| Sunday, 25th January 2026, 7:19 pm

ആര്‍.ജെ.ഡിയില്‍ പുതിയ യുഗം; തേജസ്വി യാദവ് വര്‍ക്കിംഗ് പ്രസിഡന്റ്

യെലന കെ.വി

പാട്‌ന: രാഷ്ട്രീയ ജനതാദളിന്റെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി തേജസ്വി യാദവിനെ നിയമിച്ചു. പാറ്റ്നയില്‍ നടന്ന ദേശീയ യോഗത്തില്‍ പാര്‍ട്ടിയുടെ പ്രസിഡന്റും പിതാവുമായ ലാലു പ്രസാദ് യാദവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയായ തേജസ്വിക്ക് പാര്‍ട്ടിയുടെ പൂര്‍ണ്ണ ചുമതല നല്‍കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ലാലു പ്രസാദ് യാദവ് പാര്‍ട്ടിയുടെ അധ്യക്ഷനായി തുടരുമെങ്കിലും അദ്ദേഹത്തിന്റെ അനാരോഗ്യം പരിഗണിച്ച് ദൈനംദിന കാര്യങ്ങളിലുള്ള തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും തേജസ്വിയുടെ കീഴിലാകും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിക്ക് വലിയ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുക കൂടി ലക്ഷ്യം വെച്ചാണ് പുതിയ നീക്കം.

തേജസ്വിയുടെ ഈ സ്ഥാനാരോഹണത്തിന് പിന്നാലെ ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ രംഗത്തെത്തിയിട്ടുണ്ട്. തേജസ്വി യാദവ് വെറും ഒരു ‘കൈപ്പാവ’ ആണെന്നും പാര്‍ട്ടിയെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഗൂഢാലോചനക്കാരായ നുഴഞ്ഞുകയറ്റക്കാരാണെന്നും രോഹിണി ആരോപിച്ചു.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തനിക്കെതിരെ അധിക്ഷേപങ്ങള്‍ ഉണ്ടായെന്നും അതിനാല്‍ രാഷ്ട്രീയത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും തല്‍ക്കാലം വിട്ടുനില്‍ക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

പുറത്താക്കപ്പെട്ട മൂത്ത സഹോദരന്‍ തേജ് പ്രതാപ് യാദവും രോഹിണിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ പാര്‍ട്ടിയിലെ അധികാരക്കൈമാറ്റം വലിയ ആഭ്യന്തര കലഹത്തിലേക്ക് നീങ്ങുന്നതെന്നാണ് വിലയിരുത്തല്‍.

തേജ് പ്രതാപ് നിലവില്‍ ‘ജനശക്തി ജനതാദള്‍’ എന്ന സ്വന്തം പാര്‍ട്ടിയിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. കുടുംബത്തിലെ ഈ ഭിന്നത വരും ദിവസങ്ങളില്‍ ആര്‍.ജെ.ഡിയുടെ രാഷ്ട്രീയ ഭാവിയെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

content highlight: Tejashwi Yadav appointed RJD working president

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more