| Tuesday, 16th June 2026, 11:24 am

ഇന്ത്യയില്‍ ടെലിഗ്രാമിന് താത്കാലിക നിയന്ത്രണം; നീറ്റ് പുനപരീക്ഷാ തട്ടിപ്പ് തടയാനെന്ന് എന്‍.ടി.എ

നിഷാന. വി.വി

ന്യൂദല്‍ഹി: നീറ്റ് പുനപരീക്ഷയ്ക്ക് മുന്നോടിയായി ഇന്ത്യയില്‍ ടെലിഗ്രാം പ്ലാറ്റ്‌ഫോമിന് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി.

ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള വഞ്ചനയും തെറ്റായ വിവരങ്ങളും തടയുന്നതിനാണ് നീക്കമെന്നാണ് കേന്ദ്രത്തിന്റെ വാദം. ജൂണ്‍ 22വരെ ടെലിഗ്രാം ആക്‌സസ് ചെയ്യുന്നതിന് താത്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇലക്ടോണിക്‌സ് ആന്‍ഡ് ഇന്റഫര്‍മേഷന്‍ മന്ത്രാലയം നിര്‍ദേശിച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു.

ജൂണ്‍ 30 വരെ മെസേജ് എഡിറ്റിങ് ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കാനും മന്ത്രാലയം പ്ലാറ്റ്‌ഫോമിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ടെലിഗ്രാം ഉപയോഗിച്ച് നടത്തിയ സംഘടിത തട്ടിപ്പിനെതിരായാണ് ഈ നടപടിയെന്നും മന്ത്രാലയം പറയുന്നു.

നിരവധി ടെലിഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിനും മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതിനും സംഘടിത തട്ടിപ്പ് ശൃംഖലകള്‍ പ്ലാറ്റ്‌ഫോമിനെ ചൂഷണം ചെയ്യുന്നത് തടയുന്നതിനുമായാണ് ഈ നടപടികള്‍ എന്ന് എന്‍.ടി.എ അറിയിച്ചു.

പരീക്ഷ കഴിഞ്ഞതിന് ശേഷം പഴയ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്ത് ചോദ്യപേപ്പര്‍ മുന്‍പേ ചോര്‍ന്നുവെന്ന രീതിയിലുള്ള വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കാന്‍ ടെലിഗ്രാം ഫീച്ചറുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

ചോദ്യ ചോര്‍ച്ചയെ തുടര്‍ന്ന് മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കിയിരിന്നു. പിന്നാലെയാണ് ജൂണ്‍ 21 ന് പുനപരീക്ഷ നടത്തുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരായി വ്യാപകമായ പ്രതിഷേധങ്ങള്‍ രാജ്യത്ത് അരങ്ങേറിയിരുന്നു.

Content Highlight: Telegram temporarily banned in India; NTA says to prevent NEET re-exam fraud

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more