്ട്. ഇത്തരം സിനിമകള്‍ ബോറിങ്ങായി തോന്നാത്തതും ബൈസണ്‍ പോലുള്ള സിനിമകള്‍ ബോറിങ്ങായി തോന്നുന്നതും കാഴ്ചപ്പാടിന്റെ പ്രശ്‌നമാണെന്ന് പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: Telugu page got criticisms after posted the review of Bison Movie