| Tuesday, 1st July 2025, 9:30 am

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറി സ്ഫോടനം; മരണ സംഖ്യ 32 ആയി ഉയർന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഹൈദരാബാദിനടുത്തുള്ള പശമൈലാറമിലെ കെമിക്കൽ ഫാക്ടറി യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 32 ആയി ഉയർന്നു. പരിക്കേറ്റ 15 ഓളം പേർ രാത്രിയിൽ വിവിധ ആശുപത്രികളിൽ വെച്ച് മരണപ്പെട്ടു.

അപകട കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യമന്ത്രി ദാമോദർ രാജ നരസിംഹ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദുരന്തത്തിന്റെ കാരണം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഒരു ഉന്നത സമിതിയെ നിയമിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറി, സ്പെഷ്യൽ ചീഫ് സെക്രട്ടറി (ദുരന്തനിവാരണം), പ്രിൻസിപ്പൽ സെക്രട്ടറി (തൊഴിൽ), പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം), അഡീഷണൽ ഡി.ജി.പി (ഫയർ സർവീസസ്) എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ.

സ്ഫോടനത്തിന്റെ ആഘാതത്തിൽ മൂന്ന് നില കെട്ടിടം തകർന്നിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇത് മരണ സംഖ്യ ഉയരാൻ കാരണമായേക്കും. അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.

ഹൈദരാബാദിൽ നിന്ന് 50 കിലോമീറ്റർ അകലെ സംഗറെഡ്ഡി ജില്ലയിലെ പശമൈലാരം വ്യവസായ മേഖലയിലെ സിഗാച്ചി ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. മൈക്രോക്രിസ്റ്റലിൻ സെല്ലുലോസ് (എം.സി.സി) ഡ്രൈയിങ് യൂണിറ്റിലായിരുന്നു സ്ഫോടനം ഉണ്ടായത്.

ഇരകളിൽ ഭൂരിഭാഗവും ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളായിരുന്നു. അപകടം നടക്കുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ 150 തൊഴിലാളികള്‍ ഉണ്ടായിരുന്നു. അവരില്‍ 90ഓളം പേര്‍ സ്‌ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്നതായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് സത്യനാരായണ പ്രതികരിച്ചു.

ഏകദേശം അഞ്ച് കിലോമീറ്റർ അകലെ വരെ സ്ഫോടന ശബ്ദം കേൾക്കാമായിരുന്നു. 15 ഫയർ എഞ്ചിനുകൾ ഉപയോഗിച്ചാണ് തീ അണച്ചത്.

പ്രഥമദൃഷ്ട്യാ റിയാക്ടർ സ്ഫോടനമല്ലെന്ന് തൊഴിൽ മന്ത്രി ജി. വിവേക് ​​പറഞ്ഞു. എയർ ഡ്രയർ സിസ്റ്റത്തിലെ എന്തോ പ്രശ്നമാണ് സ്ഫോടനത്തിനും തീപിടുത്തത്തിനും കാരണമെന്ന് കരുതപ്പെടുന്നു.

അപകടത്തിന് പിന്നാലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനും പരിക്കേറ്റവര്‍ക്ക് അടിയന്തിരമായി ചികിത്സ നല്‍കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാനും അപകടം സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Content Highlight: Telangana Chemical Factory Blast: Number Of Deaths Rises To 32

We use cookies to give you the best possible experience. Learn more