ഹൈദരാബാദ്: മുതിർന്നവരോട് ബഹുമാനമില്ലാത്ത യുവ പത്രപ്രവർത്തകരെ ചിലപ്പോഴൊക്കെ തല്ലാൻ തോന്നാറുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. എന്നാൽ സാഹചര്യങ്ങൾ കാരണം അതിന് കഴിയാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യകാലത്തെല്ലാം പത്രപ്രവർത്തകർ നാടിനും നാട്ടുകാർക്കും വേണ്ടി സ്വന്തം ആരോഗ്യവും കുടുംബവും മറന്ന് പ്രവർത്തിക്കുമായിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കാനും അവരെ സഹായിക്കാനും ദിവസങ്ങളോളം അവർ ഉൾപ്രദേശങ്ങളിൽ വരെ പോയി വാർത്തകൾ കണ്ടെത്തി പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കുമായിരുന്നുവെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
എന്നാൽ ഇപ്പോഴത്തെ യുവ മാധ്യമ പ്രവർത്തകർക്ക് ആ മുതിർന്ന മാധ്യമ പ്രവർത്തകരെക്കുറിച്ച് അറിയില്ലെന്നും അവർ വരുമ്പോഴോ മറ്റ് മുതിർന്നവർ വരുമ്പോഴോ എഴുന്നേൽക്കാനുള്ള സാമാന്യബുദ്ധി പോലും ഇല്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
‘ഞങ്ങൾ പത്രസമ്മേളനങ്ങൾ നടത്തുമ്പോൾ മുൻ നിരയിൽ ഇരുന്ന് ഞാൻ അവരെ അഭിവാദ്യം ചെയ്യുന്നില്ല, തല കുനിക്കുന്നില്ല എന്ന മട്ടിൽ അവർ എന്നെ നോക്കുന്നത് കാണാം. ചിലപ്പോൾ അവരെ അടിക്കാൻ തോന്നും. പക്ഷേ സാഹചര്യങ്ങളും സ്ഥാനവും അതിനിടയിൽ വരും,’ രേവന്ത് റെഡ്ഡി മാധ്യമ പ്രവർത്തകരെ വിമർശിച്ചു.
മുഖ്യമന്ത്രിയുടെ ഈ പരാമർശം തെലങ്കാനയിൽ പുതിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. കോൺഗ്രസിന് അടിയന്തരാവസ്ഥയുടെ ഡി.എൻ.എ ഉണ്ടെന്ന് കാണിക്കുന്നതാണ് ഇതെന്നും ഭീഷണികളുടെ കടയാണ് കോൺഗ്രസെന്നും ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല എക്‌സിൽ കുറിച്ചു.
രാഷ്ട്രീയ പാർട്ടികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും തെറ്റുകൾ മറച്ചുവെക്കുന്നതിനുമായി ചില മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിക്കുണ്ടെന്നും അതുവഴി മാധ്യമപ്രവർത്തനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുകയാണെന്നും രേവന്ത് റെഡ്ഡി വിമർശനമുന്നയിച്ചു.
സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തെയും അദ്ദേഹം പരാമർശിച്ചു. പത്രപ്രവർത്തനത്തിന്റെ മറവിൽ സത്യസന്ധമല്ലാത്ത ഘടകങ്ങൾ സോഷ്യൽ മീഡിയയെ ചൂഷണം ചെയ്യുന്നു. അവരിൽ ചിലർക്ക് പത്രപ്രവർത്തനത്തിന്റെ അടിസ്ഥാനകാര്യങ്ങൾ പോലും അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മാധ്യമ പ്രവർത്തകർ ആത്മപരിശോധന നടത്തണമെന്നും ഉത്തരവാദിത്തമുള്ള പത്രപ്രവർത്തനത്തിനായി ‘ലക്ഷ്മണ രേഖ’ വരക്കണമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
Content Highlight: Telangana Chief Minister says he feel like beating up young journalists who don’t respect elders