| Thursday, 23rd October 2025, 2:33 pm

ഐറ്റം ഡാന്‍സ് കളിക്കുന്ന വാമ്പയര്‍മാര്‍, ഥാമയെ വിമര്‍ശിച്ച് തെലുങ്ക് പേജ്, പിന്നാലെ ഹിന്ദി- തെലുങ്ക് സിനിമാപ്രേമികളുടെ സൈബര്‍ യുദ്ധം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ മികച്ച സിനിമാറ്റിക് യൂണിവേഴ്‌സാണ് ബോളിവുഡിലെ മാഡോക് ഹൊറര്‍ കോമഡി യൂണിവേഴ്‌സ്. 2018ല്‍ സ്ത്രീ എന്ന ചിത്രത്തിലൂടെ ആരംഭിച്ച യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഥാമ. ആയുഷ്മാന്‍ ഖുറാന നായകനായ ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി വേഷമിട്ടത്. വന്‍ ബജറ്റിലെത്തിയ ഥാമക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തെക്കുറിച്ച് ഒരു തെലുങ്ക് പേജ് പങ്കുവെച്ച റിവ്യൂവാണ് ഇപ്പോള്‍ എക്‌സില്‍ വൈറല്‍. ആകാശവാണി എന്ന പേജാണ് ഥാമയെ വിമര്‍ശിച്ചുകൊണ്ട് റിവ്യൂ പങ്കുവെച്ചത്. ചിത്രം വളരെ മോശമാണെന്നാണ് ആകാശവാണിയുടെ റിവ്യൂ. എന്നാല്‍ റിവ്യൂവിനെക്കാള്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ചിലരെ ചൊടിപ്പിച്ചത്.

‘പ്രിയപ്പെട്ട ബോളിവുഡ്, ഫോക്ക്‌ലോര്‍ നിങ്ങള്‍ക്ക് പറ്റിയ പണിയല്ല. അത് അംഗീകരിച്ച് മുന്നോട്ട് പോകൂ. ഐറ്റം ഡാന്‍സ് കളിക്കുന്ന വാമ്പയര്‍മാരുടെ സിനിമ? സീരിയസായി പറയുന്നതാണോ’ എന്നാണ് റിവ്യൂ. പോസ്റ്റിന് താഴെ ബോളിവുഡ് സിനിമാപ്രേമികളും തെലുങ്ക് സിനിമാപ്രേമികളും തമ്മിലുള്ള സൈബര്‍ യുദ്ധമാണ് കാണാന്‍ സാധിക്കുന്നത്.

തെലുങ്ക് സിനിമകളില്‍ ഏത് ഴോണറാണെങ്കിലും ഐറ്റം ഡാന്‍സ് ഉള്‍പ്പെടുത്തുമെന്നും അവര്‍ക്ക് മറ്റ് ഇന്‍ഡസ്ട്രിയെ കളിയാക്കാന്‍ അവകാശമില്ലെന്നുമാണ് ഭൂരിഭാഗം കമന്റുകളും. പീരിയോഡിക് സിനിമയായ ബാഹുബലിയിലും ആക്ഷന്‍ സിനിമയായ പുഷ്പയിലും ഐറ്റം ഡാന്‍സ് ഉള്‍പ്പെടുത്തിയവരാണ് ബോളിവുഡിനെ കളിയാക്കുന്നതെന്നും വിമര്‍ശനമുണ്ട്.

‘ബോളിവുഡ് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നുണ്ട്, ഒറ്റയിടിക്ക് 12 മീറ്റര്‍ പറന്നുപോകുന്ന സീനാണ് ഇപ്പോഴും തെലുങ്കില്‍’, ‘തുംബാഡ് എന്ന സിനിമയെക്കുറിച്ച് ആകാശവാണിക്ക് അറിവില്ലെന്ന് തോന്നുന്നു’, ‘നടിമാരുടെ നേവല്‍ ഷോയും നായകനെക്കുറിച്ചുള്ള ബില്‍ഡപ്പുമാണ് പല തെലുങ്ക് സിനിമകളിലും’ എന്നിങ്ങനെ തെലുങ്കിനെ വിമര്‍ശിച്ചുകൊണ്ട് ധാരാളം കമന്റുകള്‍ പലരും പങ്കുവെക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം തമിഴ് ചിത്രം ബൈസണെ വിമര്‍ശിച്ച് ഈ പേജ് പങ്കുവെച്ച പോസ്റ്റും വൈറലായിരുന്നു. ജാതിയെക്കുറിച്ചുള്ള സിനിമകള്‍ ചെയ്ത് തമിഴ് ഇന്‍ഡസ്ട്രിക്ക് മടുക്കുന്നില്ലേ എന്ന ചോദ്യത്തിന് നിരവധിപ്പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മറ്റ് ഭാഷയിലെ സിനിമകളെ നിശിതമായി വിമര്‍ശിക്കുന്ന ആകാശവാണിക്ക് നേരെ നിരവധിയാളുകളാണ് വിമര്‍ശനവുമായി എത്തുന്നത്.

Content Highlight: Telugu cinema page review about Thama movie viral

We use cookies to give you the best possible experience. Learn more