| Sunday, 23rd November 2025, 6:56 am

തേജസ് തകര്‍ന്നത് ചിത്രീകരിക്കുന്നതിനിടെ പൊട്ടിച്ചിരിച്ചു; പാക് മാധ്യമപ്രവര്‍ത്തകന്റെതെന്ന് പറയുന്ന വീഡിയോയ്‌ക്കെതിരെ സോഷ്യല്‍മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ദുബായ് എയര്‍ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണ സംഭവം ചിത്രീകരിക്കുന്നതിനിടെ പൊട്ടിച്ചിരിക്കുന്ന പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്റെതെന്ന് അവകാശപ്പെടുന്ന വീഡിയോയ്‌ക്കെതിരെ സോഷ്യല്‍മീഡിയ.

അപകടത്തിന് തൊട്ടുപിന്നാലെ പകര്‍ത്തിയതെന്ന് കരുതുന്ന വീഡിയോയില്‍ ഒരാള്‍ പൊട്ടിച്ചിരിക്കുന്നതും വിമാനം താഴെ വീണെന്നു പറയുന്നതും ഭാഗ്യത്തിന് നമ്മള്‍ രക്ഷപ്പെട്ടെന്നും പറയുന്നത് കേള്‍ക്കാം. ഹിന്ദിയിലാണ് സംസാരിക്കുന്നത്.

വൈറലാകുന്ന ഈ വീഡിയോ ഒരു പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്റെതാണെന്ന് സോഷ്യല്‍മീഡിയ പറയുന്നു.

അതേസമയം, ഈ വീഡിയോ വ്യാപകമായി പങ്കുവെച്ച് കടുത്ത വിമര്‍ശനം ഉന്നയിക്കുകയാണ് എക്‌സ് ഉപയോക്താക്കള്‍. ഒരു ജീവന്‍ നഷ്ടപ്പെട്ട അപകടത്തില്‍ പൊട്ടിച്ചിരിക്കുന്നത്  ലജ്ജാകരമാണെന്നും മനുഷ്യത്വത്തിന് തന്നെ അപമാനമാണെന്നും പലരും അഭിപ്രായപ്പെട്ടു.

ശരിക്കും വെറുപ്പുളവാക്കുന്നതാണ് ഈ പ്രതികരണമെന്നും ഇയാള്‍ ആരാണെങ്കിലും കടുത്ത നടപടിയെടുക്കണമെന്ന് യു.എ.ഇ ഭരണകൂടത്തോട് ആവശ്യപ്പെട്ടും നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അതേസമയം, ഈ മാധ്യമപ്രവര്‍ത്തകന് വേണ്ടി ക്ഷമ ചോദിക്കുന്നെന്നും ഇതൊരു വലിയ നഷ്ടമാണെന്നും കുറിച്ച് പാകിസ്ഥാനില്‍ നിന്നുള്ള എക്‌സ് യൂസര്‍ രംഗത്തെത്തിയിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണത്. ദുബായ് എയര്‍ഷോയ്ക്കിടെയായിരുന്നു സംഭവം. അപകടത്തില്‍ വ്യോമസേന വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാല്‍ കൊല്ലപ്പെട്ടിരുന്നു. ഹിമാചല്‍ പ്രദേശ് സ്വദേശിയായ പൈലറ്റാണ് സ്യാല്‍.

എയര്‍ ഷോയുടെ അവസാന ദിവസമാണ് തേജസ് തകര്‍ന്നുവീണത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു. അട്ടിമറി ഉള്‍പ്പെടെയുള്ള കാര്യങ്ങളന്വേഷിക്കുമെന്നാണ് സേന അറിയിച്ചിരിക്കുന്നത്.

അപകടത്തില്‍ കൊല്ലപ്പെട്ട പൈലറ്റിന് കുടുംബത്തിനും അനുശോചനം രേഖപ്പെടുത്തി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും രംഗത്തെത്തിയിരുന്നു.

രാജ്യത്തിന് അഭിമാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തദ്ദേശീയമായി നിര്‍മിച്ച യുദ്ധ വിമാനമാണ് തേജസ്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സാണ് നിര്‍മാതാക്കള്‍.

സിംഗിള്‍ സീറ്റ് ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെടുന്ന യുദ്ധ വിമാനമാണ് തേജസ്. രണ്ട് വര്‍ഷത്തിനിടയില്‍ തേജസ് വിമാനം ഉള്‍പ്പെട്ട രണ്ടാമത്തെ അപകടമായിരുന്നു വെള്ളിയാഴ്ചയിലെത്.

2024 മാര്‍ച്ചില്‍ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ തേജസ് വിമാനം തകര്‍ന്നുവീണിരുന്നു. 2001ലാണ് തേജസ് ചരിത്രത്തിലാദ്യമായി പറന്നുയര്‍ന്ന് അതിനുശേഷമുണ്ടായ ആദ്യത്തെ അപകടമായിരുന്നു 2024ല്‍ സംഭവിച്ചത്.

തേജസ് ജെറ്റിന്റെ പ്രധാന സവിശേഷത അതിന്റെ മാര്‍ട്ടിന്‍-ബേക്കര്‍ സീറോ-സീറോ എജക്ഷന്‍ സീറ്റെന്നാണ് പറയപ്പെടുന്നത്.

ഈ സാങ്കേതിക വിദ്യ പൈലറ്റുമാര്‍ക്ക് ടേക്ക് ഓഫ്, ലാന്‍ഡിങ് തുടങ്ങിയ സമയങ്ങളിലെ ദുര്‍ഘടമായ അവസ്ഥയിലും പൈലറ്റിനെ സുരക്ഷിതമായി ഇജക്ട് ചെയ്യാന്‍ സഹായിക്കുന്നതാണ്. ഈ സംവിധാനമടക്കം തകര്‍ന്നു വീണ തേജസില്‍ പ്രവര്‍ത്തിച്ചില്ലെന്നാണ് വിവരം.

Content Highlight: Tejas fighter jet crash: social media against Pakistan Journalist

We use cookies to give you the best possible experience. Learn more