ഹൈദരാബാദ്: തെലങ്കാനയില്‍ റോഡ് വീതി കുട്ടാനായി പൊളിച്ചുമാറ്റിയ ദര്‍ഗയും ശ്മശാനവും സന്ദര്‍ശിക്കാനെത്തിയ മുന്‍ എം.എല്‍.എ പി. നരേന്ദര്‍ റെഡ്ഡിയെ വികാരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസമായിരുന്നു സംഭവം.
റോഡിന്റെ വീതി കൂട്ടുന്നതിനായി കൊടങ്ങലില്‍ മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചുമാറ്റിയ ദര്‍ഗ, അശൂര്‍ഖാന, മൂന്ന് ശ്മശാനങ്ങള്‍ എന്നിവ സന്ദര്‍ശിക്കാനും ഈ നടപടിക്കെതിരെ പ്രതിഷേധിക്കാനും ബി.ആര്‍.എസ് നേതാക്കള്‍ പദ്ധതിയിട്ടിരുന്നു.
എന്നാല്‍ നിരവധി ബി.ആര്‍.എസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചിലരെ വീട്ടുതടങ്കലിലാക്കുകയുമായിരുന്നു. കൊടങ്ങല്‍ നിയോജകമണ്ഡലത്തിലെ മുന്‍ എം.എല്‍.എ പി. നരേന്ദര്‍ റെഡ്ഡിയെ ദദ്യാല്‍ ഗേറ്റില്‍ വെച്ചാണ് വികാരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.
റോഡിന്റെ വീതി കൂട്ടാനായി ദര്‍ഗയും ശ്മശാനങ്ങളും പൊളിച്ചതില്‍ കഴിഞ്ഞ കുറച്ചുദിവസമായി പ്രദേശത്ത് പ്രതിഷേധം കനക്കുകയായിരുന്നു. സെപ്റ്റംബര്‍ 21ന് സംഭവസ്ഥലത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ മുസ്‌ലിം യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നൂറിലധികം യുവാക്കള്‍ സംഭവസ്ഥലത്ത് ഒത്തുകൂടി മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തിയിരുന്നു.
സംഭവത്തില്‍ മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് (എം.ബി.ടി) നേതാവ് അംജദുള്ള ഖാനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മുസ്‌ലിം ജനതയെ ബുദ്ധിമുട്ടിക്കുകയാണെന്നും ഇത് തുടരുകയാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച പണം പോലും അദ്ദേഹത്തിന് ലഭിക്കില്ലെന്നും അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയില്‍ അംജദുള്ള ഖാന്‍ പ്രതികരിച്ചു. ഭരണകൂടത്തിന്റെ ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlight: Telangana ex MLA got arrested during protest of demolishing Dargah and graveyard