ന്യൂദല്‍ഹി: മുസ്‌ലിങ്ങള്‍ക്കെതിരെ ഗറില്ല മോഡല്‍ യുദ്ധത്തിന് തയ്യാറാകണമെന്ന ആഹ്വാനവുമായി തെലങ്കാനയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ടി. രാജ സിങ്. ദല്‍ഹിയില്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ യോഗത്തിലാണ് ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്തത്. മുസ്‌ലിങ്ങള്‍ക്കെതിരെ നിരന്തരമായി വിദ്വേഷപ്രസംഗം നടത്തുന്ന വിവാദ നായകന്‍ കൂടിയാണ് രാജ സിങ്.
രഹസ്യ യോഗത്തിലെ വിവാദ പ്രസ്താവനകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. സംഘടനയിലെ പ്രശ്നങ്ങള്‍ക്ക് പിന്നാലെ രാജ സിങ് അടുത്തിടെ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചിരുന്നു.
വിദ്വേഷ പ്രസ്താവനകളുടെ പേരില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗോഷാമഹല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയാണ് രാജ സിങ്.
‘ജിഹാദികളെ തീര്‍ച്ചയായും ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്, ഇത് അനിവാര്യമാണ്. ഗറില്ലാ മോഡലില്‍ യുദ്ധത്തിന് തയ്യാറായി വരുന്നവരുടെ പേരുകള്‍ എനിക്ക് വേണം. ഒരു കൈ ചെയ്യുന്നത് മറു കൈ അറിയാത്ത രീതിയിലാണ് ഇവിടെ കാര്യങ്ങള്‍ നടപ്പിലാക്കുക.
അതീവ രഹസ്യമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരെയാണ് എനിക്ക് വേണ്ടത്. അങ്ങനെയുള്ളവര്‍ എന്ന ബന്ധപ്പെടണം. വിവേകമുള്ളവര്‍ക്ക് ഞാന്‍ പറഞ്ഞത് മനസിലാകും,’ രാജ സിങ് യോഗത്തില്‍ പറഞ്ഞു.
അടുത്ത 15-20 വര്‍ഷത്തിനുള്ളില്‍ ഒരു മഹായുദ്ധം നടക്കുമെന്നാണ് യോഗത്തില്‍ പങ്കെടുത്ത തീവ്ര ഹിന്ദുത്വ വാദികളില്‍ ഒരാള്‍ പറഞ്ഞത്. ഈ യോഗത്തിന്റെ ഭാഗമായ എല്ലാവരും ഇതില്‍ പങ്കെടുക്കുമെന്നും ഇയാള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദക്ഷ് ചൗധരിയടക്കമുള്ളവരുടെ പേരും യോഗത്തില്‍ എടുത്ത് പറയുന്നുണ്ട്. വിദ്വേഷ കുറ്റങ്ങളുടെ ഭാഗമായി കേസുകളുള്ളതും ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടതുമായ വ്യക്തിയാണ് ദക്ഷ് ചൗധരി.
ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ (എ.ഐ.എം.ഐ.എം) ദേശീയ വക്താവ് ആദില്‍ ഹുസൈന്‍ വിഷയത്തെ അപലപിച്ചു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധ ക്ഷണിച്ച ആദില്‍ ഹുസൈന്‍ രാജ സിങ്ങിനെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടുന്ന സബ്കാ സാത്ത്, സബ്കാ വികാസ് എന്ന മുദ്രാവാക്യത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്താണെന്ന് ഈ സംഭവത്തിലൂടെ വ്യക്തമായെന്നും ആദില്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.
ഹരിയാന മുന്‍ കോണ്‍ഗ്രസ് സെക്രട്ടറി രാജന്‍ റാവുവും രാജ സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. ഇത് കേവലം ക്രമസമാധാന പ്രശ്‌നമല്ല, ഗുരുതരമായ ദേശീയ സുരക്ഷാ പ്രശ്‌നമാണെന്നാണ് റാവു ചൂണ്ടിക്കാട്ടി. വീഡിയോകള്‍ ഉടന്‍ പരിശോധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Telangana MLA T. Raja Singh calls for guerilla warfare against Muslims