| Tuesday, 23rd December 2025, 11:27 am

മറയ്‌ക്കേണ്ട ഭാഗങ്ങള്‍ പുറത്തുകാണുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്ന നടിമാര്‍ ഭാരത സംസ്‌കാരത്തിന് അപമാനം: തെലുങ്ക് താരം ശിവാജി

അമര്‍നാഥ് എം.

കോര്‍ട്ട് എന്ന സിനിമയില്‍ വില്ലനായി വേഷമിട്ട തെലുങ്ക് താരം ശിവാജിയുടെ പ്രസ്താവന വിവാദത്തില്‍. ദണ്ടോര എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രസ്മീറ്റിലാണ് ശിവാജി വിവാദപരാമര്‍ശം നടത്തിയത്. ചിത്രത്തിലെ നായിക ബിന്ദു മാധവിയെ പ്രശംസിക്കവെയായിരുന്നു ശിവാജി മറ്റ് സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിച്ചത്.

‘നമ്മുടെ നായിക ഇന്നത്തെ പരിപാടിയില്‍ വളരെ സുന്ദരിയായിട്ടാണ് വന്നത്. സാരിയൊക്ക ധരിച്ച് നല്ല ഭംഗിയുണ്ട്. സ്ത്രീകള്‍ക്ക് ഏറ്റവും മാന്യമായി ചേരുന്ന വസ്ത്രം സാരിയാണ്. ചില നടിമാരുണ്ട്, മറച്ചുവെക്കേണ്ട ഭാഗങ്ങള്‍ പുറത്തുകാണിക്കുന്ന തരത്തിലാണ് അവരുടെ വസ്ത്രധാരണം. അത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. സ്ത്രീകളെ നല്ല രീതിയില്‍ കാണാനും ഇടപഴകാനുമാണ് നമ്മുടെ സംസ്‌കാരം പഠിപ്പിച്ചിട്ടുള്ളത്.

ശിവാജി Photo: Screen grab/ YouWe media

എന്നാല്‍ ആ സ്ത്രീകളെ കാണുമ്പോള്‍ നമുക്കും അതുപോലെ പെരുമാറാന്‍ തോന്നണം. ഇങ്ങനെ വസ്ത്രമൊക്കെ ധരിച്ച് വരുമ്പോള്‍ പുറമെ ചിരിച്ചാലും ഉള്ളില്‍ ചീത്ത പറയുകയായിരിക്കും. ‘കോളനി പെണ്ണേ, ഇങ്ങനെയുള്ള ഡ്രസ്സാണോ ഇടുന്നത്’ എന്നൊക്കെ മനസില്‍ ചോദിക്കുമെന്ന് ഉറപ്പാണ്. ഇതൊക്കെ ഞാന്‍ പറയുമ്പോള്‍ സ്ത്രീകള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാന്‍ സ്വാതന്ത്ര്യമില്ലേ എന്ന് ചോദിക്കും. സ്വാതന്ത്ര്യമുണ്ട്. പക്ഷേ, സ്ത്രീ പ്രകൃതി കൂടിയാണ്. അതിനെ ആരാധിക്കണം’ ശിവാജി പറയുന്നു.

വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ ഉദാഹരണം സാവിത്രിയമ്മയും സൗന്ദര്യയാണെന്നും ശിവാജി കൂട്ടിച്ചേര്‍ത്തു. അവര്‍ക്ക് ശേഷം പുതിയ താരങ്ങളില്‍ തനിക്ക് ബഹുമാനം തോന്നിയത് രശ്മിക മന്ദാനയോടാണെന്നും താരം പറഞ്ഞു. അവരല്ലാതെ മറ്റ് നടിമാരെ ബഹുമാനിക്കണമെന്ന് തോന്നിയിട്ടില്ലെന്നും ശിവാജി പറയുന്നു.

താരത്തിന്റെ ഈ വാക്കുകള്‍ക്കെതിരെ നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. കോര്‍ട്ട് എന്ന ചിത്രത്തില്‍ ജാതിവാദിയായ മങ്കാപതിയെ അവതരിപ്പിച്ച ശിവാജി ആ കഥാപാത്രത്തില്‍ നിന്ന് പുറത്തുവന്നിട്ടില്ലെന്നാണ് പലരും ആരോപിക്കുന്നത്. ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശിവാജിക്കെതിരെ വിമര്‍ശിച്ച് പോസ്റ്റ് പങ്കുവെച്ചു.

സിനിമയില്‍ വില്ലനായ ശിവാജി റിയല്‍ ലൈഫിലും ആ കഥാപാത്രമായി മാറിയെന്നാണ് ചിന്മയി തന്റെ പോസ്റ്റില്‍ കുറിച്ചത്. പൊതുവേദിയില്‍ സ്ത്രീകളെക്കുറിച്ച് വളരെ മോശം വാക്കുകള്‍ ഉപയോഗിച്ച ശിവാജിക്കെതിരെ നടപടി വേണമെന്നും ചിന്മയി ആവശ്യപ്പെടുന്നുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് ഘോരഘോരം സംസാരിച്ച ശിവാജിയുടെ വസ്ത്രധാരണത്തെയും ചിന്മയി പരിഹസിച്ചു.

‘വസ്ത്രധാരണത്തെക്കുറിച്ച് വലിയ ക്ലാസെടുത്ത ശിവാജി ഈ പരിപാടിക്ക് ജീന്‍സും ഹൂഡിയും ധരിച്ചാണ് വന്നത്. അദ്ദേഹത്തിന്റെ സംസ്‌കാരം അനുസരിച്ച് ദോത്തിയും വേഷ്ടിയുമായിരുന്നു ധരിക്കേണ്ടിയിരുന്നത്. ‘ഭാരത സംസ്‌കാരത്തെ’ പിന്തുടരണമല്ലോ. ഈ നാട്ടില്‍ സ്ത്രീകളെ ട്രീറ്റ് ചെയ്യുന്ന രീതി വിശ്വസിക്കാനാകുന്നില്ല’ ചിന്മയി പോസ്റ്റില്‍ കുറിച്ചു.

Content Highlight: Telugu Actor Shivaji made controversial statement on Actress’s dressing style

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more