| Thursday, 12th November 2020, 3:21 pm

മോദിക്കോ നിതീഷിനോ തടയാനാവില്ല ഈ 31കാരനെ; മുഖ്യമന്ത്രിക്കസേരയില്‍ ആരിരുന്നാലും യഥാര്‍ത്ഥ വിജയി താനെന്ന് തേജസ്വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: മുഖ്യമന്ത്രിക്കസേരയില്‍ ആരിരുന്നാലും യഥാര്‍ത്ഥ വിജയം തനിക്കെന്ന് ആര്‍.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായിരുന്ന തേജസ്വി യാദവ്. തന്നെ തളര്‍ത്താന്‍ നിതീഷിനോ മോദിക്കോ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിതീഷ്‌കുമാറും മണി പവറും മസില്‍ പവറും തന്ത്രങ്ങളും ഉപയോഗിച്ചിരിക്കാം. പക്ഷെ ഈ 31കാരനെ തടയാന്‍ അവര്‍ക്കാവില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നതില്‍ നിന്നും ആര്‍.ജെ.ഡിയെ തടയാന്‍ അവര്‍ക്കാവില്ല,’ തേജസ്വി യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിതീഷ് മൂന്നാം സ്ഥാനത്തേക്ക് തള്ളിയിടപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ തിളക്കം നശിച്ചുവെന്നും തേജസ്വി യാദവ് പറഞ്ഞു.

‘നോക്കൂ നിതീഷിന്റെ തിളക്കം എവിടെ പോയെന്ന്? അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇത് മാറ്റത്തിനുള്ള ജനവിധിയാണ്. നിതീഷ് കുമാറാണ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നതെങ്കിലും ജനങ്ങളുടെ മനസില്‍ ഞങ്ങള്‍തന്നെയാണ്,’ തേജസ്വി പറഞ്ഞു.

മഹാസഖ്യം സര്‍ക്കാരുണ്ടാക്കുമെന്ന് നേരത്തെ തേജസ്വി യാദവ് പറഞ്ഞിരുന്നു. പാര്‍ട്ടി യോഗത്തിലാണ് തേജസ്വി ഇക്കാര്യം അറിയിച്ചത്. ആര്‍.ജെ.ഡിയുടെ എല്ലാ എം.എല്‍.എമാരും ഒരു മാസത്തേക്ക് പട്നയില്‍ തുടരണമെന്നും സ്വന്തം മണ്ഡലത്തിലേക്ക് മടങ്ങരുതെന്നും തേജസ്വി ആവശ്യപ്പെട്ടു.

ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും എന്ത് നിലപാടാണ് എടുക്കുന്നതെന്ന് നോക്കാമെന്നായിരുന്നു തേജസ്വി നേരത്തെ പാര്‍ട്ടി നേതാക്കളെ അറിയിച്ചിരുന്നത്. എന്‍.ഡി.എയുടെ നീക്കം നിരീക്ഷിച്ച ശേഷം കാര്യങ്ങള്‍ തീരുമാനിക്കാമെന്ന നിലപാടിലായിരുന്നു തേജസ്വി. അതേസമയം അല്പസമയത്തിനകം മഹാസഖ്യം മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 125 സീറ്റുകളില്‍ എന്‍.ഡി.എ വിജയിച്ചെങ്കിലും പ്രതീക്ഷ കൈവിടാതെ ചെറുപാര്‍ട്ടികളെ കൂട്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ആര്‍.ജെ.ഡിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിലവില്‍ എന്‍.ഡി.എയിലുള്ള രണ്ട് സഖ്യകക്ഷികളുമായി ആര്‍.ജെ.ഡി ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചനകള്‍.

