| Wednesday, 17th June 2026, 12:03 pm

ഏതെങ്കിലും ഷോപ്പിങ് മാളില്‍ മോഷണം നടന്നേക്കാം, അതുകൊണ്ട് എല്ലാ ഷോപ്പിങ് മാളും നിങ്ങള്‍ അടച്ചിടണം; നിരോധനത്തെ പരിഹസിച്ച് ടെലിഗ്രാം

സിജൊ

ന്യൂദല്‍ഹി: നീറ്റ് പുനപരീക്ഷയ്ക്ക് മുന്നോടിയായി ഇന്ത്യയില്‍ ടെലിഗ്രാം പ്ലാറ്റ്ഫോമിന് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച് ടെലിഗ്രാം ആപ്പിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍. ആപ്പ് നിരോധനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് എം.പി. കാര്‍ത്തി ചിദംബരത്തിന്റെ എക്‌സ് പോസ്റ്റിന് നല്‍കിയ കമന്റിലായിരുന്നു ടെലിഗ്രാമിന്റെ പരിഹാസം.

‘ഏതെങ്കിലും ഷോപ്പിങ് മാളില്‍ മോഷണം നടന്നേക്കാം എന്നതുകൊണ്ട് നിങ്ങള്‍ എല്ലാ ഷോപ്പിങ് മാളുകളും അടച്ചിടണം. ആരെങ്കിലും ഓവര്‍സ്പീഡില്‍ പോയാല്‍ മൊത്തം റോഡും അടച്ചിടണം,’ എന്നാണ് ടെലിഗ്രാമിന്റെ കമന്റ്.

ആപ്പ് നിരോധനത്തെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു കാര്‍ത്തി ചിദംബരത്തിന്റെ എക്‌സ് പോസ്റ്റും. ടെലിഗ്രാം നിരോധിക്കുന്നതാണോ നീറ്റ് പരീക്ഷ ചോരാതിരിക്കാനുള്ള മാസ്റ്റര്‍ സ്ട്രോക്ക് എന്നായിരുന്നു കാര്‍ത്തിയുടെ എക്‌സ് പോസ്റ്റില്‍ ചോദിച്ചത്.

ടെലിഗ്രാം സ്ഥാപകന്‍ പവേല്‍ ദുറോവും നിരോധനത്തെ വിമര്‍ശിച്ചിട്ടുണ്ട്. ടെലിഗ്രാം വിലക്ക് കൊണ്ട് ചോദ്യപേപ്പര്‍ ചോര്‍ച്ച നില്‍ക്കില്ലെന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ‘പരീക്ഷാ പേപ്പര്‍ ചോര്‍ത്തുന്ന, സിസ്റ്റത്തിന് അകത്ത് തന്നെയുള്ളവരെയല്ല ഈ നിരോധനം ബാധിക്കുക. ഇന്ത്യയിലെ 15 കോടിയിലധികം സാധാരണക്കാരായ ടെലിഗ്രം ഉപഭോക്താക്കളെയാണ് ഈ നിരോധനം വഴി ശിക്ഷിക്കുന്നത്,’ ദുറോവ് അഭിപ്രായപ്പെട്ടു.

നിരോധനം ഒന്നിനെയും അവസാനിപ്പിക്കില്ല. ചോര്‍ത്തല്‍ മറ്റ് ആപ്പുകള്‍ വഴിയായി മാറുക മാത്രമേ സംഭവിക്കൂ എന്നും ദുറോവ് പറഞ്ഞു.

ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള വഞ്ചനയും തെറ്റായ വിവരങ്ങളും തടയുന്നതിനാണ് ടെലിഗ്രാം നിരോധനമെന്നാണ് കേന്ദ്രത്തിന്റെ വാദം. ജൂണ്‍ 22വരെ ടെലിഗ്രാം ആക്സസ് ചെയ്യുന്നതിന് താത്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇലക്ടോണിക്സ് ആന്‍ഡ് ഇന്റഫര്‍മേഷന്‍ മന്ത്രാലയം നിര്‍ദേശിച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു.

ജൂണ്‍ 30 വരെ മെസേജ് എഡിറ്റിങ് ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കാനും മന്ത്രാലയം പ്ലാറ്റ്ഫോമിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ടെലിഗ്രാം ഉപയോഗിച്ച് നടത്തിയ സംഘടിത തട്ടിപ്പിനെതിരായാണ് ഈ നടപടിയെന്നും മന്ത്രാലയം പറയുന്നു.

Comment of Teleghram MEssenger X handle on Karthi Chidambaram’s Post : Photo: Screenshot from X.com

നിരവധി ടെലിഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിനും മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതിനും സംഘടിത തട്ടിപ്പ് ശൃംഖലകള്‍ പ്ലാറ്റ്ഫോമിനെ ചൂഷണം ചെയ്യുന്നത് തടയുന്നതിനുമായാണ് ഈ നടപടികള്‍ എന്ന് എന്‍.ടി.എ അറിയിച്ചു.

പരീക്ഷ കഴിഞ്ഞതിന് ശേഷം പഴയ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്ത് ചോദ്യപേപ്പര്‍ മുന്‍പേ ചോര്‍ന്നുവെന്ന രീതിയിലുള്ള വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കാന്‍ ടെലിഗ്രാം ഫീച്ചറുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

Content Highlight: Telegram’s Sarcastic comment on temporary ban of the app ahead of the NEET re-exam

സിജൊ

Latest Stories

We use cookies to give you the best possible experience. Learn more