സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്പിരിറ്റ്. അനിമലിന്റെ വന്‍ വിജയത്തിന് ശേഷം സന്ദീപ് വാങ്ക റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. വന്‍ ബജറ്റിലാകും ചിത്രം ഒരുങ്ങുന്നതെന്നും അനിമലിനെക്കാള്‍ വയലന്‍സുള്ള ചിത്രമാകുമെന്നും ആരാധകര്‍ അവകാശപ്പെടുന്നു.
കൊറിയന്‍ സൂപ്പര്‍താരം മാ ഡോങ് സിയോക് (ഡോണ്‍ ലീ) സ്പിരിറ്റില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുവെന്ന് തുടക്കം മുതല്‍ക്ക് റൂമറുകളുണ്ടായിരുന്നു. താരം ഉണ്ടാകുമെന്നും ഇല്ലെന്നും പല തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരുന്നു. ഇന്ത്യന്‍ സിനിമക്ക് താങ്ങാവുന്നതിലുമപ്പുറമാണ് ഡോണ്‍ ലീയുടെ ബജറ്റെന്നായിരുന്നു വാദം.
ഇപ്പോഴിതാ സ്പിരിറ്റില്‍ താരം ഉണ്ടായേക്കുമെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. തെലുങ്ക് താരം ശ്രീകാന്തിനൊപ്പം ഡോണ്‍ ലീ നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ കൊഴുത്തത്. വില്ലന്‍ വേഷങ്ങളിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും ശ്രദ്ധേയനായ നടനാണ് ശ്രീകാന്ത്.
കഴിഞ്ഞദിവസം താരം ഡോണ്‍ ലീയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ മാ ഡോങ് സിയോക് ഇന്ത്യയിലെത്താത്തിനാല്‍ ഈ ഫോട്ടോ വിദേശത്ത് നിന്ന് എടുത്തതാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. സ്‌ക്രീന്‍ പ്രസന്‍സിന്റെ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്ന പ്രഭാസും ഡോണ്‍ ലീയും ഒന്നിച്ചെത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
മലയാളികളുടെ സ്വന്തം മമ്മൂട്ടിയും ചിത്രത്തിന്റെ ഭാഗമായേക്കുമെന്ന് കേട്ടിരുന്നു. പ്രഭാസിന്റെ അച്ഛനായാണ് മമ്മൂട്ടി വേഷമിടുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ കാരണം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മമ്മൂട്ടി സ്പിരിറ്റിന് ഓക്കെ പറഞ്ഞോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നായകനൊപ്പം നില്‍ക്കുന്ന വേഷമായിരിക്കും ഇതെന്ന് കേള്‍ക്കുന്നു.
തൃപ്തി ദിമ്രിയാണ് ചിത്രത്തിലെ നായിക. ദീപിക പദുകോണ്‍ ആദ്യം നായികയാകുമെന്ന് കേട്ടിരുന്നെങ്കിലും അണിയറപ്രവര്‍ത്തകര്‍ താരത്തിന്റെ ഡിമാന്‍ഡുകള്‍ അംഗീകരിക്കാത്തതിന് പിന്നാലെ താരം ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയായ സ്പിരിറ്റ് ഈ വര്‍ഷം അവസാനത്തോടെ ഷൂട്ട് ആരംഭിക്കുമെന്നാണ് കരുതുന്നത്.
Content Highlight: Telugu actor Sreekanth’s photo with Ma Dong Seok viral in social media