പാട്‌ന: വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട്.
വി.ഐ.പി അധ്യക്ഷന്‍ മുകേഷ് സഹാനിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. മഹാഗഡ്ബന്ധന്‍ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
സര്‍ക്കാര്‍ രൂപീകരിക്കുക മാത്രമല്ല ബീഹാറിന്റെ വികസനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് തേജസ്വി യാദവ് പറഞ്ഞു. എന്‍.ഡി.എ അവകാശപ്പെടുന്ന ഇരട്ട എഞ്ചിന്‍ സര്‍ക്കാരിനെ പുറത്താക്കാനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. എന്‍.ഡി.എയുടെ ഇരട്ട എഞ്ചിന്‍ എന്നാല്‍ ഒരെണ്ണം അഴിമതിയും മറ്റൊന്ന് കുറ്റകൃത്യവുമാണെന്നും തേജസ്വി വിമര്‍ശിച്ചു.
ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്ക് നന്ദി പറയുന്നെന്നും തേജസ്വി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ജെ.ഡി.യുവിനോട് രാഷ്ട്രീയ വൈര്യമില്ലെന്നും തേജസ്വി വ്യക്തമാക്കി. എന്‍.ഡി.എ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് കാണിക്കുന്നത് അനീതിയാണ്. എന്‍.ഡി.എ ഇതുവരെ വാര്‍ത്താസമ്മേളനം വിളിക്കുകയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല.
നിതീഷിനെ അടുത്ത മുഖ്യമന്ത്രിയാക്കില്ലെന്ന് പറഞ്ഞുനടക്കുന്നത് മറ്റാരുമല്ല, ബി.ജെ.പി നേതാവ് അമിത് ഷായാണെന്നും തേജസ്വി കുറ്റപ്പെടുത്തി.
രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും അവസ്ഥയില്‍ ആശങ്കയുണ്ടെന്ന് അശോക് ഗെഹ്‌ലോട്ടും പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന രീതി രാജ്യത്തിന് ആശങ്കയും ജനാധിപത്യത്തിന് ഭീഷണിയുമാണ്.
ഇക്കാര്യം തുറന്നുപറഞ്ഞാല്‍ മാധ്യമപ്രവര്‍ത്തനോ സെലിബ്രിറ്റിയോ ആണെങ്കില്‍ പോലും ജയിലിലാകും. രാജ്യം ബീഹാറിലേക്ക് ഉറ്റുനോക്കുകയാണ്. ജനങ്ങള്‍ക്ക് വേണ്ടത് മാറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീ വോട്ടര്‍മാര്‍ക്ക് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും ബീഹാര്‍ തെരഞ്ഞെടുപ്പിന് തയ്യാറെടുത്തെന്നും സി.പി.ഐ.എം നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു.
ഏഴ് പാര്‍ട്ടികളുടെ മഹാസഖ്യം ഐക്യത്തോടെ ബീഹാറില്‍ വലിയ മാറ്റം കൊണ്ടുവരുമെന്ന ഉറപ്പ് നല്‍കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തേജസ്വി യാദവ്, അശോക് ഗെഹ്‌ലോട്ട്, ബീഹാര്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള കൃഷ്ണ അല്ലവരു, സി.പി.ഐ.എം നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ, വി.ഐ.പി നേതാവ് മുകേഷ് സഹാനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlight: Bihar elections: Tejashwi Yadav is the chief ministerial candidate of Mahagathbandhan