| Monday, 17th November 2025, 8:12 pm

ഐഫോണ്‍ 17ഉം രാജമൗലിയുടെ സിനിമയും കാവി കളറില്‍, ഭാവിയുടെ നിറമെന്ന് തെലങ്കാന ബി.ജെ.പി, കമന്റ് ബോക്‌സില്‍ ട്രോള്‍ മഴ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലങ്കാന ബി.ജെ.പി കഴിഞ്ഞദിവസം പങ്കുവെച്ച ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. രാജമൗലിയുടെ പാന്‍ വേള്‍ഡ് ചിത്രം വാരണാസിയുടെ ടൈറ്റില്‍ ടീസറിന് പിന്നാലെയാണ് ബി.ജെ.പി തങ്ങളുടെ പോസ്റ്റ് പങ്കുവെച്ചത്. വാരണാസി എന്ന ടൈറ്റിലിനൊപ്പം മഹേഷ്ബാബുവിന്റെ മുഖം കാണിക്കുന്ന സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു പോസ്റ്റ്.

‘ആപ്പിളിന്റെ പുതിയ ഫോണായ ഐഫോണ്‍ 17നും രാജമൗലിയുടെ അടുത്ത ഇതിഹാസ സിനിമക്കും ഒരേ നിറം, ഭാവി കാവിയുടെ കൈയില്‍ സുരക്ഷിതം’ എന്നാണ് ഐഫോണ്‍ 17 പ്രോയുടെയും വാരണാസിയുടെയും ചിത്രങ്ങളുടെ കൂടെ ബി.ജെ.പി പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ പലരും ബി.ജെ.പി.യെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളാണ് പങ്കുവെക്കുന്നത്.

‘ഈ രണ്ടെണ്ണം മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ ജയിലിലെ കുറ്റവാളികളുടെ യൂണിഫോമിന്റെ നിറവും കാവി തന്നെയാണ്, അതും കൂടി ചേര്‍ക്കാമായിരുന്നു’, ‘തൊട്ടുമുമ്പ് പുറത്തിറക്കിയ മോഡലിന്റെ നിറം പച്ചയായിരുന്നു. അപ്പോള്‍ കാവിക്ക് മുമ്പ് ഇസ്‌ലാം മതത്തെ അംഗീകരിച്ചെന്നാണോ പറഞ്ഞുവരുന്നത്’ എന്നിങ്ങനെ ധാരാളം കമന്റുകളുണ്ട്.

ഫാന്റാ, മിരിണ്ട പോലുള്ള ശീതളപാനീയങ്ങളുടെ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ട് ഇതിന്റെയെല്ലാം ഉടമസ്ഥാവകാശം ചോദിക്കുമോ എന്നും കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്. പത്താന്‍ എന്ന സിനിമയില്‍ ദീപിക പദുകോണിന്റെ ബിക്കിനിയുടെ നിറം ഓറഞ്ചായതിന്റെ പേരില്‍ സംഘപരിവാര്‍ ഭീഷണി മുഴക്കിയതും ചിലര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

ഇത്തരം തരംതാണ പോസ്റ്റുകള്‍ പങ്കുവെക്കുന്ന പേജ് അഡ്മിന്‍ ആരാണെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഐഫോണിന്റെ ഓറഞ്ച് നിറം ഇപ്പോള്‍ പിങ്ക് നിറത്തിലേക്ക് മാറുന്നുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരൊറ്റ പോസ്റ്റ് കൊണ്ട് സോഷ്യല്‍ മീഡിയയിലൊട്ടാകെ തെലങ്കാന ബി.ജെ.പി ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

1000 കോടിക്കടുത്താണ് വാരണാസിയുടെ ബജറ്റ്. ഒരു വര്‍ഷത്തോളം സമയമെടുത്താണ് അണിയറപ്രവര്‍ത്തകര്‍ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പൂര്‍ത്തിയാക്കിയത്. ഐമാക്‌സിന്റെ ലാര്‍ജ് പ്രീമിയം ഫോര്‍മാറ്റിലൊരുങ്ങുന്ന ചിത്രം 2027 മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും. മഹേഷ് ബാബുവിനൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Content Highlight: Telangana BJP’s tweet after Varanasi movie title teaser viral

We use cookies to give you the best possible experience. Learn more