ഹൈദരാബാദ്: തെലങ്കാനയിലെ നാഗര്‍കര്‍നൂളില്‍ തുരങ്കമിടിഞ്ഞ് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനാകാതെ ദൗത്യസംഘം.
അപകടം നടന്ന് ഏഴ് ദിവസമായിട്ടും തൊഴിലാളികളുടെ സമീപത്തെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല. എട്ട് പേരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ആരും തന്നെ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തകര്‍ തൊഴിലാളികളുടെ സമീപത്തെത്തിയെങ്കിലും അവസാനത്തെ 50 മീറ്ററില്‍ മണ്ണും ചെളിയും വെള്ളവും നിറഞ്ഞിരിക്കുന്ന സാഹചര്യമാണുള്ളത്. നിലവില്‍ തുരങ്കത്തിനുളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ നൂതന ഉപകരണങ്ങള്‍ എത്തിച്ചതായി നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
നാഗര്‍കര്‍ണൂലില്‍ അഞ്ഞൂറോളം പേര്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേന, കരസേന, നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, സിംഗരേണി കൊളിയറീസ്, എസ്.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥരാണ് രക്ഷാദൗത്യ രംഗത്തുള്ളത്.
എന്നാല്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചല്‍ ഉണ്ടാകുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നത്. ഫെബ്രുവരി 23നാണ് അപകടം ഉണ്ടായത്. തെലങ്കാനയിലെ നാഗര്‍കുര്‍നൂള്‍ ജില്ലയിലെ ദോമലപെന്റയ്ക്കടുത്തുള്ള തുരങ്കമാണ് ഇടിഞ്ഞത്. തുരങ്കത്തിന്റെ മേല്‍ക്കൂരയുടെ മൂന്ന് മീറ്ററോളം ഇടിഞ്ഞുവീഴുകയായിരുന്നു. ടണലിന്റെ പുറത്ത് നിന്ന് 14 കിലോമീറ്റര്‍ ഉള്ളിലായാണ് അപകടം നടന്നത്.
നേരത്തെ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സംഘം അപകടസ്ഥലത്തെത്തി തൊഴിലാളികളുടെ പേരുകള്‍ വിളിച്ചുനോക്കിയെങ്കിലും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ അഞ്ച് പേര്‍ ജാര്‍ഖണ്ഡ് സ്വദേശികളാണ്.
അപകടത്തില്‍പ്പെട്ട എട്ട് പേരില്‍ രണ്ട് ആളുകള്‍ എഞ്ചിനീയര്‍മാറും മറ്റുള്ളവര്‍ തൊഴിലാളികളുമാണ്. അപകടം നടക്കുമ്പോള്‍ 51 തൊഴിലാളികള്‍ ടണലിലുണ്ടായിരുന്നു. ഇതില്‍43 പേരെ രക്ഷിച്ചതായി ഭരണകൂടം അറിയിച്ചിരുന്നു.
ഇതിനിടെ തുരങ്കത്തിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്ന് നാഗര്‍കര്‍നൂള്‍ കളക്ടര്‍ ബദാവത് സന്തോഷ് പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്നതായും അദ്ദേഹം പറഞ്ഞു.
Content Highlight: Telangana tunnel collapse accident; Even after seven days, the rescue mission did not bear fruit