തെലങ്കാന ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ നായകനാകുന്ന ദെയ് കോള്‍ ഹിം ഒ.ജിയുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ഉത്തരവ് റദ്ദാക്കി തെലങ്കാന ഹൈക്കോടതി. എല്ലാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. പത്തുദിവസത്തേക്ക് ഇത്തരത്തില്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി നിര്‍മാതാവ് സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.
സെപ്റ്റംബര്‍ 25ന് റിലീസാകുന്ന സിനിമയുടെ ടിക്കറ്റ് നിരക്ക് ഒക്ടോബര്‍ നാല് വരെ വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം. സിംഗിള്‍ സ്‌ക്രീനുകളില്‍ 177 രൂപക്ക് ലഭിക്കുന്ന ടിക്കറ്റിന് 277 രൂപയായും മള്‍ട്ടിപ്ലെക്‌സുകളില്‍ 295 രൂപയുടെ ടിക്കറ്റുകള്‍ 445 രൂപയുമാക്കിയാണ് തെലങ്കാന സര്‍ക്കാര്‍ ഉയര്‍ത്തിയത്. റിലീസിന്റെ തലേദിവസം നടക്കുന്ന പ്രീമിയര്‍ ഷോയുടെ ടിക്കറ്റുകള്‍ക്കും വലിയ വിലയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
800 മുതല്‍ 1000 രൂപ വരെയാണ് പ്രീമിയര്‍ ഷോയുടെ ടിക്കറ്റ് നിരക്ക്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം ബുക്കിങ്ങിലൂടെ മാത്രം 50 കോടിയോളം നേടിയത് ഇരട്ടി റേറ്റുള്ള ടിക്കറ്റുകളിലൂടെയാണ്. സ്വന്തം ഉപമുഖ്യമന്ത്രിയുടെ സിനിമ എങ്ങനെയെങ്കിലും ഹിറ്റാക്കാനുള്ള തെലങ്കാന സര്‍ക്കാരിന്റെ നീക്കത്തിന് ഇതോടെ തിരിച്ചടി നേരിട്ടിരിക്കുകയാണ്.
ആന്ധ്രയിലെ വലിയ താരമെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന പവന്‍ കല്യാണിന്റെ അവസാന ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ഷൂട്ടിനെക്കാള്‍ രാഷ്ട്രീയ പ്രചാരണത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ പല സിനിമകളുടെയും ഷൂട്ട് നീണ്ടുപോവുകയായിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഹരിഹര വീരമല്ലു 200 കോടിയുടെ നഷ്ടമാണ് നിര്‍മാതാവിന് സമ്മാനിച്ചത്.
സാഹോക്ക് ശേഷം സുജീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദെയ് കോള്‍ ഹിം ഓ.ജി. 1980കളില്‍ മുംബൈയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തില്‍ വില്ലനായി വേഷമിടുന്നത്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ട്രെയ്‌ലറില്‍ പവന്‍ കല്യാണിന്റെ ആക്ഷന്‍ സീനുകള്‍ ട്രോളിന് വിധേയമായിരുന്നു.
പ്രിയങ്ക മോഹന്‍ നായികയായി വേഷമിടുന്ന ചിത്രത്തില്‍ മലയാളി താരങ്ങളായ സുദേവ് നായര്‍, ഹരീഷ് ഉത്തമന്‍ എന്നിവരും ഭാഗമാകുന്നുണ്ട്. എസ്. തമന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ക്കും മലയാളിയായ ഏസ്‌തെറ്റിക് കുഞ്ഞമ്മ ഒരുക്കിയ പോസ്റ്ററുകള്‍ക്കും വന്‍ വരവേല്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
Content Highlight: Telangana High Court cancelled the the ticket price hike of O G Movie starring Pawan Kalyan