| Friday, 27th June 2025, 11:28 am

തെലങ്കാനയിൽ സയൻസ് ക്ലാസിൽ പശുവിന്റെ തലച്ചോറ് കൊണ്ടുവന്നെന്ന് ആരോപണം; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിശാഖപട്ടണം: തെലങ്കാനയിൽ സയൻസ് ക്ലാസിൽ പശുവിന്റെ തലച്ചോറ് കൊണ്ടുവന്നെന്ന് ആരോപിച്ച് അധ്യാപകന് സസ്‌പെൻഷൻ. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ ഒരു സർക്കാർ സ്‌കൂൾ അധ്യാപകനെയാണ് ശാസ്ത്ര പ്രദർശനത്തിന്റെ ഭാഗമായി ക്ലാസ് മുറിയിലേക്ക് പശുവിന്റെ തലച്ചോറ് കൊണ്ടുവന്നെന്ന് ആരോപിച്ച് സസ്‌പെൻഡ് ചെയ്തത്. തണ്ടൂർ നിയോജകമണ്ഡലത്തിലെ യാലാൽ മണ്ഡലിലെ ജില്ലാ പരിഷത്ത് ഗേൾസ് ഹൈസ്‌കൂളിലാണ് സംഭവം.

ഖാസിം ബി എന്ന ശാസ്ത്ര അധ്യാപകൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മനുഷ്യന്റെ തലച്ചോർ എങ്ങനെയിരിക്കുമെന്ന് കാണിക്കുന്നതിനായി ഡെമോയായി പശുവിന്റെ തലച്ചോർ കൊണ്ടുവന്നെന്നാണ് റിപ്പോർട്ട്. അധ്യാപകൻ മാതൃകയോടൊപ്പം ഫോട്ടോയെടുത്ത് ക്ലാസ് മുറിക്കുള്ളിൽ പോസ് ചെയ്തുവെന്നും പിന്നീട് ചിത്രങ്ങൾ സ്കൂളിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കിട്ടതായും പറയപ്പെടുന്നു. ചില വിദ്യാർത്ഥികൾ ഈ പ്രവൃത്തിയെ എതിർക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തെങ്കിലും അധ്യാപകൻ അവരെ അവഗണിച്ചുവെന്നാണ് ആരോപണം.

കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തലച്ചോറിന്റെ സാമ്പിൾ പശുവിന്റേതാണോ എന്ന് നിർണയിക്കാൻ തെലങ്കാന ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും വികാരാബാദ് ജില്ലാ സൂപ്രണ്ട് നാരായണ റെഡ്ഡി പറഞ്ഞു. ‘ഞങ്ങൾ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അധ്യാപകന് അത് ക്ലാസിന്റെ ഭാഗമായി കൊണ്ടുവന്നതായി ഞങ്ങളോട് പറഞ്ഞു,’ അദ്ദേഹം പറഞ്ഞു.

തെലങ്കാനയിൽ ഗോവധം നിരോധിച്ചിരിക്കുന്നതിനാൽ, ഇത് നിയമപ്രകാരം കുറ്റകരമാണെന്ന് അദ്ദേഹം പറഞ്ഞു. 1977 ലെ തെലങ്കാന ഗോവധ നിരോധന, മൃഗ സംരക്ഷണ നിയമപ്രകാരം, കാള, പശു, എരുമ, പോത്ത് പശുക്കിടാവ് എന്നിവയെ കൊല്ലാൻ പാടില്ല.

സംഭവത്തെത്തുടർന്ന് സ്കൂളിന് സമീപം തീവ്ര ഹിന്ദുത്വവാദികൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

ജൂൺ 17 ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സംസ്ഥാനത്ത് പശു സംരക്ഷണത്തിനായി ഒരു സമഗ്ര നയം രൂപീകരിക്കുന്നതിനായി മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവന പ്രകാരം, ആദ്യ ഘട്ടത്തിൽ നാല് സ്ഥലങ്ങളിൽ അത്യാധുനിക സൗകര്യങ്ങളുള്ള പശു ഷെൽട്ടറുകൾ സ്ഥാപിക്കാൻ മൂന്നംഗ പാനൽ ശ്രമിക്കും.

മൃഗസംരക്ഷണ വകുപ്പ് സ്‌പെഷ്യൽ ചീഫ് സെക്രട്ടറി സബ്യസാചി ഘോഷ്, എൻഡോവ്‌മെന്റ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷൈലജ രാമയ്യർ, സംസ്ഥാന കൃഷി വകുപ്പ് സെക്രട്ടറി രഘുനന്ദൻ റാവു എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

Content Highlight: Telangana teacher suspended for using cow’s brain in science class demo

We use cookies to give you the best possible experience. Learn more