110 സീറ്റുകളാണ് നിലവില്‍ ആര്‍.ജെ.ഡി നയിക്കുന്ന മഹാസഖ്യത്തിനുള്ളത്. സര്‍ക്കാരുണ്ടാക്കാന്‍ 12 സീറ്റുകള്‍ കൂടിയാണ് ഇവര്‍ക്ക് ആവശ്യമായി വരിക. ഇതിനായി എന്‍.ഡി.എക്കൊപ്പമുള്ള മുകേഷ് സഹനി നയിക്കുന്ന വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (സെക്കുലര്‍) എന്നിവയ്‌ക്കൊപ്പം അഞ്ച് സീറ്റുകളുള്ള അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം പാര്‍ട്ടിയുമായും ആര്‍.ജെ.ഡി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വികാശീല്‍ പാര്‍ട്ടിയില്‍ നിന്ന് മത്സരിച്ച പാര്‍ട്ടി തലവന്‍ സഹനി തോറ്റെങ്കിലും ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകളാണ് ഇവര്‍ക്ക് ലഭിച്ചത്. മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കും നാല് സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്.

സര്‍ക്കാരുണ്ടാക്കാന്‍ പറ്റുമോ എന്ന് ശ്രമിക്കുന്നതിലെന്താണ് പ്രശ്‌നമെന്നാണ് ആര്‍.ജെ.ഡി വൃത്തങ്ങള്‍ ചോദിക്കുന്നത്.’ ഒന്ന് ശ്രമിക്കുന്നതില്‍ എന്താണ് തെറ്റ്? വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കും ഞങ്ങളുടെ കൂടെ വരാവുന്നതാണ്. എന്‍.ഡി.എക്ക് വാഗ്ദാനം ചെയ്യാന്‍ പറ്റുന്നതിനെക്കാളും നന്നായി അവരുമായി നല്ല ഡീലുണ്ടാക്കാന്‍ പറ്റുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്. ഉവൈസിയുടെ പാര്‍ട്ടിക്ക് ഞങ്ങളെ പിന്തുണയ്ക്കാന്‍ കഴിയുമോ എന്ന കാര്യവും ശ്രമിച്ച് വരികയാണ്,’ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആര്‍.ജെ.ഡിയുടെ വാഗ്ദാനത്തെ സംബന്ധിച്ച് വികാശീല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ വികാശീല്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. സഹനി ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടാല്‍ ആര്‍.ജെ.ഡി അത് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം എന്‍.ഡി.എ വിട്ട് പോകുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നാണ് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച പറഞ്ഞത്. എന്‍.ഡി.എ വിജയം നേടുമ്പോഴും ഭരണം ഉറപ്പിക്കാനായിട്ടില്ല എന്നാണ് ഇത് നല്‍കുന്ന സൂചന.

ബീഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കാന്‍ പോകുന്ന ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെതിരെ വിമര്‍ശനവുമായി ആര്‍.ജെ.ഡി രംഗത്തെത്തിയിരുന്നു. ജനവിധി നിതീഷ് കുമാറിന് എതിരാണെന്നും ഇനി നിതീഷ് മുഖ്യമന്ത്രിയായാല്‍ പോലും അത് എത്രകാലത്തേക്കാണെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നുമായിരുന്നു ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ നിതീഷ് കുമാറിനോട് പറഞ്ഞത്.

‘പൊതുജനമാണ് യജമാനന്‍മാര്‍, പക്ഷേ അവര്‍ നിങ്ങളെ കൊണ്ടെത്തിച്ച അവസ്ഥ കാണുക. 40 സീറ്റുകള്‍ മാത്രം ലഭിച്ചുകൊണ്ട് മുഖ്യമന്ത്രിയാകാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്.

നിങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുകയാണെങ്കില്‍, അത് നിങ്ങള്‍ക്ക് എതിരാണ്. നിങ്ങള്‍ക്ക് മുഖ്യമന്ത്രി പദം ലഭിക്കുകയാണെങ്കില്‍, അത് എത്രകാലം നിലനില്‍ക്കുമെന്ന് ദൈവത്തിന് മാത്രമറിയാം’ഈ മിഥ്യാധാരണ എത്രത്തോളം നിലനില്‍ക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ.’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tejashwi Yadav says that PM, Nitish Kumar Couldn’t Stop This 31-Year-Old

Latest Stories

We use cookies to give you the best possible experience. Learn more