| Tuesday, 17th February 2026, 8:40 am

തെലങ്കാന; കോതഗുഡെം മേയര്‍ സ്ഥാനത്തേക്ക് സി.പി.ഐയുടെ മൂഡ് ഗണേഷ്

രാഗേന്ദു. പി.ആര്‍

ഹൈദരാബാദ്: തെലങ്കാനയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോതഗുഡെം കോര്‍പ്പറേഷന്‍ പിടിച്ചെടുത്തതിന് പിന്നാലെ മേയര്‍ സ്ഥാനം നേടി സി.പി.ഐ. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള മൂഡ് ഗണേഷാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇത് ജനപക്ഷ, മതേതര, ഇടതുപക്ഷ രാഷ്ട്രീയത്തിനായുള്ള ജനങ്ങളുടെ വിധിനിര്‍ണയമാണെന്ന് സി.പി.ഐ പറഞ്ഞു. തങ്ങളെ വിശ്വസിച്ച് വോട്ട് ചെയ്ത മുഴുവന്‍ വോട്ടര്‍മാര്‍ക്കും സി.പി.ഐ നന്ദിയറിയിക്കുകയും ചെയ്തു.

അതേസമയം ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ മിന്നും വിജയമാണ് തെലങ്കാനയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടത്. സംസ്ഥാനത്തെ കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും കോണ്‍ഗ്രസ് തൂത്തുവാരി.

മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആര്‍.എസും അസദുദ്ദീന്‍ ഉവൈസി നേതൃത്വം നല്‍കുന്ന എ.ഐ.എം.ഐ.എമ്മും തെരഞ്ഞെടുപ്പില്‍ നിലംപരിശായിരുന്നു. അതേസമയം രണ്ട് കോര്‍പ്പറേഷനുകളില്‍ ബി.ജെ.പിക്ക് ഭരണം പിടിക്കാനായി.

സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളിലാണ് കോണ്‍ഗ്രസ് ഭരണം നേടിയത്. 123ല്‍ 84 മുന്‍സിപ്പാലിറ്റികളും കോണ്‍ഗ്രസ് നേടി. 5992 വാര്‍ഡുകളില്‍ 3074 ഇടതും കോണ്‍ഗ്രസ് വന്‍ വിജയം കരസ്ഥമാക്കി.

സി.പി.ഐ ഭരണം നേടിയ കോതഗുഡെം കോര്‍പ്പറേഷനില്‍ 60 സീറ്റുകളാണ് ആകെയുള്ളത്. ഇതില്‍ സി.പി.ഐയും കോണ്‍ഗ്രസും 22 സീറ്റുകള്‍ നേടി. സി.പി.ഐ.എമ്മും ബി.ജെ.പിയും ഓരോ സീറ്റുകളില്‍ വീതവും വിജയിച്ചിരുന്നു.

പിന്നാലെ കോര്‍പ്പറേഷന്‍ ഭരണം സംബന്ധിച്ച് സി.പി.ഐയും കോണ്‍ഗ്രസും തമ്മില്‍ ധാരണയിലെത്തി. ആദ്യത്തെ രണ്ടരവര്‍ഷം മേയര്‍ സ്ഥാനം സി.പി.ഐക്ക് ലഭിക്കും. കോണ്‍ഗ്രസിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനവും. ശേഷം സി.പി.ഐ കോണ്‍ഗ്രസിന് മേയര്‍ സ്ഥാനം കൈമാറും. ഡെപ്യൂട്ടി മേയര്‍ സ്ഥാനം സി.പി.ഐക്കും കൈമാറും.

ഇതിനിടെ സി.പി.ഐയെ പിന്തുണക്കാമെന്ന വാഗ്ദാനവുമായി ബി.ആര്‍.എസ് രംഗത്തെത്തിയിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി, പി.സി.സി അധ്യക്ഷന്‍ ബി. മഹേഷ് കുമാര്‍ എന്നിവരുടെ ഇടപെടല്‍ കോതഗുഡെത്തില്‍ വഴിത്തിരിവായി. സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കുന്നംനേനി സാംബശിവ റാവുവാണ് കോതഗുഡെത്തെ എം.എല്‍.എ.

Content Highlight: Telangana; CPI’s Mood Ganesh for Kothagudem Mayor’s post

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more